ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെതിരെ ദയനീയ തോല്‍വിക്ക് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലിയും കോച്ച് അനില്‍ കുംബ്ലെയും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതായി റിപ്പോര്‍ട്ട്. പരിശീലകനെന്ന നിലയില്‍ കുംബ്ലെയ്ക്ക് ഒരവസരം കൂടി നല്‍കുന്നതിനെ താന്‍ അനുകൂലിക്കുന്നില്ലെന്ന് കോലി ബിസിസിഐ ഉപദേശകസമിതിയോട് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. ഫൈനലിന് മുമ്പ് ശനിയാഴ്ച ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരുമായി കോലി ഒരു മണിക്കൂര്‍ നേരം ചര്‍ച്ച നടത്തിയതായി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

ഉപദേശക സമിതി അംഗങ്ങള്‍ക്കൊപ്പം ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, സിഇഒ രാഹുല്‍ ജോഹ്‌റി, ജനറല്‍ മാനേജര്‍ എംവി ശ്രീധര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. ഈ ആവസരത്തിലാണ് കുംബ്ലെയ്ക്കെതിരെ കോലി പരസ്യനിലപാടെടുത്തത്. ഇരുവരും തമ്മിലുള്ള ബന്ധം പരിഹരിക്കാനാവാത്തവിധം വഷളായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോലി തന്റെ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി കുംബ്ലെയെ അനുനയിപ്പിക്കാന്‍ കഴിയുമോ എന്നാണ് ഉപദേശക സമിതിയുടെ ആലോചന. കുംബ്ലെയുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം തീരുമാനം എടുക്കാമെന്നാണ് ഉപദേശക സമിതിയുടെ നിലപാട്.അതേസമയം കുംബ്ലെയ്ക്ക് കീഴില്‍ ടീം നേട്ടം കൈവരിച്ചിട്ടുള്ളതിനാല്‍ അദ്ദേഹത്തെ ഒറ്റയടിക്ക് ഒഴിവാക്കുക സാധ്യമല്ല. എന്നാല്‍ ടീമിനും നായകനും താല്‍പ്പര്യമില്ലാത്ത പരിശീലകനെ മുന്‍നിര്‍ത്തി എങ്ങനെ മുന്നോട്ട് പോകുമെന്നാണ് ആശങ്ക. ഇത് ഭാവിയിലും ഭിന്നത രൂക്ഷമാക്കുകയേള്ളൂ. അതുകൊണ്ടു തന്നെ ആരെ ഒഴിവാക്കുമെന്ന ധര്‍മസങ്കടത്തിലാണ് ടീം മാനേജ്‌മെന്റ്.