ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ബംഗ്ലാദേശിനെ കീഴടക്കി ഫൈനലിലെത്തിയ ഇന്ത്യക്ക് ആശംസയുമായി ക്രിക്കറ്റ് ലോകം. ട്വീറ്റുകള്‍കൊണ്ട് എതിരാളികളെ ട്രോളാറുള്ള വീരേന്ദര്‍ സെവാഗ് ഇത്തവണ ഒറ്റ ട്വീറ്റുകൊണ്ട് പാക്കിസ്ഥാനും ബംഗ്ലാദേശിനും കൊട്ടുകൊടുത്തിട്ടുണ്ട്. പാക്കിസ്ഥാനെതിരായ മത്സരശേഷം സെവഗിട്ട ട്വീറ്റില്‍ പാകിസ്താനെ ഇന്ത്യയുടെ മകനായും ബംഗ്ലാദേശിനെ ഇന്ത്യയുടെ കൊച്ചുമകനായുമായി വിശേഷിപ്പിച്ചിരുന്നു. ഇത്തവണയും അങ്ങനെ തന്നെയാണ് സെവാഗ് പറയുന്നത്, നന്നായി പരിശ്രമിച്ചു കൊച്ചുമകനെ. സെമിവരെയെത്തിയ പ്രകടനം മികച്ചതായിരുന്നു. കുടംബകാര്യമാണ്. ഫാദേഴ്സ് ഡേ ദിവസം മകനുമായി ഫൈനല്‍ ആണ്. എല്ലാം തമാശയായി എടുക്കണം, സീരിയസ് ആയി കാണരുതെന്നാണ് വീരുവിന്റെ ട്വീറ്റ്.
ഇന്ത്യന്‍ വിജയത്തില്‍ അഭിനന്ദനവുമായി ഹര്‍ഭജന്‍ സിംഗിന്റെ ട്വീറ്റും വ്യത്യസ്തമായിരുന്നു. പച്ച ജേഴ്സിക്കാര്‍ക്കെതിരെ മൂന്നാം ജയം(പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് മൂന്നു ടീമും പച്ച ജേഴ്സിയാണ് ധരിക്കാറ്) ഓവലില്‍ നീലക്കുപ്പായക്കാര്‍ കിരീടമുയര്‍ത്തുമെന്നായിരുന്നു ഭാജിയുടെ ട്വീറ്റ്.
സച്ചിനും ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. ഫൈനലിന് ഇന്ത്യക്ക് എല്ലാവിധ ആശംസയും സച്ചിന്‍ നേര്‍ന്നു.
സുരേഷ് റെയ്നയാണ് അഭിനന്ദനവുമായി എത്തിയ മറ്റൊരു താരം.
ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടി 10 വര്‍ഷത്തിനുശേഷം മറ്റൊരു ഇന്ത്യാ-പാക് ഫൈനല്‍, കമോണ്‍ ഇന്ത്യാ എന്നായിരുന്നു മുഹമ്മദ് കൈഫിന്റെ ട്വീറ്റ്.
