Asianet News MalayalamAsianet News Malayalam

പ്രേംനസീര്‍ പറഞ്ഞു, പണ്ട് എന്നേക്കാളേറെ ആരാധകരുണ്ടായിരുന്നു ഇവര്‍ക്ക്!

ഒരു കാലത്ത് കേരളത്തിലെ അറിയപ്പെടുന്ന ഗായികയും നടിയുമായിരുന്ന തങ്കം വാസുദേവന്‍നായരുടെ നൂറാം ജന്‍മവാര്‍ഷികമാണ് ഇന്ന്. കേരളം അത്രയൊന്നും ഓര്‍ക്കാത്ത ആ അതുല്യകലാകാരിയുടെ ജീവിതം.റിനി രവീന്ദ്രന്‍ എഴുതുന്നു 

100 years of thankam vasudevan nair
Author
Vaikom, First Published Jul 23, 2021, 5:15 PM IST

ഞങ്ങള്‍ കുട്ടികളായിരിക്കുമ്പോള്‍ നസീറങ്കിള്‍ വീട്ടില്‍ വരുമായിരുന്നു. മൂന്നാറിലൊക്കെ ഷൂട്ടിന് പോകുന്ന വഴി ആയിരിക്കും. അങ്ങനെ വരുന്ന കുറേ നടന്മാരുണ്ട് അന്ന്. അവര്‍ വന്ന് കഴിഞ്ഞാല്‍ വീടിന് ചുറ്റും ആളുകള്‍ കൂടും. വീടിന്റെ തൊട്ടടുത്ത് വിജയാ തിയേറ്ററുണ്ട്. എല്ലാ സിനിമയും കാണുന്നവരാ ചുറ്റും താമസിക്കുന്നത്. കടയിലുള്ളവരാണ് പറയുക 'ദേ സിനിമാക്കാര് വന്നു' എന്ന്. അപ്പോള്‍ പപ്പ നസീറങ്കിളിനോട് പറയും, 'നീയൊന്ന് ഇറങ്ങി നിന്നുകൊടുത്തേ' എന്ന്. 

 

100 years of thankam vasudevan nair

തങ്കം, വാസുദേവന്‍ നായര്‍

 

സ്ത്രീകള്‍ നാടകം കാണാന്‍ പോലും അധികം പോകാറില്ലാത്ത കാലം. ഗായികയായി പേരെടുത്ത ഒരു സ്ത്രീ അന്ന് നാടകത്തില്‍ അഭിനയിക്കാനിറങ്ങി. 'പ്രേമ വൈചിത്ര്യം അഥവാ ശശിധരന്‍ ബി.എ' എന്നായിരുന്നു നാടകത്തിന്റെ പേര്. നായികാ േവഷമാണ്. നായകന്‍ ഭര്‍ത്താവാണ്. ആ നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടു. 

പിന്നാലെ അവള്‍ 'യാചകി' എന്ന നാടകത്തില്‍ അഭിനയിച്ചു. അതിലവള്‍ ഒരു പാട്ടുപാടി അഭിനയിച്ചു. 

പാവങ്ങളില്‍ പാവങ്ങളാം
യാചകര്‍ ഞങ്ങള്‍
അയ്യോ, യാചകര്‍ ഞങ്ങള്‍
അയ്യോ, യാചകര്‍ ഞങ്ങള്‍...

കരളുരുകി പാടി അവള്‍ അഭിനയിച്ചപ്പോള്‍ സദസിലിരുന്നവരുടെ നെഞ്ചുരുകി, നാടകം തീര്‍ന്നപ്പോള്‍ അവരെഴുന്നേറ്റ് നിന്ന് കയ്യടിച്ചു. യാചകി ഒന്നും രണ്ടും വര്‍ഷമല്ല, 15 വര്‍ഷക്കാലം കേരളത്തിനകത്തും പുറത്തും അരങ്ങേറി. ഒരരങ്ങില്‍ നിന്നും മറ്റൊരരങ്ങിലേക്കുള്ള യാത്രയായിരുന്നു പത്തുപതിനാല് വര്‍ഷക്കാലം അവള്‍ക്കും ഭര്‍ത്താവിനും.

