Asianet News MalayalamAsianet News Malayalam

സാലറി കട്ടിന്‍റെ കൊവിഡ് കാലത്ത് തൊഴിലാളികളുടെ ശമ്പളംകൂട്ടി ഒരു കമ്പനി

രാജ്യത്തെ ഏറ്റവും വലിയ പെയിന്‍റ് നിര്‍മാണ കമ്പനികളിലൊന്നായ ഏഷ്യന്‍ പെയിന്‍റ്സ് തൊഴിലാളികളുടെ മനോവീര്യം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രതിസന്ധി ഘട്ടത്തിലും ശമ്പളം വര്‍ധിപ്പിച്ചത്.

Asian Paints raises staff salaries
Author
Mumbai, First Published May 15, 2020, 2:16 PM IST

മുംബൈ: കൊവിഡ് മഹാമാരി പടരുന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണം പ്രതിസന്ധികള്‍ നേരിടുമ്പോഴും തൊഴിലാളികളുടെ ശമ്പളം വര്‍ധിപ്പിച്ച് ഏഷ്യന്‍ പെയിന്‍റ്സ്. രാജ്യത്തെ ഏറ്റവും വലിയ പെയിന്‍റ് നിര്‍മാണ കമ്പനികളിലൊന്നായ ഏഷ്യന്‍ പെയിന്‍റ്സ് തൊഴിലാളികളുടെ മനോവീര്യം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രതിസന്ധി ഘട്ടത്തിലും ശമ്പളം വര്‍ധിപ്പിച്ചത്.

കമ്പനിയുമായി കരാറുള്ളവരുടെ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് ശുചിത്വസംവിധാനങ്ങള്‍ ഒരുക്കാനുമൊക്കെയായി 40 കോടി രൂപയും ഏഷ്യന്‍ പെയിന്‍റ് നല്‍കി. ഒരു യഥാര്‍ഥ നേതൃത്വം എങ്ങനെയാകണമെന്ന് ഉദാഹരണം നല്‍കുകയാണ് ഈ പ്രവര്‍ത്തനങ്ങളിലൂടെ ചെയ്യുന്നതെന്ന് ഏഷ്യന്‍ പെയിന്‍റ്സ്  മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അമിത് സിംഗ്ലെ പറഞ്ഞു.

കമ്പനിയുടെ എല്ലാ പങ്കാളികളെയും സുരക്ഷിതമാക്കാന്‍ സാധിക്കണം. കമ്പനിയിലെ എല്ലാ തൊഴിലാളികളുമായും സംവദിക്കാനുള്ള ഒരു അവസരമായാണ് ഈ സമയത്തെ കാണുന്നത്. തങ്ങള്‍ ഒരിക്കലും തൊഴിലാളികളെ ജോലിക്കെടുത്ത ശേഷം പിരിച്ചു വിടുന്ന രീതിയല്ല പിന്തുടരുന്നത്. ഈ പ്രത്യേക അവസ്ഥയില്‍ നമ്മളെല്ലാം ഒന്നിച്ചാണെന്ന് തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കുകയാണെന്നും അമിത് കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഏഷ്യന്‍ പെയിന്‍റ്സ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ദുരിതാശ്വാസ നിധിയിലേക്ക് 35 കോടി രൂപ നല്‍കിയിരുന്നു. കൂടാതെ, സാനിറ്റൈസറുകളും നിര്‍മിച്ച് നല്‍കുന്നുണ്ട്. കഴിഞ്ഞ കുറെ വര്‍ഷമായി കമ്പനി കടങ്ങള്‍ ഇല്ലാതെയാണ് മുന്നോട്ട് പോകുന്നത്. ഈ അവസ്ഥ കുറച്ച് മാസങ്ങള്‍ കൂടെ നീണ്ടാലും നാലോ അഞ്ചോ മാസത്തേക്ക് കമ്പനി സുരക്ഷിതമാണ്. ഓഹരി ഉടമകൾക്ക് മികച്ച ആദായം ലഭ്യമാക്കുകയെന്നതാണ് ഞങ്ങളുടെ മുൻ​ഗണന, ഇതിന്റെ ഭാ​ഗമായി കമ്പനി മാർച്ചിൽ ഉയർന്ന ലാഭവിഹിതമാണ് അവർക്ക് നൽകിയതെന്നും അമിത് പറഞ്ഞു.

ഏഷ്യൻ പെയിന്‍റസിന്‍റെ റിട്ടേൺ ഓൺ ഇക്വിറ്റി (ആർഒഇ) ട്രാക്ക് റെക്കോർഡ് മികച്ചതാണ്. കഴിഞ്ഞ മൂന്ന് വർഷത്തെ ഇക്വിറ്റി നിക്ഷേപങ്ങളിൽ നിന്നുളള ആദായം 25.49 ശതമാനം ആണ്. ഇതുമൂലം 46 ശതമാനത്തിന് മുകളിൽ ലാഭവിഹിത വിതരണം നടത്താൻ കമ്പനിക്ക് കഴിയുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ഏഷ്യൻ പെയിന്‍റ്സ്  സംയുക്ത വാർഷിക വളർച്ചാ നിരക്കിന്റെ (സിഎജിആർ) 9.62% കുറഞ്ഞ വിൽപ്പന വളർച്ചയും സിഎജിആറിന്റെ 12 ശതമാനം ലാഭ വളർച്ചയുമാണ് റിപ്പോർട്ട് ചെയ്തത്.

Follow Us:
Download App:
  • android
  • ios