ദില്ലി: സാധനങ്ങൾക്കും സേവനങ്ങൾക്കുമായുള്ള ടെണ്ടറുകളുടെ മൂല്യം 200 കോടിയിൽ താഴെയാണെങ്കിൽ അവയ്ക്കായി ഇനി മുതൽ സ്വദേശി കമ്പനികളെ മാത്രം പരിഗണിച്ചാൽ മതിയെന്ന് കേന്ദ്രസർക്കാരിന്റെ തീരുമാനം. ആഗോള ടെണ്ടറിനായുള്ള പൊതു സാമ്പത്തിക നിയമം ഇതിനായി ഭേദഗതി ചെയ്യും.

മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കാനാണ് ഈ പദ്ധതി. 2019 മെയ് മാസത്തിൽ, സാധനങ്ങൾക്കും സേവനങ്ങൾക്കുമായുള്ള ടെണ്ടർ 50 ലക്ഷം വരെയുള്ളതാണെങ്കിൽ കരാർ ഇന്ത്യൻ കമ്പനികൾക്ക് മാത്രമായി നിയന്ത്രിച്ച് നിയമം കൊണ്ടുവന്നിരുന്നു. 

സാധനങ്ങൾ, കൺസൾട്ടൻസി അടക്കമുള്ള സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങളിലും കേന്ദ്രസർക്കാർ ഭേദഗതി ആലോചിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങളാണ് സംസ്ഥാനങ്ങൾ പൊതുവേ പാലിക്കുന്നതെങ്കിലും തങ്ങളുടേതായ നിയന്ത്രണങ്ങൾ വരുത്താൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ട്. അതിനാൽ തന്നെ സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നിലപാട് വരും നാളുകളിലേ വ്യക്തമാകൂ.

ആത്മ നിർഭര ഭാരതം എന്ന പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഈ നീക്കവും. ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി തദ്ദേശീയമായ ഉൽപ്പന്നങ്ങൾ വാങ്ങാൻ രാജ്യത്തെ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആഗോള സാമ്പത്തിക രംഗത്തുണ്ടായ തകർച്ചയെ പരമാവധി മുതലെടുത്ത് ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം സാധ്യമാക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം.