ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ മല്‍സരം കാണാന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയയും. സാനിയ മിര്‍സ ഏത് ടീമിനെയാകും പിന്തുണയ്‌ക്കുക? ഇന്ത്യയെയോ അതോ പാകിസ്ഥാനെയോ? ഇങ്ങനെയൊരു ചോദ്യം ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ഉയരുക സ്വാഭാവികമാണ്. സാനിയയെ സംബന്ധിച്ചിടത്തോളം ശരിക്കും കുഴങ്ങിപ്പോകേണ്ട ചോദ്യമാണിത്. എന്തെന്ന് വെച്ചാല്‍ ഒരു വശത്ത് തന്റെ സ്വന്തം രാജ്യവും മറുവശത്ത് സ്വന്തം ഭര്‍ത്താവ് അണിനിരക്കുന്ന ചിരവൈരികളായ ടീമും. എന്നാല്‍ ഇക്കാര്യത്തില്‍ സാനിയയ്‌ക്ക് ഒരു ആശങ്കയും ഇല്ല. ട്വിറ്ററിലൂടെ ഇതിനുള്ള മറുപടി അവര്‍ നല്‍കിയിട്ടുണ്ട്. സാനിയയുടെ മറുപടി ഇങ്ങനെ- ഞാന്‍ വിവാഹം കഴിച്ചിരിക്കുന്നത് പാക് ടീമില്‍ കളിക്കുന്ന ഷൊയ്ബ് മാലികിനെയാണ്. ഞാന്‍ ഒരു ഇന്ത്യക്കാരിയാണ്. മരണം വരെ ഇന്ത്യക്കാരി ആയിരിക്കുകയും ചെയ്യും. അതേസമയം അടുത്തിടെ 250 ഏകദിനങ്ങള്‍ തികച്ച തന്റെ ഭര്‍ത്താവ് ഷൊയ്ബ് മാലിക് പാക് ക്രിക്കറ്റിന് നല്‍കുന്ന സംഭാവനകളെക്കുറിച്ചും സാനിയ വാചാലയായി. പാകിസ്ഥാനുവേണ്ടി ഏറെ അര്‍പ്പണബോധത്തോടെയാണ് ഷൊയ്ബ് കളിക്കുന്നത്. അതില്‍ താനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഏറെ അഭിമാനിക്കുന്നുവെന്നും സാനിയ പറഞ്ഞു.