അന്ന് പാടി അഭിനയിച്ച ആ സ്ത്രീയുടെ പേര് തങ്കം വാസുദേവന്‍ നായര്‍. പ്രശസ്ത സിനിമാ നടി ആറന്മുള പൊന്നമ്മയുടെ സഹോദരി. പൊന്നമ്മയ്‌ക്കൊപ്പം ചെറുപ്പത്തില്‍ തന്നെ കച്ചേരി അവതരിപ്പിക്കാന്‍ പോയിരുന്നു തങ്കം. അന്നവര്‍ അറിയപ്പെട്ടിരുന്നത് 'ആറന്മുള സിസ്റ്റേഴ്‌സ്' എന്നായിരുന്നു. പിന്നീട്, വിവാഹം. നടനും ഗായകനുമായ വൈക്കം വാസുദേവന്‍ നായര്‍. ഭര്‍ത്താവിനൊപ്പം സംഗീതവും നാടകവുമായി അരങ്ങില്‍ നിന്നും അരങ്ങിലേക്ക് യാത്ര ചെയ്തപ്പോള്‍ അവര്‍ 'വൈക്കം ദമ്പതികള്‍' എന്ന് അറിയപ്പെട്ടു. അന്നത്തെ സുവര്‍ണജോഡികള്‍. ശിവനും പാര്‍വതിയും പോലെ വൈക്കം വാസുദേവന്‍ നായരും തങ്കം വാസുദേവന്‍ നായരും ചേര്‍ന്നുനിന്നു. 1990 -ല്‍ വാസുദേവന്‍ നായരും 2007 -ല്‍ തങ്കം വാസുദേവന്‍ നായരും അന്തരിച്ചു.

ഇന്ന് തങ്കം ജനിച്ച ദിവസമാണ്. കേരളസാംസ്‌കാരിക ലോകം അധികമൊന്നും ഓര്‍ക്കാറില്ലെങ്കിലും നമമുടെ സംഗീത നാടക ചരിത്രത്തില്‍നിന്ന് ഇവരെ മുറിച്ചുമാറ്റാനാവില്ല. അസാധാരണമായ ആ ജീവിതത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുകയാണ് തങ്കത്തിന്റെ മകള്‍ ലൈല രവീന്ദ്രന്‍. 

 

100 years of thankam vasudevan nair

ലൈല രവീന്ദ്രന്‍. 

 

ഒരുങ്ങി നടക്കുന്നതായിരുന്നു അമ്മയ്ക്കിഷ്ടം

അമ്മയ്ക്ക് ഞങ്ങളെ ഒരുക്കാന്‍ ഭയങ്കര ഇഷ്ടമായിരുന്നു. അമ്മയും പപ്പയും തിരുവനന്തപുരത്ത് പോയി വരുമ്പോ മൊട്ടുവച്ച കുഞ്ചലം, മൊട്ടുവച്ച വള ഇവയൊക്കെ വാങ്ങിവരും. യൂണിഫോം ഇടാത്ത ദിവസം മാത്രമേ സ്‌കൂളില്‍ ഇതൊക്കെയിട്ട് പോകാനാവൂ. അന്ന് അമ്മ നമ്മളെ നന്നായി ഒരുക്കിയാണ് വിടുന്നത്.

സ്‌കൂളില്‍ ആദ്യമായി ഇത്തരം വളകളൊക്കെ ഇട്ടുപോകുന്നത് ഞങ്ങളായിരുന്നു. എന്നെ ആയാലും അനിയത്തി ഗീതയെ ആയാലും ഒരുങ്ങിക്കാണുന്നതായിരുന്നു അമ്മയ്ക്കിഷ്ടം. പപ്പയ്ക്കും അങ്ങനെ തന്നെ. നമുക്ക് കച്ചേരിയുള്ള ദിവസം അമ്മ ചോദിക്കും 'മോളേ പൂവ് കിട്ടിയല്ലോ അല്ലേ? വാങ്ങിവച്ചിട്ടുണ്ടല്ലോ അല്ലേ' എന്നൊക്കെ.

അതുപോലെ തന്നെയാണ് നമ്മളെ കെയര്‍ ചെയ്യുന്നതും. പനിയോ മറ്റോ വന്നാല്‍ അടുത്തുനിന്നും മാറാതെ പരിചരിക്കും. മരിക്കുന്ന കാലത്തിന് തൊട്ടുമുമ്പ് വരെ അങ്ങനെയായിരുന്നു. 

 

100 years of thankam vasudevan nair

തങ്കം, വാസുദേവന്‍ നായര്‍

അരങ്ങിലേക്കുള്ള വഴി

അമ്മ നാടകത്തിലേക്ക് വരുന്നത് യാദൃച്ഛികമായാണ്. റിഹേഴ്‌സലിന് നായികയ്ക്ക് പ്രോംപ്റ്റ് ചെയ്ത് കൊടുക്കുന്നതൊക്കെ അമ്മ കേള്‍ക്കാറുണ്ട്. ഒരിക്കല്‍ നായികയായി വന്ന സ്ത്രീയുടെ ഡയലോഗില്‍ വടക്കന്‍ സ്ലാംഗ് കേറി വന്നു. അതൊട്ടും ശരിയായില്ല. 

അന്നാണ് വലിയച്ഛന്‍ (കലാസമിതിയുടെ ഉടമയും തങ്കത്തിന്റെ ബന്ധുവുമായ ജയറാം ഗോപാലപിള്ള) അമ്മയോട് ചോദിക്കുന്നത്, തങ്കത്തിന് ഇതൊന്ന് ചെയ്ത് നോക്കാമോ എന്ന്. 

ഉടനെ തന്നെ അമ്മ തിരിച്ചു പറഞ്ഞത്രെ, 'എനിക്കിതെല്ലാം അറിയാം, ഞാനഭിനയിക്കാം' എന്ന്. 

പപ്പയ്ക്ക് സംശയമുണ്ടായിരുന്നു. അമ്മ ആ സംശയം അഭിനയിച്ച് തീര്‍ത്തു. അങ്ങനെ അമ്മയുടെ നാടകയാത്ര ആരംഭിച്ചു. 

അന്നത്തെ എതിര്‍പ്പുകള്‍

അഭിനയിക്കുന്ന കാര്യം വന്നപ്പോള്‍ പപ്പ ആദ്യം പറഞ്ഞത് വല്ല്യമ്മാവനോടാണ്. അദ്ദേഹം പറഞ്ഞത്, നിങ്ങളുടെ ഇഷ്ടമാണ്, പക്ഷേ, ആര്‍ക്കും ഇതത്ര ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല എന്നാണത്രെ. അപ്പോള്‍ പപ്പ പറഞ്ഞു, 'ആരുടെ സമ്മതവും വേണ്ട. പക്ഷേ, അമ്മയുടെ സമ്മതം അറിയണം.'

അമ്മയുടെ അമ്മ കരുത്തുള്ളൊരു സ്ത്രീയായിരുന്നു. അപ്പൂപ്പന്‍ നേരത്തെ മരിച്ചതാണ്. അങ്ങനെ അമ്മൂമ്മയോട് ചോദിച്ചു. അവര്‍ കുറച്ച് നേരം മിണ്ടിയില്ല. അതിനുശേഷം അമ്മയോട് ചോദിച്ചു, തങ്കം നിനക്ക് സമ്മതമാണോ എന്ന്. 

'എനിക്കിഷ്ടമാണ്, എനിക്ക് അഭിനയിക്കാനൊക്കെ അറിയാം' എായിരുന്നത്രെ അമ്മയുടെ മറുപടി. 

അതു കേട്ടതും അമ്മൂമ്മ അച്ഛനോട് പറഞ്ഞു: 'ഞാന്‍ വാസുദേവന്‍ നായരുടെ കയ്യില്‍ അവളെ ഏല്‍പ്പിച്ചു ഇനി നിങ്ങളുടെ ഇഷ്ടമാണ്. നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ടമാണെങ്കില്‍ അത് ചെയ്യാം.' 

ആ ഒരു വാക്കിലാണ് അമ്മ അഭിനയം തുടങ്ങിയത്. അന്ന് അമ്മൂമ്മ എതിര്‍ത്തിരുന്നുവെങ്കില്‍ അഭിനയമോഹം അവിടെ തീര്‍ന്നേനെ. 

ചെറുക്കന്‍ പാട്ടുകാരനായതതിനാല്‍, അപ്പൂപ്പന്റെ വീട്ടുകാര്‍ക്ക് ഈ കല്യാണത്തിന് തന്നെ താല്‍പര്യമില്ലായിരുന്നു, നാടകത്തിലഭിനയിക്കുന്നതിനേയും പല ബന്ധുക്കളും എതിര്‍ത്തു. എതിര്‍പ്പും പരിഹാസവും ഒക്കെ ഉണ്ടായി. പക്ഷേ, നാടകം നന്നായി നടന്നുകൊണ്ടിരുന്നു. പിന്നെ, അറിയപ്പെട്ട് തുടങ്ങിയപ്പോള്‍ നാടകത്തിന്റെ കോണ്‍ട്രാക്ട് ഒപ്പിടാന്‍ ഈ ബന്ധുക്കള്‍ തന്നെ വരുമായിരുന്നു എന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്.

കീറപ്പാവാടയും ബ്ലൗസുമിട്ട കഥാപാത്രം

'യാചകി' എന്ന നാടകം അന്നത്തെ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. 1937 -ലാണ് ആ നാടകം കളിച്ചു തുടങ്ങുന്നത്. അതിലെ അമ്മയുടെ ക്യാരക്ടര്‍ പാവാടപ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയാണ്. അച്ഛന് കണ്ണ് കാണില്ല. അച്ഛനെയും കൊണ്ട് ധര്‍മ്മം വാങ്ങിക്കാന്‍ വരികയാണ്. മകള്‍ വടിയുടെ ഒരറ്റത്ത് പിടിക്കും, അച്ഛന്‍ മറ്റേ അറ്റത്തും. തണ്ടിയൂര്‍ പരമേശ്വരന്‍ കുട്ടി എന്നായിരുന്നു അച്ഛനായി അഭിനയിച്ച നടന്റെ പേര്. അച്ഛനും മകളും പാട്ടും പാടി സദസിലേക്ക് പോകും. അപ്പോള്‍ സദസില്‍ നിന്നും പൈസയിട്ട് കൊടുക്കും. പപ്പ നടനോട് പറയും 'ആ പൈസ നിനക്ക് കിട്ടിയതല്ലേ നീ എടുത്തോ' എന്ന്. ഒരുദിവസം മൂന്നും നാലും സ്റ്റേജ് ചെയ്തിട്ടുണ്ട് ആ നാടകം. സദസില്‍നിന്നും കിട്ടിയ തുക കൊണ്ട് മാത്രം യാചകനായി അഭിനയിച്ച നടന്‍ ഒരു വീട് വെച്ചിട്ടുണ്ടത്രെ!

അമ്മയുടെ വേഷം കീറപ്പാവാടയും ബ്ലൗസുമാണ്. അതൊക്കെ സങ്കടം വരുന്ന രംഗങ്ങളാണ് നാടകത്തിലെ. പിന്നെ അവസാനം കല്യാണം കഴിക്കുന്ന രംഗമാണ്. അപ്പോ കാണികള്‍ 'അയ്യോ...' എന്നും പറഞ്ഞ് എണീറ്റ് നിക്കുമായിരുന്നത്രെ. പിന്നെ, അമ്മ ഭയങ്കര സുന്ദരി ആയിരുന്നു. പറഞ്ഞു കേട്ടിട്ടുണ്ട്, ഒരു നാടകം പേരോര്‍മ്മയില്ല. അതില്‍ കര്‍ട്ടന്‍ പൊക്കുമ്പോള്‍ അമ്മ വീണ വായിക്കുന്നതാണ്. അപ്പോള്‍ ആളുകള്‍ എന്ത് ഭംഗിയാണ് എന്ന അര്‍ത്ഥത്തില്‍ 'ഹാ....യ്...' എന്ന് ഉറക്കെ പറയുമായിരുന്നത്രെ. ആ ശബ്ദം നമുക്ക് സ്റ്റേജില്‍ കേള്‍ക്കാം എന്ന് അമ്മ പറയുമായിരുന്നു.

സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്ക് പോലും അതൊന്നും കാണാനുള്ള ഭാഗ്യമുണ്ടായില്ല. ഞാനൊക്കെ ജനിക്കുന്നതിന് മുമ്പാണ്, പത്ത് പതിനാല് വര്‍ഷക്കാലം പപ്പയുടേയും അമ്മയുടേയും സുവര്‍ണ കാലഘട്ടമായിരുന്നുവല്ലോ.

 

100 years of thankam vasudevan nair

 

പ്രേം നസീറിന്റെ ചെവിക്ക് പിടിച്ച പൊലീസ്

ഞങ്ങള്‍ കുട്ടികളായിരിക്കുമ്പോള്‍ നസീറങ്കിള്‍ വീട്ടില്‍ വരുമായിരുന്നു. മൂന്നാറിലൊക്കെ ഷൂട്ടിന് പോകുന്ന വഴി ആയിരിക്കും. അങ്ങനെ വരുന്ന കുറേ നടന്മാരുണ്ട് അന്ന്. അവര്‍ വന്ന് കഴിഞ്ഞാല്‍ വീടിന് ചുറ്റും ആളുകള്‍ കൂടും. വീടിന്റെ തൊട്ടടുത്ത് വിജയാ തിയേറ്ററുണ്ട്. എല്ലാ സിനിമയും കാണുന്നവരാ ചുറ്റും താമസിക്കുന്നത്. കടയിലുള്ളവരാണ് പറയുക 'ദേ സിനിമാക്കാര് വന്നു' എന്ന്. 

അപ്പോള്‍ പപ്പ നസീറങ്കിളിനോട് പറയും, 'നീയൊന്ന് ഇറങ്ങി നിന്നുകൊടുത്തേ' എന്ന്. 

ഇറങ്ങി നിന്നാല്‍ ആരാധകരുടെ ബഹളമാണ്. എല്ലാം കഴിയുമ്പോള്‍ നസീറങ്കിള്‍ ഞങ്ങളോട് പറയും, 'മക്കളേ, ഒരു കാര്യം കേക്കണോ. ഇത് പോലെയായിരുന്നു പണ്ട് നിങ്ങളുടെ അച്ഛനും അമ്മയും. അത്രയധികം ആരാധകരുണ്ടായിരുന്നു. നിങ്ങളുടെ അച്ഛനേയും അമ്മയേയും കാണാന്‍ ഞങ്ങളെല്ലാം ഇതുപോലെ കൂടുമായിരുന്നു' എന്ന്.

