Asianet News MalayalamAsianet News Malayalam

എയര്‍ ഇന്ത്യ വില്‍പ്പന: കേന്ദ്രസര്‍ക്കാരിന്‌റെ ഏറ്റവും പുതിയ ഓഫറിനെ കുറിച്ച് അറിയേണ്ടതെല്ലാം

പുതിയ നീക്കത്തിലൂടെ എയര്‍ ഇന്ത്യയുടെയും എയർ ഇന്ത്യ എക്‌സ്പ്രസിന്റെയും നൂറ് ശതമാനം ഓഹരിയും സ്വകാര്യ മേഖലയ്ക്ക് കൈമാറും. 

air India share sale, central government new offer sale
Author
New Delhi, First Published Jan 27, 2020, 6:26 PM IST

എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ താത്പര്യമുള്ളവരോട് മാര്‍ച്ച് 17 ന് മുന്‍പ് താത്പര്യപത്രം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കനത്ത നഷ്ടം നേരിടുന്ന ഈ പൊതുമേഖലാ സ്ഥാപനത്തിന്‌റെ നൂറ് ശതമാനം ഓഹരികളും സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള അറ്റകൈ പ്രയോഗമാണ് ഇപ്പോൾ കേന്ദ്രസര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഇനിയും നഷ്ടം സഹിച്ച് ഈ വെള്ളാനയെ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന നിലപാടിലാണ് കേന്ദ്രം.

പുതിയ നീക്കത്തിലൂടെ എയര്‍ ഇന്ത്യയുടെയും എയർ ഇന്ത്യ എക്‌സ്പ്രസിന്റെയും നൂറ് ശതമാനം ഓഹരിയും സ്വകാര്യ മേഖലയ്ക്ക് കൈമാറും. എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ (ഐസാറ്റ്‌സ്) എന്ന, എയര്‍ ഇന്ത്യയുടെ കൂടി ഉടമസ്ഥതയിലുള്ള കമ്പനിയുടെ 50 ശതമാനം ഓഹരികളും സ്വകാര്യ മേഖലയ്ക്ക് കൈമാറും. ഇതോടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്‌റെ സമ്പൂര്‍ണ നിയന്ത്രണാവകാശം ഇതേറ്റെടുക്കുന്ന സ്വകാര്യ വ്യക്തിക്കോ, സ്ഥാപനത്തിനോ ആയിരിക്കും.

ഐസാറ്റ്‌സിന്‌റെ 50 ശതമാനം ഓഹരി  സിങ്കപ്പൂര്‍ എയര്‍ലൈന്‍സിനാണ്. എയര്‍ ഇന്ത്യയ്ക്ക് ഉടമസ്ഥാവകാശമുള്ള എയര്‍ ഇന്ത്യ എഞ്ചിനീയറിങ് സര്‍വീസസ്, എയര്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട് സര്‍വീസസ്, എയര്‍ലൈൻ അല്ലീഡ് സര്‍വീസസ്, ഹോട്ടല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങള്‍ എയര്‍ ഇന്ത്യ അസറ്റ്‌സ് ഹോള്‍ഡിങ് ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴിലേക്ക് മാറ്റും. എയര്‍ ഇന്ത്യയുടെ ഓഹരിവില്‍പ്പനയില്‍ ഈ ഉപകമ്പനികള്‍ ഭാഗമാകില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതിനാല്‍ തന്നെ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഏറ്റെടുക്കുന്നവര്‍ക്ക് 23,286.5 കോടി നഷ്ടം സഹിച്ചാല്‍ മതി. ശേഷിച്ച നഷ്ടം എയര്‍ ഇന്ത്യ അസറ്റ്‌സ് ഹോള്‍ഡിങ് ലിമിറ്റഡ് എന്ന കമ്പനിയിലേക്ക്
മാറ്റും. ഫലത്തിൽ നഷ്ടത്തിന്റെ സിംഹഭാഗവും കേന്ദ്രസർക്കാർ തന്നെ ചുമക്കേണ്ടി വരും.

എംപ്ലോയീസ് സ്‌റ്റോക് ഓപ്ഷൻ പ്രോഗ്രാമിലൂടെ ജീവനക്കാര്‍ക്ക് ഡിസ്‌കൗണ്ട് നിരക്കില്‍ ഷെയറുകള്‍ നൽകാൻ നീക്കം നടത്തുന്നുണ്ട്. 98 കോടി ഓഹരികളാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. സ്ഥിരം ജീവനക്കാരടക്കം 16,077 പേരാണ് 2019 നവംബര്‍ ഒന്നിലെ കണക്ക് പ്രകാരം എയര്‍ ഇന്ത്യയിലുള്ള ജീവനക്കാർ.

എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ 2018 ലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കമ്പനിയുടെ മാനേജ്‌മെന്‌റ് കണ്‍ട്രോള്‍ അടക്കം നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നിട്ടും ആരും
മുന്നോട്ട് വന്നിരുന്നില്ല. വിമാനക്കമ്പനി വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‌റെ അറ്റകൈ പ്രയോഗമാണ് ഇപ്പോഴത്തെ നൂറ് ശതംമാനം ഓഹരി വില്‍പ്പന.

Follow Us:
Download App:
  • android
  • ios