ലണ്ടന്‍: മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ഓടിച്ചിരുന്ന കാര്‍ പാകിസ്ഥാന്‍ ആരാധകര്‍ ആക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. പാക് ആരാധകരുടെ ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ട്-പാകിസ്ഥാന്‍ സെമിഫൈനല്‍ മല്‍സരത്തിനുശേഷമാണ് സംഭവമുണ്ടായതെന്ന് പ്രചരിക്കുന്ന വീഡിയോയ്‌ക്കൊപ്പമുള്ള പോസ്റ്റുകളില്‍ പറയുന്നത്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് ഗാംഗുലി പ്രതികരിച്ചിട്ടുമില്ല.
ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ പാകിസ്ഥാന്‍ ജയിച്ചിരുന്നു. പാകിസ്ഥാന്റെ ജയത്തിനുശേഷം സ്റ്റേഡിയത്തിന് പുറത്ത് പാക് ആരാധകരുടെ ആഹ്ലാദപ്രകടനം നടക്കുകയായിരുന്നു. ഈ സമയം ടി വി കമന്റേറ്ററായിരുന്ന ഗാംഗുലി ഹോട്ടല്‍ മുറിയിലേക്ക് മടങ്ങാനായി കാറില്‍ എത്തുമ്പോഴാണ്, പാക് ആരാധകര്‍ കാര്‍ തടയുകയും തടിച്ചുകൂടുകയും ചെയ്‌തത്. കാറിന് മുകളില്‍ പാക് ദേശീയപതാക വീശുകയും ചെയ്തു. ഈ സമയമത്രയും ചെറുപുഞ്ചിരിയോടെ കാറിനുള്ളില്‍ തന്നെ ഇരിക്കുകയായിരുന്നു ഗാംഗുലി. അല്‍പ്പസമയത്തിനകം പാക് ആരാധകര്‍ ഗാംഗുലിയുടെ കാര്‍ കടത്തിവിടുകയും ചെയ്യുന്നുണ്ട്.
സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി ഇന്ത്യന്‍ ആരാധകര്‍ രംഗത്തുവന്നിട്ടുണ്ട്. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും രൂക്ഷമായ വിമര്‍ശനമാണ് ഇന്ത്യന്‍ ആരാധകര്‍ ഉന്നയിക്കുന്നത്. ഇന്ത്യ-പാകിസ്ഥാന്‍ ഫൈനല്‍ നടക്കാന്‍പോകുന്ന സാഹചര്യത്തില്‍ ഇരു ആരാധകരും തമ്മിലുള്ള വാക്‌പോരിന് ചൂടേറിയിട്ടുണ്ട്. അതേസമയം ഗാംഗുലിയെ അപമാനിച്ച സംഭവത്തില്‍ മാപ്പ് ചോദിച്ച് നിരവധി പാക് ആരാധകരും രംഗത്തുവന്നിട്ടുണ്ട്. പാക് ആരാധകരുടെ മോശം പെരുമാറ്റത്തില്‍ ഹൃദയത്തില്‍ തൊട്ട് മാപ്പ് ചോദിക്കുന്നതായും ചില പാക് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
വീഡിയോ കാണാം...

