ദില്ലി: ആമസോൺ അതിന്റെ നിയമപരമായ അവകാശങ്ങളെ തെറ്റായി ചിത്രീകരിക്കുന്നുണ്ടെന്നും ഫ്യൂച്ചർ ഗ്രൂപ്പിന്റെ റിലയൻസ് റീട്ടെയിൽ വെഞ്ച്വർ ലിമിറ്റഡുമായുള്ള (ആർആർവിഎൽ) ബിസിനസ്സ് ഇടപാട് തകർക്കാൻ അനുവദിക്കരുതെന്നും ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡ് (എഫ്ആർഎൽ) ദില്ലി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ഈസ്റ്റ് ഇന്ത്യാ കമ്പനിയെപ്പോലെയാണ് പെരുമാറുന്നതെന്നും വിപണിയിലെ മത്സരാടിസ്ഥിത അവസ്ഥയെ തകർക്കാൻ ശ്രമിക്കുകയാണെന്നും മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പറഞ്ഞു.

"എഫ്ആർഎല്ലിന്റെ ഇടപാടുകളെ നിയന്ത്രിക്കാൻ അവകാശമുണ്ടെന്ന് ആമസോൺ കരുതുന്നു. ഇത്തരത്തിലുള്ള സാഹചര്യം വിപണിയിലെ മത്സരത്തെ നശിപ്പിക്കുന്നു. ഈ ഇടപാട് ഇല്ലാതാക്കുന്നതിൽ നിന്ന് ആമസോണിനെ തടയുക,". അഭിഭാഷകൻ ഹരീഷ് സാൽവെ പറഞ്ഞു.

ആർആർവിഎല്ലിന്റെ കരാറിനെതിരെ സിസിഐ പോലുള്ള റെഗുലേറ്ററി ബോഡികളെ സമീപിക്കുന്നതിൽ നിന്ന് ഇ-കൊമേഴ്സ് ഭീമനായ ആമസോണിനെ തടയണമെന്ന എഫ്ആർഎല്ലിന്റെ അപേക്ഷ ഹൈക്കോടതി പരി​ഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആമസോണിന്റെ കേസ് വെള്ളിയാഴ്ച വാദിക്കാൻ മാറ്റിവയ്ക്കുന്നതിന് മുമ്പ് കോടതി നാല് മണിക്കൂറിലധികം ഇക്കാര്യത്തിൽ വാ​ദം കേട്ടു. മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവെയും ഡാരിയസ് ഖമ്പാറ്റയും എഫ്ആർഎല്ലിന് വേണ്ടി ഹാജരായി. സിംഗപ്പൂർ കോടതിയുടെ ഉത്തരവിലെ സാധുതയില്ലാത്തതിന്റെ വിവിധ വശങ്ങൾ അവർ കോടതിയിൽ സമർപ്പിച്ചു.