ബൗളര്‍മാരെ നാലുപാടും അടിച്ചുപറത്തിയ ബാറ്റ്‌സ‌‌്മാനായിരുന്നു വീരേന്ദര്‍ സെവാഗ്. എന്നാല്‍ അദ്ദേഹം ക്രിക്കറ്റില്‍ സജീവമായി തുടങ്ങിയ ആദ്യകാലത്ത്, ഹിന്ദിയിലായിരുന്നു സംസാരം. ഇംഗ്ലീഷ് നന്നായി അറിയാത്തതുകൊണ്ടായിരുന്നു ഇത്. ഇംഗ്ലീഷ് സംസാരത്തിന്റെ പേരില്‍ വീരു കുറെയധികം കളിയാക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട്, സെവാഗ് കുറേശ്ശെയായി ഇംഗ്ലീഷ് സംസാരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ നന്നായി ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും സെവാഗിന് സാധിക്കും. പൊതുവെ ഇംഗ്ലീഷ് സംസാരത്തില്‍ ദുര്‍ബലരാണ് പാകിസ്ഥാന്‍കാര്‍. അതുകൊണ്ടുതന്നെ അവര്‍ മാധ്യമങ്ങളുമായി അധികം സംസാരിക്കാറില്ല. തട്ടിക്കൂട്ടി എന്തെങ്കിലും പറഞ്ഞൊപ്പിക്കും. ഇതേ പ്രശ്‌നമാണ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദും നേരിടുന്നത്. കഴിഞ്ഞദിവസം സര്‍ഫ്രാസ് അഹമ്മദ് പത്രസമ്മേളനത്തില്‍ ഇംഗ്ലീഷ് അറിയാതെ തപ്പിത്തടയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിപ്പോയി. പലരും ഇതിന്റെ പേരില്‍ സര്‍ഫ്രാസിനെ കളിയാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ഫ്രാസിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സാക്ഷാല്‍ വീരേന്ദര്‍ സെവാഗ്. ട്വിറ്ററിലൂടെയാണ് സെവാഗ്, സര്‍ഫ്രാസിന് പിന്തുണ അറിയിച്ചത്. ഇംഗ്ലീഷ് അറിയാത്തതിന്റെ പേരില്‍ സര്‍ഫ്രാസിനെ വിമര്‍ശിക്കുന്നത് ഭ്രാന്തത്തരമാണ്. നന്നായി കളിക്കുയെന്നതാണ് സര്‍ഫ്രാസിന്റെ ഉത്തരവാദിത്വം. അത് അദ്ദേഹം നന്നായി നിര്‍വ്വഹിക്കുകയും, പാകിസ്ഥാനെ ഫൈനലിലെത്തിക്കുകയും ചെയ്‌തിട്ടുണ്ട് - സെവാഗ് ട്വിറ്ററില്‍ കുറിച്ചു.