ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ നാളെ ബംഗ്ലാദേശിനെ നേരിടാനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ അശ്വിനുണ്ടാവുമെന്ന് ക്യാപ്റ്റന്‍ വിരാട് കോലി. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ടീമില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും മത്സരത്തിന്റെ തലേന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോലി പറഞ്ഞു.
സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ തിളങ്ങിയ ഉമേഷ് യാദവിന് നാളെ അവസരം നല്‍കുമോ എന്ന ചോദ്യത്തിന് സന്നാഹ മത്സരത്തില്‍ നിരവധി താരങ്ങള്‍ തിളങ്ങിയിരുന്നുവെന്നും അതിനര്‍ഥം അവര്‍ക്കെല്ലാം നാളെ അവസരം കൊടുക്കുമെന്നല്ലെന്നുമായിരുന്നു കോലിയുടെ മറുപടി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അശ്വിന്‍ ഉജ്ജ്വലമായാണ് പന്തെറിഞ്ഞത്.
ടീം ഒന്നടങ്കം മികച്ച പ്രകടനം പുറത്തെടുത്തു. അതുകൊണ്ടുതന്നെ അതില്‍ എന്തെങ്കിലും മാറ്റം വരുത്തണമെന്ന് കരുതുന്നില്ലെന്നും കോലി വ്യക്തമാക്കി. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ 240 റണ്‍സിനായിരുന്നു ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്. മത്സരത്തില്‍ ഉമേഷ് യാദവ് മൂന്ന് വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങിയിരുന്നു.
