60 വര്‍ഷങ്ങള്‍ക്ക് ശേഷം സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ലയണ്‍ ബ്രൂവറി ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു. കോപ്പര്‍ഡ്രോപ്പ് സ്പിരിറ്റ്‌സുമായി സഹകരിച്ച് 'ഐലന്‍ഡ് ലാഗര്‍', 'പേല്‍ എല്‍' എന്നീ രണ്ട് പ്രീമിയം ബിയറുകള്‍ ഡല്‍ഹിയില്‍ അവതരിപ്പിച്ചുകൊണ്ടാണ് കമ്പനി തങ്ങളുടെ തിരിച്ചുവരവ് ആഘോഷിക്കുന്നത്.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ലണ്ടനില്‍ തുടങ്ങി ഇപ്പോള്‍ സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ 'ലയണ്‍ ബ്രൂവറി കോ.' 60 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു. രാജ്യത്ത് അതിവേഗം വളരുന്ന പ്രീമിയം മദ്യവിപണി ലക്ഷ്യമിട്ടുകൊണ്ട്, തങ്ങളുടെ രണ്ട് ബിയറുകള്‍ അവതരിപ്പിച്ചാണ് കമ്പനിയുടെ ഗംഭീര തിരിച്ചുവരവ്. പ്രമുഖ വിതരണക്കാരായ കോപ്പര്‍ഡ്രോപ്പ് സ്പിരിറ്റ്‌സുമായി ചേര്‍ന്നാണ് ലയണ്‍ ബ്രൂവറി തങ്ങളുടെ 'ഐലന്‍ഡ് ലാഗര്‍', 'പേല്‍ എല്‍' എന്നീ രണ്ട് ബിയറുകള്‍ അവതരിപ്പിക്കുന്നത്. പ്രീമിയം ബിയറുകള്‍ക്ക് ഡല്‍ഹിയില്‍ ഇതിനകം തന്നെ മികച്ച വിപണിയുള്ളതിനാലാണ് അവിടെ നിന്നും തുടക്കം കുറിച്ചതെന്ന് കമ്പനി വ്യക്തമാക്കി. ഡല്‍ഹിക്ക് പുറമെ, അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്കും പിന്നീട് മറ്റ് പ്രധാന ഇന്ത്യന്‍ നഗരങ്ങളിലേക്കും തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഐ.പി.എയുടെ ചരിത്രവും ലയണ്‍ ബ്രൂവറിയും

ഈ മടങ്ങിവരവിന് വലിയൊരു ചരിത്ര പശ്ചാത്തലമുണ്ട്. ഇന്ത്യ പേല്‍ എല്‍ എന്നറിയപ്പെടുന്ന ബിയറിന്റെ ഉത്ഭവവുമായി ലയണ്‍ ബ്രൂവറിക്ക് അടുത്ത ബന്ധമാണുള്ളത്. 1836-ല്‍ ലണ്ടനിലെ തേംസ് നദിക്കരയിലാണ് ഈ ബ്രൂവറി ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് ബ്രിട്ടീഷ് ഭരണകാലത്ത്, ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള മാസങ്ങള്‍ നീളുന്ന കടല്‍യാത്രകളെ അതിജീവിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രത്യേകമായി തയ്യാറാക്കിയ 'പേല്‍ എലുകള്‍' ബ്രിട്ടീഷ് ബ്രൂവറികള്‍ നിര്‍മ്മിച്ചിരുന്നു. ആ കാലഘട്ടത്തില്‍ ഇന്ത്യയിലേക്ക് ബിയര്‍ കയറ്റുമതി ചെയ്തിരുന്ന കമ്പനികളിലൊന്നായിരുന്നു ലയണ്‍ ബ്രൂവറി. അങ്ങനെ ഐ.പി.എ ബിയറുകള്‍ ആഗോളതലത്തില്‍ തന്നെ ജനപ്രിയമാക്കുന്നതില്‍ അവര്‍ വലിയ പങ്കുവഹിച്ചു. പിന്നീട് ലണ്ടനില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഈ ബ്രാന്‍ഡ്, 2018-ല്‍ സിംഗപ്പൂരില്‍ വെച്ച് വീണ്ടും ആരംഭിക്കുകയും അവിടെ നിന്ന് മറ്റ് അന്താരാഷ്ട്ര വിപണികളിലേക്ക് വ്യാപിപ്പിക്കുകയുമായിരുന്നു.

കുതിച്ചുയരുന്ന ഇന്ത്യന്‍ ബിയര്‍ വിപണി

ഇറക്കുമതി ചെയ്യുന്നതും ക്രാഫ്റ്റ് സ്‌റ്റൈലിലുള്ളതുമായ ബിയറുകള്‍ കൂടുതലായി പരീക്ഷിക്കാന്‍ താല്പര്യം കാണിക്കുന്നത് ഇന്ത്യന്‍ വിപണിയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. ഇത് ലക്ഷ്യമിട്ട് നിരവധി അന്താരാഷ്ട്ര ബിയര്‍ നിര്‍മ്മാതാക്കളാണ് ഇന്ത്യയിലേക്ക് എത്തുവാന്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രീമിയം അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്കുള്ള ആവശ്യകത വര്‍ദ്ധിച്ചുവരികയാണെന്ന് കോപ്പര്‍ഡ്രോപ്പ് സ്പിരിറ്റ്‌സും സാക്ഷ്യപ്പെടുത്തുന്നു. 2023 ൽ ഇന്ത്യയിലെ ബിയര്‍ വിപണിയുടെ മൂല്യം ഏകദേശം 4.5 ബില്യണ്‍ ഡോളറാണെന്നാണ് കണക്കുകൾ.