ഓവല്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന് കന്നി കിരീടം. ചിരവൈരികളായ ഇന്ത്യയെ 180 റണ്‍സിന് തകര്‍ത്താണ് പാകിസ്ഥാന്‍ കിരീടം നേടിയത്. ഇന്ത്യന്‍ ബൗളര്‍മാരും പിന്നീട് ബാറ്റ്‌സ്‌മാന്‍മാരും നിരുത്തരവാദപരമായി കളിച്ചപ്പോള്‍ ആധികാരിക ജയത്തോടെയാണ് പാകിസ്ഥാന്‍ കിരീടം നേടിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 339 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ഇന്നിംഗ്സ് 30.3 ഓവറില്‍ 158 റണ്‍സിന് അവസാനിക്കുകയായിരുന്നു. ബൗളര്‍മാരുടെ മോശം പ്രകടനത്തിന് പിന്നാലെ രോഹിത് ശര്‍മ്മ(പൂജ്യം), ശിഖര്‍ ധവാന്‍(21), വിരാട് കോലി(അഞ്ച്), യുവരാജ് സിങ്(22), എം എസ് ധോണി(നാല്) എന്നിവര്‍ കൂട്ടത്തോടെ നിരാശപ്പെടുത്തിയതാണ് ഇന്ത്യയുടെ വമ്പന്‍ തോല്‍വിക്ക് പ്രധാന കാരണം.
സ്‌കോര്‍- പാകിസ്ഥാന്‍ 50 ഓവറില്‍ നാലിന് 338 & ഇന്ത്യ 30.3 ഓവറില്‍ 158ന് പുറത്ത്
പാണ്ഡ്യയുടെ ഒറ്റയാള്‍ പോരാട്ടവും രക്ഷിച്ചില്ല!
മുന്‍നിര തകര്‍ന്നടിഞ്ഞപ്പോഴും വെടിക്കെട്ട് ബാറ്റിങിലൂടെ 76 റണ്‍സെടുത്ത ഹര്‍ദ്ദിക് പാണ്ഡ്യ ആണ് ടോപ്‌സ്‌കോറര്‍. കൂട്ടത്തകര്‍ച്ചയ്‌ക്കിടയിലും പന്തില്‍ 76 റണ്‍സെടുത്ത ഹര്‍ദ്ദിക് പാണ്ഡ്യയുടെ ഇന്നിംഗ്സ് തോല്‍വിയുടെ ആഘാതം കുറയ്‌ക്കാന്‍ സഹായകരമായി. ജഡേജയുമായുള്ള ആശയകുഴപ്പത്തിനൊടുവില്‍ റണ്ണൗട്ടായി പുറത്താകുമ്പോള്‍ ആറു സിക്‌സറും നാലു ബൗണ്ടറികളും ഹര്‍ദ്ദികിന്റെ ബാറ്റില്‍നിന്ന് പറന്നിരുന്നു.
ആമിറിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ടോപ് 3
ഇന്ത്യന്‍ ഇന്നിംഗ്സില്‍ കോലി, രോഹിത്, ധോണി എന്നിവരുള്‍പ്പടെ അഞ്ച് ബാറ്റ്‌സ്‌മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. കഴിഞ്ഞ മല്‍സരങ്ങളില്‍ ഉടനീളം മിന്നിത്തിളങ്ങിയ രോഹിത്, കോലി, ധവാന്‍ എന്നിവരുടെ വിക്കറ്റുകള്‍ സ്വന്തമാക്കിയ മൊഹമ്മദ് ആമിര്‍ ആണ് പാകിസ്ഥാന്റെ വിജയശില്‍പി. ആദ്യ സ്‌പെല്ലില്‍ ആറ് ഓവറില്‍ രണ്ടു മെയ്‌ഡന്‍ ഓവര്‍ ഉള്‍പ്പടെ 16 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ആമിര്‍ മൂന്നു സുപ്രധാന വിക്കറ്റുകളെടുത്തത്. ഹസന്‍ അലിയും മൂന്നു വിക്കറ്റെടുത്തു. ശദാബ് ഖാന്‍ രണ്ടും ജുനൈദ്ഖാന്‍ ഒരു വിക്കറ്റുമെടുത്തു.
ഫഖര്‍ സമാന്‍റെ കന്നിസെഞ്ച്വറി
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത പാകിസ്ഥാന്‍, കോലിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് 50 ഓവറില്‍ 338 റണ്‍സടിച്ചുകൂട്ടുകയായിരുന്നു. കരിയറിലെ കന്നി ഏകദിന സെഞ്ച്വറി നേടിയ ഫഖര്‍ സമന്റെ(114) ഇന്നിംഗ്സാണ് പാകിസ്ഥാന് കരുത്തായത്. പാക് ബാറ്റ്‌സ്‌മാന്‍മാര്‍ തുടക്കംമുതല്‍ക്കേ ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ടു. ഫഖര്‍ സമാന്‍ 92 പന്തില്‍ 12 ബൗണ്ടറികളും രണ്ടു സിക്‌സറും ഉള്‍പ്പടെയാണ് കരിയറിലെ കന്നി ഏകദിനസെഞ്ച്വറി തികച്ചത്. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ചിരവൈരികളായ ഇന്ത്യയ്‌ക്കെതിരെയാണ് കന്നി സെഞ്ച്വറി നേടിയതെന്നത് ഫഖര്‍ സമാന്റെ ക്രിക്കറ്റ് കരിയറില്‍ ശ്രദ്ധേയമായി. അര്‍ദ്ധസെഞ്ച്വറി നേടിയ മറ്റൊരു ഓപ്പണര്‍ അസര്‍ അലിയുടെ ഇന്നിംഗ്സും പാകിസ്ഥാന് മികച്ച തുടക്കം നല്‍കാന്‍ സഹായകമായി. ഫഖര്‍ സമാന്‍-അസര്‍ അലി കൂട്ടുകെട്ട് ഓപ്പണിങ് വിക്കറ്റില്‍ 128 റണ്‍സാണ് അടിച്ചെടുത്തത്. മൊഹമ്മദ് ഹഫീസ്(57), അസര്‍ അലി(59), ബാബര്‍ അസം(44) എന്നിവരും ബാറ്റിങില്‍ തിളങ്ങി.
ഇന്നിംഗ്സിന്റെ തുടക്കം മുതല്‍ ഇന്ത്യന്‍ ബൗളര്‍മാരെ അനായാസമായാണ് പാക് ബാറ്റ്‌സ്‌മാന്‍മാര്‍ നേരിട്ടത്. അശ്വിന്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍ തീര്‍ത്തും നിഷ്‌പ്രഭരായിപ്പോയി. 10 ഓവര്‍ എറിഞ്ഞ അശ്വിന്‍ ഒരു വിക്കറ്റുപോലും നേടാതെ 70 റണ്‍സാണ് വിട്ടുനല്‍കിയത്. ഇന്ത്യയ്‌ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദ്ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
ലീഗ് ഘട്ടത്തില്‍ ഇന്ത്യയോട് 124 റണ്‍സിന് തകര്‍ന്നടിഞ്ഞ പാകിസ്ഥാനാണ് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ് കിരീടം സ്വന്തമാക്കിയത്.
