മുംബൈ: ഏപ്രിൽ മാസത്തിൽ രാജ്യത്തെ പുതിയ തൊഴിലവസരങ്ങളിൽ 62 ശതമാനത്തിന്റെ കുറവുണ്ടായതായി പ്രമുഖ ജോബ് വെബ്സൈറ്റായ നൗക്രി ഡോട്ട് കോം അറിയിച്ചു. കൊറോണ വൈറസ് പകർച്ചവ്യാധി കാരണം ബിസിനസ് രം​ഗത്തുണ്ടായ തകർച്ചയാണ് ഈ വൻ ഇടിവിന് കാരണം. വൈബ്സൈറ്റ് നടത്തിയ സർവേയിലാണ് കണ്ടെത്തൽ.

ഹോട്ടൽ, റെസ്റ്റോറന്റുകൾ, ട്രാവൽ കമ്പനികൾ, എയർലൈനുകൾ എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതെന്ന് സർവേയിൽ പറയുന്നു.

ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ട്രാവൽ കമ്പനികൾ, എയർലൈനുകൾ എന്നിവയിലെ റിക്രൂട്ട്മെന്റുകൾ 91 ശതമാനം കുറഞ്ഞു. ഓട്ടോ / അനുബന്ധ കമ്പനികൾ നിയമനത്തിൽ 82 ശതമാനം കുറവ് രേഖപ്പെടുത്തി. റീട്ടെയിൽ 77 ശതമാനം കുറഞ്ഞു, അക്കൗണ്ടിംഗ്, ഫിനാൻസ് കമ്പനികൾ എന്നിവയിൽ പുതിയ നിയമനങ്ങളിൽ 70 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ഇൻഫർമേഷൻ ടെക്നോളജി (ഐടി), സോഫ്റ്റ്‍വെയർ സേവനങ്ങൾ, ഫാർമ, ബയോടെക്, ക്ലിനിക്കൽ റിസർച്ച്, ഇൻഷുറൻസ് തുടങ്ങിയ മേഖലകളെ പ്രതിസന്ധി സ്വാധീനിച്ചിട്ടില്ല.

നഗര കേന്ദ്രീക‍ൃതമായ തൊഴിൽ വിപണിയിൽ ജോലിക്കാരിൽ ഇരട്ട അക്ക ഇടിവുണ്ടായി. മെട്രോകളിൽ ഇത് ഭയാനകമായ തോതിൽ ഉയർന്നു. ദില്ലിയിൽ 70 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ചെന്നൈ 62 ശതമാനവും കൊൽക്കത്ത, മുംബൈ എന്നിവടങ്ങളിൽ 60 ശതമാനം വീതവും കുറവുണ്ടായി.

മുംബൈയിൽ റിക്രൂട്ട്മെന്റ് ഏപ്രിലിൽ 60 ശതമാനം ഇടിഞ്ഞു. ഹോസ്പിറ്റാലിറ്റി, ഓട്ടോ മേഖലകളിൽ നിയമനം യഥാക്രമം 94 ശതമാനവും 84 ശതമാനവും കുറഞ്ഞു.

ബെംഗളൂരുവിൽ നിയമന പ്രവർത്തനം 57 ശതമാനം കുറഞ്ഞു.

Read also: കൊവിഡ് അവസരമാക്കാൻ കേരളം; വ്യവസായ സംരംഭങ്ങൾക്ക് തയ്യാറായി വിദേശ സ്ഥാപനങ്ങൾ