Asianet News MalayalamAsianet News Malayalam

ഐ ഫോണിനെയും കൊറോണ ബാധിച്ചു !, വന്‍ നഷ്ടം ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; ആശങ്ക പടരുന്നു

കൊറോണ വൈറസ് മൂലം തിങ്കളാഴ്ച വരെ ചൈനയില്‍ 1,770 പേർ മരിച്ചു.
 

iPhone production will cut due to Coronavirus in China
Author
New York, First Published Feb 18, 2020, 6:40 PM IST


ആപ്പിള്‍ അവരുടെ നിക്ഷേപകര്‍ക്ക് കഴിഞ്ഞ ദിവസം ഒരു മുന്നറിയിപ്പ് നല്‍കി. ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധ കമ്പനിയുടെ രണ്ടാം പാദ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നാണ് ആപ്പിളിന്‍റെ മുന്നറിയിപ്പ്. 

ഐഫോൺ നിർമാണ സൗകര്യങ്ങളെല്ലാം ഹ്യൂബൈ പ്രവിശ്യയ്ക്ക് പുറത്താണെന്നും അതിനാല്‍ വലിയ പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് കാലിഫോർണിയ ആസ്ഥാനമായുള്ള കമ്പനി പറയുന്നത്. കമ്പനിയുടെ ഉൽ‌പാദനത്തില്‍ കുറവുണ്ടാകും എന്നാല്‍, ഏറ്റവും അടുത്ത സമയത്ത് തന്നെ ഇത് സാവധാനത്തിൽ വർദ്ധിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി വ്യക്തമാക്കുന്നു.

ഓരോ ഉൽ‌പ്പന്നവും നിര്‍മാണത്തിന്‍റെ പല ഘട്ടങ്ങളിലൂടെ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന ഓരോ വ്യക്തിയുടെയും ആരോഗ്യവും ക്ഷേമവുമാണ് ഞങ്ങളുടെ പരമപ്രധാനമായ മുൻ‌ഗണന. പ്രതിസന്ധി തുടരുകയാണ് അതിനാല്‍ ഞങ്ങളുടെ വിതരണക്കാരുമായും പൊതുജനാരോഗ്യ വിദഗ്ധരുമായും ഞങ്ങൾ കൂടിയാലോചിച്ച് പ്രവർത്തിക്കുന്നു, ആപ്പിൾ പ്രസ്താവനയിൽ പറഞ്ഞു.  

കൊറോണ വൈറസ് മൂലം തിങ്കളാഴ്ച വരെ ചൈനയില്‍ 1,770 പേർ മരിച്ചു.

ചൈനയിൽ ഐഫോണുകളുടെ ഡിമാൻഡും കുറഞ്ഞുവെന്ന് ആപ്പിൾ പറയുന്നു, കാരണം ആപ്പിളിന്റെ റീട്ടെയിൽ സ്റ്റോറുകളിൽ പലതും അടച്ചിരിക്കുകയോ കുറഞ്ഞ സമയത്തേക്ക് മാത്രം പ്രവർത്തിക്കുകയോ ചെയ്യുന്നു. യുഎസിനും യൂറോപ്പിനും ശേഷം ആപ്പിളിന്റെ ഐഫോണുകളുടെ മൂന്നാമത്തെ വലിയ റീട്ടെയിൽ വിപണിയാണ് ചൈന. ഉല്‍പാദന സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാതെയിരിക്കുക, സപ്ലേ ചെയ്നിന്‍റെ പ്രവര്‍ത്തനത്തിലെ ആശയക്കുഴപ്പം, വിപണിയില്‍ നിന്നുളള ഉല്‍പ്പന്ന ആവശ്യകതയിലുണ്ടായിരിക്കുന്ന കുറവ് എന്നിവയാണ് ഐ ഫോണ്‍ നിലവില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍. 

രണ്ടാം പാദ വരുമാനം 63 ബില്യൺ മുതൽ 67 ബില്യൺ ഡോളർ വരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ജനുവരി 28 ന് ആപ്പിൾ അറിയിച്ചിരുന്നു. ആപ്പിളിന്റെ രണ്ടാം പാദം മാർച്ച് 30 ന് അവസാനിക്കും.

കൊറോണ വൈറസ് ബാധ മൂലം ഐ ഫോണ്‍ ഉത്പാദനം 10 ശതമാനം കുറയ്‌ക്കേണ്ടിവരുമെന്ന് നേരത്തെ അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കൊറോണ വൈറസ് ബാധമൂലം എത്രത്തോളം ഉത്പാദനം കുറയ്‌ക്കേണ്ടിവന്നു എന്ന കാര്യം ആപ്പിള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സ്ഥിതിഗതികൾ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ഏപ്രിലിൽ അടുത്ത വരുമാന പ്രതീക്ഷകളും സ്ഥിതിവിവരങ്ങളും പുറത്തുവിടുമെന്നുമാണ് ആപ്പിൾ പറയുന്നത്. അപ്പോള്‍ മാത്രമേ കമ്പനിക്കുണ്ടായ നഷ്ടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. ഐഫോൺ ആവശ്യം ശക്തമാണെന്നും കമ്പനിയുടെ പ്രതീക്ഷകൾക്ക് അനുസൃതമാണെന്നും ചൈനയ്ക്ക് പുറത്ത് ആപ്പിൾ മികച്ച വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും കമ്പനി വ്യക്തമാക്കി. 

 

Follow Us:
Download App:
  • android
  • ios