ലഖ്‌നൗ: പ്രമുഖ ജര്‍മ്മന്‍ ഷൂ നിര്‍മാതാക്കളായ വോന്‍ വെല്‍ക്‌സ് ചൈന വിടുന്നു. കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കമ്പനി ചൈന വിടുന്നത്. കമ്പനി ഇന്ത്യയില്‍ നിര്‍മാണ ഫാക്ടറി ആരംഭിക്കും. ആഗ്രയിലായിരിക്കും ഫാക്ടറി തുടങ്ങുക. 30 ലക്ഷം ജോഡി ഷൂകളാണ് കമ്പനി പ്രതിവര്‍ഷം നിര്‍മ്മിക്കുന്നത്. ലാട്രിക് ഇന്‍ഡസ്ട്രീസുമായി യോജിച്ചാണ് വോന്‍ വെല്‍ക്‌സ് നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ കപ്പാസിറ്റിയില്‍ നിര്‍മാണം നടക്കുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ 110 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ഇന്ത്യയില്‍ നിര്‍മിക്കാത്ത മറ്റ് ഉല്‍പ്പന്നങ്ങളും നിര്‍മിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. 

കമ്പനി പ്രവര്‍ത്തിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ചൈന വിട്ടു വരുന്ന നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നു.