Asianet News MalayalamAsianet News Malayalam

‘സൈല’വുമായി കൈകോര്‍ത്ത് ‘ഫിസിക്സ് വാല’; 500 കോടി നിക്ഷേപിക്കും

ദക്ഷിണേന്ത്യയിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട പഠനാനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പങ്കാളിത്തം. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇതിനായി 500 കോടി രൂപ നിക്ഷേപിക്കും.

Physics Wallah partners with Xylem to invest 500 crores
Author
First Published Jun 19, 2023, 7:39 PM IST

ഇന്ത്യയിലെ പ്രമുഖ എഡ്-ടെക് കമ്പനിയായ ‘ഫിസിക്സ് വാല’ ലേണിംഗ് ആപ്പ് ഉടമകളായ ‘സൈലം ലേണിംഗു’മായി കൈകോർക്കുന്നു. ദക്ഷിണേന്ത്യയിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട പഠനാനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പങ്കാളിത്തം. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇതിനായി 500 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതി.
 
നിലവിൽ ‘ഫിസിക്സ് വാല’ ഇന്ത്യയിലുടനീളമുള്ള 60 കേന്ദ്രങ്ങളിലൂടെയും  53 യൂട്യുബ് ചാനലുകളിലൂടെയും ഓഫ്‌ലൈൻ, ഹൈബ്രിഡ് കോച്ചിംഗുകൾ നൽകിവരുന്നുണ്ട്. സൈലം ലേണിംഗ് ആകട്ടെ അവരുടെ 30 യൂ-ട്യൂബ് ചാനലുകളിലൂടെ മൂന്ന് ദശലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് സൗജന്യ ക്ലാസുകളും വിവിധ ഓൺലൈൻ കോഴ്‌സുകളിലായി ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ഫീസ് നൽകിയുള്ള ക്ലാസുകളും നൽകിവരുന്നുണ്ട്. കൂടാതെ കേരളത്തിലെ അഞ്ച് ജില്ലകളിലായി സ്ഥിതിചെയ്യുന്ന ഓഫ്‌ലൈൻ/ഹൈബ്രിഡ് സെന്‍ററുകളിലൂടെ ഹൈബ്രിഡ് സെന്‍ററുകൾ, ട്യൂഷൻ സെന്‍ററുകൾ, സ്കൂൾ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാം എന്നിവയിലായി 30,000 വിദ്യാർത്ഥികൾക്ക് പരിശീലനവും നൽകുന്നുണ്ട്.

"സൈലം ലേണിംഗുമായുള്ള പങ്കാളിത്തത്തിലൂടെ എല്ലാ വിദ്യാർത്ഥികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുകവഴി  ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായി മാറുക എന്നതാണ് ലക്ഷ്യമെന്ന് ‘ഫിസിക്സ് വാല’സ്ഥാപകനും സി.ഇ.ഒയുമായ അലക് പാണ്ഡെ പറഞ്ഞു.

സൈലം മോഡൽ ഹൈബ്രിഡ് ലേണിംഗ് സംവിധാനം മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി അടുത്ത മൂന്ന്  വർഷത്തിനുള്ളിൽ 500 കോടി നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ പദ്ധതി വിപുലീകരണത്തിന് നേതൃത്വം നൽകുക സൈലം സ്ഥാപകനായ ഡോ. അനന്തു ആയിരിക്കുമെന്നും അലക് പാണ്ഡെ പറഞ്ഞു.

ഗുണനിലവാരമുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് ചുരുങ്ങിയ ചെലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യം  ഇരു സ്ഥാപനങ്ങൾക്കും ഉള്ളതിനാൽ  ഈ സംയുക്ത സംരംഭത്തിലൂടെ നീറ്റ്, ജെ.ഇ.ഇ എന്നി പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും സി.എ, സി.എം.എ, സി.എസ്, പി.എസ്.സി, യു.പി.എസ്.സി, കേന്ദ്ര സർവകാലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷകൾ എന്നിവ എഴുതുന്നവർക്കുമുള്ള പരിശീലനം ഏറ്റവും മികച്ചരീതിയിൽ  നൽകാൻ കഴിയുമെന്ന് ‘സൈലം’സ്ഥാപകനായ ഡോ. അനന്തു പറഞ്ഞു. 

പുതിയ പദ്ധതിവഴി  2024 സാമ്പത്തിക വർഷത്തിൽ 300 കോടി വരുമാനം നേടാൻ  ലക്ഷ്യമിടുന്നതായും തുടക്കംമുതൽതന്നെ വിജയകരമായി മുന്നേറുന്ന ഇരു സ്ഥാപനങ്ങളുടെയും സാങ്കേതിമികവും പരിചയസമ്പന്നതയും ഒന്നിക്കുമ്പോൾ അത് ഉന്നതവിദ്യാഭ്യാസം ലക്ഷ്യമിടുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് വഴികാട്ടിയാവുമെന്നും അദ്ദേഹം പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios