ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചതും, വീരേന്ദര്‍ സെവാഗ് അയച്ച സി.വി വിവാദമായതും കുറച്ചുമുമ്പാണ്. വെറും രണ്ടു വരി മാത്രമുള്ളതായിരുന്നു വീരുവിന്റെ സി.വി എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. എന്നാല്‍ അത്തരത്തിലൊരു സി.വി താന്‍ അയച്ചിട്ടില്ലെന്ന വാദവുമായി സെവാഗ് രംഗത്തുവന്നിരിക്കുകയാണ്. യുസിവെബിന് നല്‍കിയ അഭിമുഖത്തിലാണ് സെവാഗ് ഇക്കാര്യം പറഞ്ഞത്. താന്‍ അയച്ചെന്ന് പറയുന്ന ആ സി.വി ഏതെങ്കിലും മാധ്യമങ്ങള്‍ തന്നാല്‍ ഒത്തിരി സന്തോഷമാകുമെന്നും സെവാഗ് പറഞ്ഞു. താന്‍ ഇതുവരെ കളിച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ച ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണെന്ന് സെവാഗ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന കളിക്കാരെ വിശ്വാസത്തിലെടുത്താണ് ഗാംഗുലി മുന്നോട്ടുപോയിരുന്നത്. ക്ഷമയോടെ കളിക്കാന്‍ തന്നെ പഠിപ്പിച്ചത് ഗാംഗുലിയാണ്. എന്നാല്‍ തനിക്ക് ആത്മവിശ്വാസം നല്‍കിയത് സച്ചിന്‍ ടെന്‍ഡുല്‍ക്കറാണെന്നും, ഇതുകാരണമാണ് തന്റെ ചില അന്ധവിശ്വാസങ്ങള്‍ അവസാനിച്ചതെന്നും സെവാഗ് പറഞ്ഞു. ചാംപ്യന്‍സ് ട്രോഫിയോടെ നിലവിലെ പരിശീലകന്‍ അനില്‍ കുംബ്ലെയുടെ കാലാവധി അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ അപേക്ഷകള്‍ ബിസിസിഐ ക്ഷണിച്ചത്. ഇതിന് സെവാഗ് അയച്ച സി.വി എന്ന പേരില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതാണ് വിവാദത്തിന് അടിസ്ഥാനം. രണ്ടു വരി മാത്രമുള്ള സിവിയാണ് സെവാഗ് അയച്ചതെന്നായിരുന്നു വാര്‍ത്തകള്‍. ഇതിനോടാണ് സെവാഗ് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.