ദില്ലി: ഇ-കൊമേഴ്സ് ഭീമൻ ആമസോൺ വഴി ഇന്ത്യയിലെ കച്ചവടക്കാർ ആഗോള തലത്തിൽ ഇതുവരെ രണ്ട് ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾ കയറ്റി അയച്ചതായി കമ്പനി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വിപണിയിൽ വലിയ നാഴികക്കല്ലാണ് താണ്ടിയിരിക്കുന്നത്. 2025 ഓടെ ഇത് പത്ത് ബില്യൺ ഡോളറിലേക്ക് എത്തിക്കാനാണ് ശ്രമമെന്നും കമ്പനിയുടെ സിഇഒ ജെഫ് ബെസോസ് പറഞ്ഞു.

നിലവിൽ ആമസോൺ ഗ്ലോബൽ സെല്ലിങ് വഴി 60,000ത്തിലേറെ ഇന്ത്യൻ കയറ്റുമതിക്കാർ ദശലക്ഷക്കണക്കിന് ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. 15 അന്താരാഷ്ട്ര വെബ്സൈറ്റുകൾ വഴിയാണ് വിൽപ്പന. അമേരിക്ക, യുകെ, യുഎഇ എന്നിവയെല്ലാം ഇതിലുണ്ട്. കാനഡ, മെക്സിക്കോ, ജർമനി, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, നെതർലന്റ്സ്, തുർക്കി, ബ്രസീൽ, ജപ്പാൻ, ഓസ്ട്രേലിയ, സിങ്കപ്പൂർ എന്നിവയാണ് മറ്റുള്ളവ. 2019 ൽ 800 ഓളം കച്ചവടക്കാർ ആഗോള ഇ കൊമേഴ്സ് കയറ്റുമതിയിലൂടെ ഒരു കോടി രൂപയുടെ കച്ചവടം നടത്തിയിരുന്നു.

ആദ്യത്തെ ഒരു ബില്യൺ എന്ന നാഴികക്കല്ല് താണ്ടാൻ മൂന്ന് വർഷമാണ് ഇന്ത്യയിലെ കച്ചവടക്കാർ എടുത്തതെങ്കിൽ തൊട്ടടുത്ത ഒരു ബില്യൺ നേടാൻ വെറും 18 മാസമേ എടുത്തുള്ളൂവെന്ന് കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റും ആമസോൺ ഇന്ത്യ തലവനുമായ അമിത് അഗർവാൾ പറഞ്ഞു.