പാലക്കാട്: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമൽ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ ജീവനക്കാർ വീണ്ടും പ്രക്ഷോഭത്തിലേക്ക്. ആദ്യ ഘട്ടത്തിൽ കേന്ദ്ര സർക്കാരിന്‍റെ കൈവശമുള്ള 54 ശതമാനം ഓഹരിയിൽ 26 ശതമാനമാണ് കേന്ദ്ര  സർക്കാർ വിൽക്കാൻ ഒരുങ്ങുന്നത്.

1964ൽ കേന്ദ്ര സർക്കാർ ആറര കോടി മുതൽ മുടക്കിൽ ആരംഭിച്ച കേന്ദ്ര പൊതുമേഖല സ്ഥാപനമാണ് ബെമൽ. രാജ്യസുരക്ഷ വാഹനങ്ങൾ, റെയിൽവേ, മെട്രോ കോച്ചുകൾ എന്നിവ പ്രധാനമായി നിർമ്മിക്കുന്നതും ബെമലിലാണ്. പാലക്കാട് കഞ്ചിക്കോടിന് പുറമേ ബെംഗളൂരു, മൈസൂർ, കോളാർ ഖനി എന്നിവിടങ്ങളിലായി ആകെ നാല് നിർമ്മാണ യൂണിറ്റാണ് ബെമലിനുള്ളത്. 2016ൽ തുടങ്ങിയ വച്ച സ്വകാര്യവത്ക്കരണ നീക്കം പ്രതിഷേധങ്ങളെ തുടർന്ന് നിർത്തിവെച്ചെങ്കിലും ഇപ്പോൾ വീണ്ടും സജീവമായി. 

50,000 കോടി രൂപയ്ക്ക് മുകളിൽ ആസ്തിയുള്ള സ്ഥാപനമാണ് ബെമൽ. ഓഹരി വിൽപ്പനയ്ക്ക് മുന്നോടിയായി വീണ്ടും കമ്പനിയുടെ മൂല്യം കണക്കാക്കുന്നതിനുള്ള നീക്കം കേന്ദ്രം തുടങ്ങിയെന്നാണ് സൂചന. ഓഹരി വിൽപനയ്ക്കുളള താത്പര്യപത്രം കേന്ദ്രസർക്കാർ പുറത്തിറക്കുകയും ചെയ്തു. ഓഹരികൾ വിൽക്കുന്നതിലൂടെ കേന്ദ്ര സർക്കാരിന് കമ്പനിയിലുള്ള ഓഹരി വിഹിതം 54 ശതമാനത്തിൽ നിന്ന് 28 ആയി കുറയും.

തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം സ്വകാര്യവൽക്കരിക്കരിക്കുന്നത് കോർപ്പറേറ്റുകളെ സഹായിക്കാനാണെന്നാണ് ആരോപണം. കേന്ദ്ര സർക്കാരിന്‍റെ നീക്കത്തിനെതിരെ ഈ മാസം 15ന് സംയുക്ത സമരസമിതി കഞ്ചിക്കോട് യോഗം ചേർന്ന് പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യും.