മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട് പ്രകാരം, ചൈനയിലെ ഈ നയപരമായ മാറ്റങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒരാളാണ് റിലയന്‍സ്.

വ്യവസായ മേഖലയിലെ അമിത ഉത്പാദനം നിയന്ത്രിക്കാനുള്ള ചൈനയുടെ നയങ്ങള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് വലിയ നേട്ടമാകുമെന്ന് ആഗോള സാമ്പത്തിക സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി. വിവിധ മേഖലകളില്‍, പ്രത്യേകിച്ചും ഊര്‍ജ, സൗരോര്‍ജ വിതരണ ശൃംഖലകളില്‍, ചൈന നടപ്പാക്കുന്ന 'ആന്റി-ഇന്‍വല്യൂഷന്‍' നയം മുകേഷ് അംബാനിയുടെ റിലയന്‍സിന് ഗുണകരമാകുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ വിലയിരുത്തല്‍ . ചൈനയിലെ സാമ്പത്തിക മേഖലയില്‍ 'ഇന്‍വലൂഷന്‍' എന്നൊരു വാക്ക് ഉപയോഗിക്കാറുണ്ട്. ലാഭകരമല്ലാത്ത, കടുത്ത മത്സരത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ സാഹചര്യം മാറ്റിയെടുക്കാന്‍ ചൈന നടത്തുന്ന ശ്രമങ്ങളെയാണ് 'ആന്റി-ഇന്‍വലൂഷന്‍' എന്ന് വിശേഷിപ്പിക്കുന്നത്.

മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട് പ്രകാരം, ചൈനയിലെ ഈ നയപരമായ മാറ്റങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒരാളാണ് റിലയന്‍സ്. പ്രത്യേകിച്ചും ഊര്‍ജ്ജ-സോളാര്‍ മേഖലകളില്‍ ഇത് വലിയ നേട്ടങ്ങളുണ്ടാക്കും. ചൈന അമിത ഉത്പാദനം നിയന്ത്രിക്കുന്നതിലൂടെ, പോളീസിലിക്കണ്‍ പോലുള്ള അസംസ്‌കൃത വസ്തുക്കളുടെ വില കുറയും. ഇത് ഇന്ത്യയില്‍ സോളാര്‍ ഉത്പാദനത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ഒരുകുടക്കീഴില്‍ ഒരുക്കുന്ന റിലയന്‍സിനെ പോലുള്ള കമ്പനികള്‍ക്ക് വലിയ സഹായകമാകും. ഈ മാറ്റങ്ങള്‍ കാരണം 2030 ആകുമ്പോഴേക്കും റിലയന്‍സിന്റെ ഊര്‍ജ്ജ ചെലവ് 40% വരെ കുറയാന്‍ സാധ്യതയുണ്ടെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി ചൂണ്ടിക്കാട്ടുന്നു.

റിലയന്‍സ് തങ്ങളുടെ വാര്‍ഷിക പൊതുയോഗത്തില്‍ പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ വലിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ്ജ ശൃംഖല നിര്‍മ്മിക്കാനാണ് റിലയന്‍സിന്റെ ലക്ഷ്യം. അതേസമയം, പരമ്പരാഗത ഊര്‍ജ്ജ മേഖലയായ എണ്ണ-രാസവസ്തു ബിസിനസ്സിലും റിലയന്‍സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

ചൈനയിലെ നയങ്ങള്‍ കാരണം പെട്രോ-രാസവസ്തു വ്യവസായം അതിന്റെ മോശം അവസ്ഥ മറികടന്നു എന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നത്. കൂടാതെ, സോളാര്‍ മേഖലയിലെ വിലനിലവാരവും സ്ഥിരത കൈവരിക്കുമെന്നും ഇത് റിലയന്‍സിന് വലിയ തോതില്‍ സഹായകമാവുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ മാറ്റങ്ങള്‍ കാരണം റിലയന്‍സിന്റെ സാമ്പത്തിക നേട്ടങ്ങളില്‍ 17 ശതമാനം വര്‍ധനവുണ്ടാകുമെന്നും ഓഹരി വിലകള്‍ക്ക് വലിയ സാധ്യതയുണ്ടെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിക്കുന്നു.

നിയമപരമായ മുന്നറിയിപ്പ് : മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ , വ്യാപാര നിര്‍ദേശമല്ല, ലഭ്യമായ വിവരങ്ങള്‍ മാത്രമാണ്. നിക്ഷേപകര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ തീരുമാനങ്ങളെടുക്കുക. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി വായിച്ച് മനസിലാക്കുക