ഇന്ത്യ ആദ്യം ബാറ്റ് ചെയ്താലും രണ്ടാമത് ബാറ്റ് ചെയ്താലും ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് അടിത്തറ ഒരുക്കിയത് രണ്ടുപേരായിരുന്നു. അത് മറ്റാരെയുമല്ല, ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും. ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച അടിത്തറയൊരുക്കി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായവരാണ് ഇരുവരും. പക്ഷേ പാക്കിസ്ഥാനെതിരെ മാത്രം ആ കൂട്ടുകെട്ട് വിജയം കണ്ടില്ല.
രോഹിത് ശര്‍മ്മ റണ്‍സ് ഒന്നും എടുക്കാതെ ആദ്യ ഓവറില്‍ പുറത്തായി. ശിഖര്‍ ധവാന്‍ 22 പന്തുകളില്‍ നിന്ന് ഒരു ഫോര്‍ ഉള്‍പ്പടെ 21 റണ്സ് എടുത്തും പുറത്തായി.
ഫൈനലിനു മുന്നേ രോഹിത് ശര്‍മ്മ ഇതുവരെയായി 101.33 ബാറ്റിംഗ് ശരാശരിയില്‍ 304 റണ്‍സ് ആയിരുന്നു എടുത്തിരുന്നത്. ശിഖര്‍ ധവാന്‍ 79.25 ശരാശരിയില്‍ 317 റണ്‍സും. ഇവര്‍ രണ്ട് പേരും മാത്രമാണ് ഇത്തവണ 300 റണ്‍സിലധികം നേടിയ ബാറ്റ്‍സ്മാന്‍മാരും. 253 റണ്‍സുമായി വിരാട് കോലിയായിരുന്നു അഞ്ചാം സ്ഥാനത്ത്. ഇന്ന് വിരാട് കോലിക്ക് അഞ്ച് റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ.
ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ജയിച്ചപ്പോള്‍ രോഹിത് ശര്‍മ്മ 91 റണ്‍സ് ആയിരുന്നു എടുത്തിരുന്നത്. ശിഖര്‍ ധവാന്‍ 68ഉം. ഇരുവരും ചേര്‍ന്ന് 136 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി ഇന്ത്യന്‍ ബാറ്റിംഗിന് അടിത്തറയിട്ട ശേഷമായിരുന്നു പിരിഞ്ഞത്. പിന്നീട് നടന്ന മത്സരത്തില്‍ ശ്രീലങ്കയോട് പരാജയപ്പെട്ടെങ്കിലും ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ നേടാനായതും ഇരുവരുടെയും കൂട്ടുകെട്ടിന്റെ അടിത്തറയില്‍ നിന്നുകൊണ്ടാണ്. 138 റണ്‍സ് ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തതിനു ശേഷമാണ് ഇരുവരും പിരിഞ്ഞത്. രോഹിത് ശര്‍മ്മ 78ഉം ശിഖര്‍ ധവാന്‍ 125ഉം റണ്‍സ് ആയിരുന്നു എടുത്തത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള മത്സരത്തില്‍ പക്ഷേ ഇവര്‍ക്ക് സെഞ്ച്വറി കൂട്ടുകെട്ട് ഉണ്ടാക്കാനായില്ല. 12 റണ്‍സ് മാത്രമെടുത്ത് രോഹിത് ശര്‍മ്മ മടങ്ങി. ശിഖര്‍ ധവാന്‍ 78 റണ്‍സ് എടുത്തു. 23 റണ്‍സിന്റെ മാത്രം കൂട്ടുകെട്ടായിരുന്നു. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ 87 റണ്‍സിന്റെ കൂട്ടുകെട്ടായിരുന്നു ഇവരുടേത്. രോഹിത് ശര്‍മ്മ പക്ഷേ 123 റണ്‍സുമായി കാട്ടി. ശിഖര്‍ ധവാന്‍ 46 റണ്‍സ് എടുത്തു.
