Asianet News MalayalamAsianet News Malayalam

ഓഫീസ് സമയത്തിന് ശേഷം 'ബോസുമാരുടെ ശല്യം വേണ്ട', നിയമം നടപ്പിലാക്കാനൊരുങ്ങി ഈ രാജ്യം

ഓരോ വർഷവും ആറ് ആഴ്ചയോളമാണ് ഓസ്ട്രേലിയയിൽ ആളുകൾക്ക് വേതനമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നതെന്നാണ് കണക്കുകൾ വിശദമാക്കുന്നത്

Australia will introduce laws giving workers the right to ignore unreasonable calls and messages from their bosses outside of work hours etj
Author
First Published Feb 8, 2024, 11:37 AM IST

സിഡ്നി: ഓഫീസ് സമയത്തിന് ശേഷം മുതിർന്ന ഉദ്യോഗസ്ഥരുടെ ഫോണ്‍ വിളികൾക്കോ മെസേജുകൾക്കോ ജീവനക്കാർ മറുടി നൽകേണ്ടെന്ന നിയമം നടപ്പിലാക്കാനൊരുങ്ങി ഓസ്ട്രേലിയ. ഓഫീസ് സമയത്തിന് ശേഷം ഇത്തരത്തിൽ ശല്യം ചെയ്യുന്ന ബോസുമാർക്കെതിരെ പിഴ ശിക്ഷ അടക്കം ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് നിയമം. വിച്ഛേദിക്കാനുള്ള അവകാശം എന്നതാണ് നിയമത്തിന്റെ കേന്ദ്ര ഭാഗം. സ്വകാര്യ ജീവിതത്തിനും തൊഴിലിലും ബാലൻസ് നിലനിർത്തേണ്ടതിന്റെ ഭാഗമായാണ് പാർലമെന്റിൽ പുതിയ നിയമം അവതരിപ്പിക്കാനൊരുങ്ങുന്നത്.

ഫ്രാൻസ്, സ്പെയിൻ, യൂറോപ്യൻ യൂണിയൻ അടക്കമുള്ള രാജ്യങ്ങളിൽ ഓഫീസ് സമയം കഴിഞ്ഞാൽ ജീവനക്കാർക്ക് ഔദ്യോഗിക ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യാൻ നിയമം അനുവദിക്കുന്നുണ്ട്. ഇതിന് സമാനമായ നിയമമാണ് ഓസ്ട്രേലിയയിലും അവതരിപ്പിക്കാനൊരുങ്ങുന്നത്. ഭൂരിപക്ഷം സെനറ്റർമാരും നിയമത്തെ അനുകൂലിക്കുന്നതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തൊഴിൽ മന്ത്രി ടോണി ബർക് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ എല്ലാ സെനറ്റർമാരും നിയമത്തെ അനുകൂലിക്കുന്നതായാണ് അവകാശപ്പെട്ടിരിക്കുന്നത്. വേതനമില്ലാത്ത ഓവർടൈം ജോലി അടക്കമുള്ള ചൂഷണങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ളതാണ് നിയമം.

ന്യായീകരിക്കാനാവാത്ത കാരണങ്ങൾ കൊണ്ട് ശല്യം ചെയ്യുന്നതിൽ നിന്നും തൊഴിലാളികൾക്ക് സ്വാതന്ത്ര്യവും നിയമം പ്രാപ്തമാക്കുന്നുണ്ട്. 24 മണിക്കൂറും ഓൺലൈനിൽ ലഭ്യത ഉറപ്പാക്കേണ്ടി വരുന്ന ജീവനക്കാർക്ക് 24 മണിക്കൂർ നേരത്തേക്കുള്ള വേതനവും നൽകേണ്ടതായിട്ടുണ്ട്. ഈ ആഴ്ച അവസാനത്തോടെ നിയമം പാർലമെന്റിൽ അവതരിപ്പിക്കും. താൽക്കാലിക ജീവനക്കാർക്ക് ലഭ്യമാകേണ്ട മിനിമം മാനദണ്ഡങ്ങളും നിയമത്തിൽ നിർദ്ദേശമുണ്ട്. ഓരോ വർഷവും ആറ് ആഴ്ചയോളമാണ് ഓസ്ട്രേലിയയിൽ ആളുകൾക്ക് വേതനമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നതെന്നാണ് കണക്കുകൾ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios