ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോറി സെിയില്‍ ഒരുഘട്ടത്തില്‍ ഇന്ത്യക്കെതിരെ 300 കടക്കുമെന്ന് തോന്നിച്ച ബംഗ്ലാദേശിനെ പിടിച്ചുകെട്ടിയത് മധ്യഓവറുകളില്‍ കേദാര്‍ ജാദവിന്റെ അപ്രതീക്ഷിത പ്രഹരമായിരുന്നു. ടോപ് സ്കോററായ തമീം ഇംക്ബാലിനെയും മുഷ്ഫീഖുറിനെയും വീഴ്ത്തി ജാദവ് ഇരട്ട പ്രഹരമേല്‍പ്പിച്ചതോടെ ബംഗ്ലാദേശ് ടോട്ടല്‍ 264 റണ്‍സില്‍ ഒതുങ്ങി. എന്നാല്‍ ബംഗ്ലാദേശ് ശരിക്കും അടിച്ചെടുത്തത് 259 റണ്‍സ് മാത്രമായിരുന്നു. ബാക്കി 5 റണ്‍സ് എങ്ങനെ വന്നുവെന്ന് ചോദിച്ചാല്‍ അത് ധോണിയുടെ ദാനമെന്ന് പറയേണ്ടിവരും.

അശ്വിന്‍ എറിഞ്ഞ മത്സരത്തിന്റെ നാല്‍പതാം ഓവറിലായിരുന്നു ധോണി ബംഗ്ലാദേശിന് 5 റണ്‍സ് ദാനമായി നല്‍കിയത്. അശ്വിനെ സ്വീപ് ചെയ്ത മെഹമ്മദുള്ള സിംഗിളെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഫീല്‍ഡര്‍ നല്‍കിയ ത്രോ കലക്ട് ചെയ്യാനായി ധോണി ഒരു കൈയിലെ ഗ്ലൗസ് ഊരി ഗ്രൗണ്ടിലെറിഞ്ഞു. പന്ത് കൈക്കലാക്കിയശേഷം ധോണി സ്റ്റമ്പിലേക്ക് എറിഞ്ഞപ്പോള്‍ അത് ഉരുണ്ടുചെന്നത് ധോണി ഗ്രൗണ്ടില്‍ ഊരിയിട്ട ഗ്ലൗസിലേക്കായിരുന്നു. റണ്‍ ഔട്ടിന് നേരിയ സാധ്യത ഉണ്ടായിരുന്നെങ്കിലും പന്ത് സ്റ്റമ്പില്‍ കൊണ്ടതുമില്ല.

ഉപയോഗിക്കാതെ കിടന്ന ഗ്ലൗസില്‍ പന്ത് തട്ടിയതിനാല്‍ അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോ ബംഗ്ലാദേശിന് ഇന്ത്യക്ക് അഞ്ച് പെനല്‍റ്റി റണ്‍സ് വിധിക്കുകയായിരുന്നു. ഫലത്തില്‍ സിംഗിളെടുത്ത ബംഗ്ലാദേശിന് ആ പന്തില്‍ ലഭിച്ചത് ആറ് റണ്‍സ്. ബംഗ്ലാദേശ് 259 റണ്‍സടിച്ചപ്പോള്‍ ധോണി നല്‍കിയ 5 റണ്‍സ് കൂടി ചേര്‍തത് ലക്ഷ്യം 264 ആയി ഉയരുകയും ചെയ്തു. ഫീല്‍ഡിംഗ് ടീം ഉപയോഗിക്കുന്ന ഹെല്‍മറ്റ്, ഗ്ലൗസ്, പാഡ് തുടങ്ങിയ ഉപകരണങ്ങള്‍ കളിയില്‍ ഉപയോഗത്തിലില്ലാതിരിക്കുമ്പോള്‍ അതില്‍ പന്ത് തട്ടിയാല്‍ അഞ്ച് റണ്‍സ് എതിര്‍ ടീമിന് ലഭിക്കും. ഇതിനാലാണ് വിക്കറ്റ് കീപ്പര്‍ ഉപയോഗിക്കുന്ന ഹെല്‍മറ്റ് ഉപയോഗിക്കാതിരിക്കുമ്പോള്‍ കീപ്പറുടെ നേരെ പുറകില്‍ വെക്കുന്നത്.