ആഗസ്റ്റ് ഒന്നു മുതല്‍ തത്കാല്‍ ടിക്കറ്റ് ബുക്കിങ്, ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങള്‍, ബാങ്കിങ് കെവൈസി എന്നിവയില്‍ സുപ്രധാന മാറ്റങ്ങള്‍ വരുന്നു. റെയില്‍വേ കൗണ്ടറുകളിലെ ബുക്കിങ് എളുപ്പമാകുകയും ക്രെഡിറ്റ് കാര്‍ഡ് നിരക്കുകളില്‍ മാറ്റം വരികയും ചെയ്യും. സി-കെവൈസി 2.0 സംവിധാനം ബാങ്കിങ് ഇടപാടുകള്‍ ലളിതമാക്കും.

ആഗസ്റ്റ് ഒന്നു മുതല്‍ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിച്ചേക്കാവുന്ന ചില പ്രധാന നിയമ മാറ്റങ്ങള്‍ നിലവില്‍ വരികയാണ്. തീവണ്ടി യാത്രക്കാരായാലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരായാലും ബാങ്കിങ്, ധനകാര്യ ഇടപാടുകള്‍ നടത്തുന്നവരായാലും ഈ മാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങിൽ പരിഷ്‌കാരം

റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകളിലൂടെയുള്ള തത്കാല്‍ ടിക്കറ്റ് ബുക്കിങ് കൂടുതല്‍ സുഗമമാക്കാൻ ഇന്ത്യന്‍ റെയില്‍വേ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആഗസ്റ്റ് 1 മുതല്‍ തത്കാല്‍ ബുക്കിങ് ആരംഭിക്കുന്ന സമയത്തിന് അനുസൃതമായിരിക്കും ടോക്കണ്‍ വിതരണ സമയം. നേരത്തെ യാത്രക്കാര്‍ ആദ്യം ടോക്കണ്‍ ലഭിക്കുന്നതിനായി ഒരു ക്യൂവിലും, തുടര്‍ന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി മറ്റൊരു ക്യൂവിലും നില്‍ക്കേണ്ടി വന്നിരുന്നു. പുതിയ സംവിധാനം വരുന്നതോടെ കൗണ്ടറുകളിലെ തിരക്ക് കുറയുകയും, കാത്തിരിപ്പ് സമയം ലാഭിക്കാനും ബുക്കിങ് പ്രക്രിയ കൂടുതല്‍ ലളിതമാകാനും സാധിക്കും.

ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡുകളിലും നിരക്കുകളിലും മാറ്റം

നിരവധി ബാങ്കുകള്‍ തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് നയങ്ങളില്‍ ആഗസ്റ്റ് 1 മുതല്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. റിവാര്‍ഡ് പോയിന്റ് പ്രോഗ്രാമുകള്‍, വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജുകള്‍, മറ്റ് സേവന നിരക്കുകള്‍ എന്നിവയിലായിരിക്കും ഈ മാറ്റങ്ങള്‍ വരുന്നത്. മാറ്റങ്ങള്‍ ഓരോ ബാങ്കിനും വ്യത്യസ്തമായതിനാല്‍, ഉപഭോക്താക്കള്‍ തങ്ങളുടെ ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള പുതിയ നിരക്കുകളും നിബന്ധനകളും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം ചെറിയ മാറ്റങ്ങള്‍ പോലും പ്രതിമാസ ക്രെഡിറ്റ് കാര്‍ഡ് ബില്ലിനെ സ്വാധീനിച്ചേക്കാം.

ബാങ്കിങ് എളുപ്പമാക്കാന്‍ 'സി-കെവൈസി 2.0'

ബാങ്കിങ്, ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട് മേഖലകളില്‍ ആഗസ്റ്റ് 1 മുതല്‍ നവീകരിച്ച സെന്‍ട്രല്‍ നോ യുവര്‍ കസ്റ്റമര്‍ സംവിധാനം നിലവില്‍ വരികയാണ്. ഉപഭോക്താവിന്റെ അനുമതിയോടെ ഒരു സെന്‍ട്രല്‍ ഡാറ്റാബേസില്‍ നിന്ന് സാമ്പത്തിക സ്ഥാപനങ്ങള്‍ക്കാവശ്യമായ തിരിച്ചറിയല്‍ വിവരങ്ങള്‍ ലഭ്യമാകും. ഇത് വഴി ഓരോ തവണ പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുമ്പോഴോ, ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോഴോ മറ്റ് ധനകാര്യ ഇടപാടുകള്‍ നടത്തുമ്പോഴോ ഉപഭോക്താക്കള്‍ വീണ്ടും വീണ്ടും കെവൈസി രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല. കടലാസ് ജോലികള്‍ കുറയ്ക്കാനും ഡിജിറ്റല്‍ പ്രക്രിയകള്‍ വേഗത്തിലാക്കാനും സുരക്ഷ വര്‍ദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കും.