തിരുവനന്തപുരം: കോട്ടയം വെള്ളൂരിലെ കടക്കെണിയിലായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ (എച്ച്എൻഎൽ) പുനരുജ്ജീവനത്തിനായുള്ള നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നു. ജൂൺ 30 നകം കമ്പനി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെയാണ് കാത്തിരിപ്പിന് വിരാമമായത്. 

സംസ്ഥാന സർക്കാർ നൽകിയ 700 ഏക്കറിൽ സ്ഥിതിചെയ്യുന്ന കേന്ദ്ര പൊതുമേഖലാ യൂണിറ്റ് നഷ്ടം ചൂണ്ടിക്കാട്ടി രണ്ട് വർഷം മുമ്പ് ഉത്പാദന പ്ലാന്റ് അടച്ചുപൂട്ടിയിരുന്നു. യൂണിറ്റ് സ്വകാര്യവത്കരിക്കാനുള്ള പദ്ധതികൾ കേന്ദ്രസർക്കാർ ആരംഭിച്ച ഉടൻ തന്നെ 2017 ൽ കമ്പനി ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ ആരംഭിച്ചിരുന്നു. കിൻഫ്രയുടെ ജനറൽ മാനേജർ ടി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുളള പ്രതിനിധി സംഘം അടുത്തിടെ എച്ച്എൻഎൽ കാമ്പസ് സന്ദർശിച്ചിരുന്നു. വ്യവസായ വകുപ്പ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് നയിക്കുന്ന ഏഴ് അംഗ സമിതി ഉടൻ തന്നെ വ്യാവസായിക യൂണിറ്റ് സന്ദർശിച്ച് പ്രവർത്തന പദ്ധതി തയ്യാറാക്കും.

എച്ച് എൻ എല്ലിന്റെ നിയന്ത്രണത്തിനായി പുന: സംഘടിപ്പിച്ച ഡയറക്ടർ ബോർഡ് ജൂലൈ ആദ്യം യോഗം ചേരുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. “കമ്പനി വീണ്ടും തുറക്കുന്നതിനു പുറമേ, ഭൂമി വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി തയ്യാറാക്കാൻ കിൻഫ്രയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്, അതിൽ ഒരു സിയാൽ മോഡൽ റബ്ബർ കമ്പനി സ്ഥാപിക്കാനുള്ള നിർദ്ദേശവും ഉൾപ്പെടുന്നു,” അദ്ദേഹം പറഞ്ഞു. പ്രമുഖ ദേശീയ മാധ്യമമായ ദ ഹിന്ദുവാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona