മുന്നൂറ് ഏകദിന മത്സരങ്ങളില്‍ പങ്കെടുത്ത അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് യുവരാജ് സിംഗ് കഴിഞ്ഞ മത്സരത്തിലൂടെ സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സൂപ്പര്‍ സ്റ്റാറാണ് യുവരാജ് സിംഗ് എന്നാണ് മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് പറയുന്നത്. അതേസമയം ഉടനൊന്നും വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യുവരാജ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. എനിക്ക് മികവ് കാട്ടാന്‍ കഴിയുന്നിടത്തോളം കാലം താന്‍ ഇന്ത്യക്ക് വേണ്ടി മത്സരത്തിനിറങ്ങുമെന്നും യുവരാജ് സിംഗ് പറഞ്ഞു.

യുവരാജ് സിംഗ് ഒരു പ്രതിഭാസമാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഏകദിന ടീമിനെ തെരഞ്ഞെടുത്താല്‍ അതില്‍ എന്തായാലും യുവരാജ് സിംഗ് ഉണ്ടാകും. ആര്‍ക്കും യുവരാജ് സിംഗിനെ ഒഴിവാക്കാനാകില്ല- രാഹുല്‍ ദ്രാവിഡ് പറയുന്നു.

രണ്ടായിരത്തില്‍ കെനിയയ്‍‌ക്ക് എതിരെ നടന്ന മത്സരത്തിലൂടെയാണ് യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റിലെത്തുന്നത്. തുടര്‍ന്ന് 2011ലെ ലോകകപ്പ് വിജയത്തില്‍ അടക്കം യുവരാജ് സിംഗ് ഇന്ത്യയുടെ നിര്‍ണ്ണായക താരമായിരുന്നു. ലോകകപ്പില്‍ യുവരാജ് സിംഗ് ആയിരുന്നു മാന്‍ ഓഫ് ദ സീരിസും.