ഓവല്‍: ഏവരും കാത്തിരുന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തീപാറും പോരാട്ടം തുടരുന്നു. ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിങിന് അയച്ചു. മല്‍സരം 10 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്‌ടം കൂടാതെ 56 റണ്‍സ് എന്ന നിലയിലാണ് പാകിസ്ഥാന്‍. 28 റണ്‍സോടെ അസര്‍ അലിയും 14 റണ്‍സോടെ ഫഖര്‍ സമനുമാണ് ക്രീസില്‍. എക്‌സ്ട്രാസായി ഇന്ത്യന്‍ ബൗളര്‍മാര്‍ ഇതിനോടകം 11 റണ്‍സ് വിട്ടുനല്‍കിയത് പാകിസ്ഥാന് തുണയായിട്ടുണ്ട്. ഇതിനിടയില്‍ പാക് ഓപ്പണര്‍ ഫഖര്‍ സമാനെ ജസ്‌പ്രിത് ബുംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണി പിടികൂടി. എന്നാല്‍ അത് നോബോള്‍ ആയത് പാക് താരത്തിന് രക്ഷയായി.

ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളൊന്നുമില്ല. പരിക്കേറ്റ ആര്‍ അശ്വിന് പകരം ഉമേഷ് യാദവ് വരുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. അതേസമയം പാകിസ്ഥാന്‍ ടീമില്‍ ഒരു മാറ്റമുണ്ട്. ഫിറ്റ്നെസ് വീണ്ടെടുത്ത മൊഹമ്മദ് ആമിര്‍ ടീമിലേക്ക് തിരിച്ചെത്തി. കഴിഞ്ഞ മല്‍സരത്തില്‍ ഏകദിന അരങ്ങേറ്റം കുറിച്ച റുമാന്‍ റയീസിന് പകരമായാണ് ആമിര്‍ ടീമിലേക്ക് തിരിച്ചെത്തിയത്.

അയല്‍ക്കാരായ ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. അതേസമയം ആതിഥേയരും ടൂര്‍ണമെന്റിലെ ഫേവറിറ്റുകളുമായ ഇംഗ്ലണ്ടിനെ തുരത്തിയാണ് പാകിസ്ഥാന്‍ കലാശക്കളിക്ക് ടിക്കറ്റെടുത്തത്.