ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനോട് തോറ്റ് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ ഇന്ത്യന്‍ ടീം അംഗങ്ങളെ കളിയാക്കിയ പാക്കിസ്ഥാന്‍ ആരാധകന് മറുപടിയുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷാമി. കളി കഴിഞ്ഞ ശേഷം ഹസ്തദാനം നടത്തി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്ന ഇന്ത്യന്‍ ടീം അംഗങ്ങളെ ഗ്യാലറിയിലിരുന്ന പാക് ആരാധകര്‍ പേരെടുത്ത് വിളിച്ച് കളിയാക്കിയിരുന്നു. കോലിയോട് ഇപ്പോള്‍ അഹങ്കാരം തീര്‍ന്നല്ലോ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. കോലി ഇത് കേട്ടെങ്കിലും കേട്ടതായി നടിച്ച് ഡ്രസ്സിംഗ് റൂമിലേക്ക് കയറിപ്പോയി.

എന്നാല്‍ മുഹമ്മദ് ഷാമിയോട് അച്ഛനാരാണെന്ന് ചോദിച്ച ആരാധകനുനേര്‍ക്ക് ഷമി ദേഷ്യം മൂത്ത് ഇറങ്ങിച്ചെന്നു. ആരാധകനോട് രൂക്ഷമായി പ്രതികരിക്കാനൊരുങ്ങിയ ഷാമിയെ ഏറ്റവും ഒടുവിലായി എത്തിയ ധോണി ഇടപ്പെട്ട് ഡ്രസ്സിംഗ് റൂമിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഫാദേഴ്സ് ഡേയിലായിരുന്നു ഫൈനല്‍ എന്നതും പാക്കിസ്ഥാന്റെ അച്ഛനാണ് ഇന്ത്യ എന്ന സോഷ്യല്‍ മീഡിയ ട്രോളുകളും മനസില്‍വെച്ചായിരുന്നു പാക് ആരാധകന്റെ ചോദ്യം.

മത്സരത്തില്‍ 180 റണ്‍സിനാണ് ഇന്ത്യന്‍ ടീം തോറ്റത്. പാകിസ്താന്‍ ഉയര്‍ത്തിയ 338 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇന്ത്യ കേവലം 158 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.