Asianet News MalayalamAsianet News Malayalam

സംരംഭകമേഖലയിലെ മലയാളിസ്ത്രീയുടെ കയ്യൊപ്പ്: സർക്കാർ പുരസ്കാരം ഈ മൂന്ന് വനിതകൾക്ക്

മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകത്തക്ക തരത്തിൽ പ്രവര്‍ത്തന മേഖലയിൽ കൈവരിച്ച നേട്ടങ്ങൾക്കാണ് പുരസ്കാരം. അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്‍റെ ഭാഗമായി ശനിയാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പുരസ്കാരം സമ്മാനിക്കും.

women entrepreneurship awards of state government 2020 winners declared
Author
Thiruvananthapuram, First Published Mar 3, 2020, 3:55 PM IST

തിരുവനന്തപുരം: സാമൂഹ്യക്ഷേമ വകുപ്പിന്‍റെ മികച്ച വനിത സംരംഭകർക്കുളള പുരസ്കാരം ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവർക്ക്. മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകത്തക്ക തരത്തിൽ പ്രവര്‍ത്തന മേഖലയിൽ കൈവരിച്ച നേട്ടങ്ങൾക്കാണ് പുരസ്കാരം. അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്‍റെ ഭാഗമായി ശനിയാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പുരസ്കാരം സമ്മാനിക്കും.

ശ്രുതി ഷിബുലാല്‍

സ്ത്രീകള്‍ പൊതുവേ കടന്നു വരാത്ത വന്‍കിട ഹോട്ടല്‍ വ്യവസായ ശൃംഖലയില്‍ ധൈര്യസമേതം കടന്നുവന്ന് സ്വന്തമായൊരു ബ്രാന്‍റുണ്ടാക്കി വിജയം കൈവരിച്ച യുവ സംരംഭകയാണ് ശ്രുതി ഷിബുലാല്‍. ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖ ബ്രാന്‍റായ താമര ലെഷര്‍ എക്‌സ്പീരിയന്‍സിന്‍റെ സ്ഥാപകയും സി.ഇ.ഒ.യും കൂടിയാണ് ശ്രുതി. പ്രകൃതി സൗഹൃദ ഉത്തരവാദിത്ത ടൂറിസത്തിന്‍റെ ഉദാഹരണം കൂടിയാണ് 2012ല്‍ ശ്രുതി ഷിബുലാല്‍ സ്ഥാപിച്ച താമര കൂര്‍ഗ്. കേരളത്തിലും ഈ ഗ്രൂപ്പിന്‍റെ നിരവധി സംരംഭങ്ങളുണ്ട്.

പൂര്‍ണിമ ഇന്ദ്രജിത്ത്

സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭയായി മാറിയ റോള്‍ മോഡലാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച 'പ്രാണ' എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ഏറെ ശ്രദ്ധേയമായി. ഇന്ത്യന്‍, പാശ്ചാത്യ ട്രെന്‍റിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചു. അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ പോലുള്ള പ്രശസ്തമായ പ്ലാറ്റ്‌ഫോമുകള്‍ പ്രാണയെത്തേടിയെത്തി. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ 'സേവ് ദി ലൂം' എന്ന കൂട്ടായ്മ രൂപീകരിച്ച് അവരെ സഹായിക്കുകയും ചെയ്തു.

ഷീല ജെയിംസ്

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ, സ്ത്രീകള്‍ പൊതുവേ കടുന്നുവരാന്‍ മടിക്കുന്ന സമയത്ത് 1986-ല്‍ ടെക്‌സ്റ്റൈല്‍ ഡിസൈന്‍ രംഗത്ത് കടന്നു വരികയും മികച്ച വിജയം കൈവരിക്കുകയും ചെയ്ത സംരംഭകയാണ് ഷീല ജെയിംസ്. ഒരൊറ്റ തയ്യല്‍ മെഷീനും ഒരൊറ്റ തയ്യല്‍ക്കാരനും ഉപയോഗിച്ച് 1986 ല്‍ ആരംഭിച്ച ചെറിയ സംരംഭമാണ് ഇന്നീ നിലയിലെത്തിയത്. ഇപ്പോള്‍ 'സറീന ബോട്ടിക്ക്' എന്ന സ്ഥാപനത്തിലൂടെ തലസ്ഥാന നഗരത്തിലെ വിവിധ തലമുറകളുടെ സ്ത്രീകളുടെ ഫാഷന്‍ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന ശക്തിയായി മാറി. വിദൂര പ്രദേശങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ കരകൗശലത്തൊഴിലാളികളെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. അടുത്തിടെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ നെയ്ത്തുകാരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും നടത്തി.

Follow Us:
Download App:
  • android
  • ios