ദില്ലി: വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെ വന്ന കൊവിഡ് മഹാമാരി ഇന്ത്യയിൽ അമ്യൂസ്മെന്റ് പാർക്കുകൾക്ക് വരുത്തിവച്ചത് 1,100 കോടിയുടെ നഷ്ടമെന്ന് ഏകദേശ കണക്ക്. ബിസിനസിന്റെ ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്ന കാലത്തുണ്ടായ വൈറസ് ബാധയും തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണും മൂലം പാർക്കുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.

മാർച്ച് മാസം മുതൽ ജൂൺ മാസം വരെയാണ് ഈ മേഖലയിൽ ഏറ്റവും കൂടുതൽ ബിസിനസ് നടക്കുന്ന കാലം. ഇന്ത്യയുടെ അമ്യൂസ്മെന്റ് ഇൻഡസ്ട്രി 2,700 കോടിയുടെ വാർഷിക വരുമാനമാണ് ഉള്ളത്. ഇതിൽ ഇത്തവണ 1,100 കോടിയുടെ ഇടിവുണ്ടാകുമെന്നാണ് ഏകദേശ കണക്ക്.

കൊവിഡിനെ തുടർന്ന് മാർച്ച് 15 മുതൽ എല്ലാ പാർക്കുകളും അടച്ചിട്ടിരിക്കുകയാണ്. രാജ്യത്തെ എല്ലാ പ്രധാന ഫൺ പാർക്കുകളുടെയും സംഘടനയായ ഐഎഎപിഐയിൽ 150 ഓളം അംഗങ്ങളാണുള്ളത്. ഇതിന് പുറമെ രാജ്യത്തെ മാളുകളിൽ 65 ഡസൻ ഇൻഡോർ അമ്യൂസ്മെന്റ് സെന്ററുകളുണ്ട്. അസംഘടിത മേഖലയിൽ 100 ഓളം പാർക്കുകൾ വേറെയുമുണ്ട്.

നിലവിലെ 2,700 കോടിയുടെ ബിസിനസിൽ നിന്ന് 7,500 കോടി വാർഷിക വരുമാനത്തിലേക്ക് വളരാനാണ് വ്യവസായ മേഖല ശ്രമിച്ചുകൊണ്ടിരുന്നത്. അതിനിടയിലാണ് വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് 18 ശതമാനം ജിഎസ്‌ടി പൂർണ്ണമായും ഒഴിവാക്കണമെന്ന് സംഘടന കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.