ദില്ലി: രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ ഏപ്രില്‍ മാസത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ കണക്ക്. നഗരങ്ങളിലെ വരിക്കാരുടെ എണ്ണം 90 ലക്ഷം ഇടിഞ്ഞു. ഗ്രാമങ്ങളിലെ വരിക്കാരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി.

ഉത്തര്‍പ്രദേശില്‍ മാത്രമാണ് വരിക്കാരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയത്, 1.3 ശതമാനം. വൊഡഫോണ്‍ ഐഡിയക്ക് 45 ലക്ഷം വരിക്കാരെ നഷ്ടമായി. എയര്‍ടെലിന്റെ വരിക്കാരുടെ എണ്ണം 52 ലക്ഷം ഇടിഞ്ഞു. അതേസമയം റിലയന്‍സ് ജിയോയുടെ വരിക്കാരുടെ എണ്ണം 16 ലക്ഷം ഉയര്‍ന്നു. 

നിലവില്‍ രാജ്യത്തെ വയര്‍ലെസ് ഫോണ്‍ വിപണിയില്‍ 33.85 ശതമാനം പേരും ജിയോ ഉപഭോക്താക്കളാണ്. എയര്‍ടെല്ലിന് 28.06 ശതമാനവും ഐഡിയക്ക് 27.37 ശതമാനവും ഉപഭോക്താക്കളാണ് ഉള്ളത്.

രാജ്യത്തെ ടെലിഫോണ്‍ ഉപഭോക്താത്കളുടെ എണ്ണം ഒരു ശതമാനം ഇടിഞ്ഞ് 1169.44 ദശലക്ഷത്തിലേക്കെത്തി. നഗരങ്ങളിലെ ടെലിഫോണ്‍ വരിക്കാരുടെ എണ്ണം 647.19 ദശലക്ഷത്തിലേക്ക് ഇടിഞ്ഞു. അതേസമയം ഗ്രാമങ്ങളില്‍ വരിക്കാരുടെ എണ്ണം 522.24 ദശലക്ഷത്തിലേക്ക് ഉയര്‍ന്നു.

ആക്ടീവ് വരിക്കാരുടെ എണ്ണത്തില്‍ ഇപ്പോഴും എയര്‍ടെല്‍ തന്നെയാണ് മുന്നിലുള്ളത്, 95.26 ശതമാനം. വൊഡഫോണ്‍ ഐഡിയയുടേത് 88.5 ശതമാനവും ജിയോയുടേത് 78.75 ശതമാനവുമാണ്. മാര്‍ച്ചില്‍ ജിയോയുടെ ആക്ടീവ് വരിക്കാരുടെ എണ്ണം 80.93 ശതമാനമായിരുന്നു. ബ്രോഡ്ബാന്റ് വിപണിയില്‍ ജിയോയ്ക്കാണ് മുന്നേറ്റം. 57.68 ശതമാനം. എയര്‍ടെല്‍ 21.41 ശതമാനം വരിക്കാരുമായി രണ്ടാമതും വൊഡഫോണ്‍ ഐഡിയ 16.47 ശതമാനം വരിക്കാരുമായി മൂന്നാമതുമാണ്.