ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം പുരോഗമിക്കുകയാണ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി പാക്കിസ്ഥാനെ ബൗളിംഗിനെ അയക്കുകയാണ് ചെയ്‍തത്. എന്നാല്‍ ആ തീരുമാനം അത്രകണ്ട് വിജയകരമായിരുന്നില്ല തുടക്കത്തിലെ പാക്കിസ്ഥാന്റെ പ്രകടനം സൂചിപ്പിക്കുന്നത്. 10 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ പാക്കിസ്ഥാന്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 57 റണ്‍സ് എടുത്തിട്ടുണ്ട്. അതേസമയം ബൗളിംഗ് നിരയില്‍ ആര്‍ അശ്വിന് മികച്ച പ്രകടനം പുറത്തെടുക്കാനാകാത്തത് ഇന്ത്യക്ക് തിരിച്ചടിയാകുന്നുണ്ട്.

പരിശീലനത്തിനിടെ ആര്‍ അശ്വിന് പരുക്കേറ്റുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു. അശ്വിന്റെ കാല്‍മുട്ടിനാണ് പരുക്കേറ്റത്. ആദ്യ രണ്ടു മല്‍സരങ്ങളില്‍ അശ്വിനെ കളിപ്പിച്ചിരുന്നില്ല. എന്നാല്‍ അവസാന ഗ്രൂപ്പ് മല്‍സരത്തിലും സെമിഫൈനലിലും കോലി, അശ്വിനെ ടീമിലെടുത്തിരുന്നു. പതിവുപോലെ മികച്ച ബൗളിങ് പുറത്തെടുക്കാന്‍ അശ്വിന് സാധിച്ചില്ല. ശ്രീലങ്കയ്‌ക്കെതിരെ ഒരു വിക്കറ്റാണ് ലഭിച്ചത്. ഇപ്പോള്‍ പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിലും മൂര്‍ച്ചയില്ലാത്ത ബൗളിംഗ് ആണ് അശ്വിന്റേത്. മൂന്ന് ഓവര്‍ എറിഞ്ഞ അശ്വിന്‍ 24 റണ്‍സ് ആണ് വിട്ടുകൊടുത്തത്. അതില്‍ ഒരു സിക്സും രണ്ടും ഫോറും ഉള്‍പ്പെടും. രണ്ടു വൈഡും അശ്വിന്‍ എറിഞ്ഞു.