ചിറയിന്‍കീഴിലൊക്കെ നാടകം കളിക്കുമ്പോള്‍ ഷെഡ് കെട്ടും. തുറന്ന സ്ഥലമായിരിക്കും. ഭയങ്കര ആള് കൂടും. പേര് കേട്ട നാടകമാണല്ലോ. ഓലകൊണ്ടുള്ള ഷെഡിലാണ് നടീനടന്‍മാര്‍. സുന്ദരിമാരായ നടിമാരെയൊക്കെ കാണാന്‍ ആളുകള്‍ ഓലവാതില്‍ പൊക്കിനോക്കും. ചെറ്റപൊക്കി നോക്കും എന്നാണതിന് പറയുക. ഇങ്ങനെ ചെറ്റപൊക്കി നോക്കുന്നവരെയൊക്കെ  പൊലീസ് പേടിപ്പിക്കും. അങ്ങനെ ഒരിക്കല്‍ നോക്കുന്നേരം നസീറങ്കിളിനേയും കൂട്ടുകാരെയും പൊലീസ് ചെവിക്ക് പിടിച്ച എന്ന കഥയൊക്കെ കേട്ടിട്ടുണ്ട്.

 

100 years of thankam vasudevan nair

ആറന്മുള പൊന്നമ്മ

 

ജാതി നോക്കാത്ത വീട് 

വീട്ടിലെന്നും തിരക്കായിരുന്നു. വൈക്കത്തഷ്ടമി വന്നാല്‍ പന്ത്രണ്ട് ദിവസവും വീട്ടിലാളുണ്ടാവും. വരുന്ന കലാകാരന്മാര്‍ക്ക് മുഴുവനും ആഹാരം കൊടുക്കുക, റിഹേഴ്‌സലിന് സൗകര്യം ചെയ്യുക ഇതൊക്കെ വീട്ടിലാണ്.  അതിന് പുറമേ ഒരുപാട് പേര്‍ അമ്മയേയും അച്ഛനേയും കാണാന്‍ വരും. 

അന്ന് നമ്മളെ സ്‌കൂളില്‍ നിന്നും കൊണ്ടുവരാന്‍ ഒരു സൈക്കിള്‍ റിക്ഷ ഉണ്ടായിരുന്നു. അതില്‍ വന്നിറങ്ങുമ്പോഴേക്കും വീട്ടിലാകെ മേളമായിരിക്കും. അന്നത്തെ കാലമായിരുന്നിട്ടും പപ്പ നമുക്ക് ജാതിവേര്‍തിരിവ് പാടില്ല എന്ന് പറഞ്ഞു തന്നിരുന്നു.  വൃത്തിയുള്ള എവിടെനിന്നും ആഹാരം കഴിക്കാം. ഞങ്ങളുടെ വീട്ടിലും അങ്ങനെ ഒരു വേര്‍തിരിവില്ലായിരുന്നു. നാനാജാതി ആളുകളും വരും.

കേരളകേസരി എന്ന സിനിമ, നായകന്‍ പപ്പ, നായിക അമ്മ 

നാടകസീസണൊക്കെ കഴിഞ്ഞ് 1951 -ല്‍ അവര്‍ 'കേരള കേസരി' എന്നൊരു സിനിമ എടുത്തു. സ്വന്തമായി 'സ്റ്റാര്‍ കമ്പയിന്‍ഡ്' എന്ന നിര്‍മ്മാണക്കമ്പനി രൂപികരിച്ചായിരുന്നു നിര്‍മ്മാണം. നായകന്‍ പപ്പയും, നായിക അമ്മയും. അതുവരെ ഭര്‍ത്താവിനൊപ്പമേ അഭിനയിക്കൂ എന്ന ഉറച്ച നിലപാടിലായിരുന്നത് കൊണ്ടാണ് അമ്മ സിനിമയിലഭിനയിക്കാതിരുന്നത്. ആ സിനിമ വിജയിച്ചില്ല. അതോടെ അഭിനയം നിര്‍ത്തി.

സിനിമയുമായി ബന്ധപ്പെട്ട് കേസ് ഒക്കെ ഉണ്ടായി. അന്ന് നമുക്ക് 'വൃന്ദാവനം' എന്ന പേരില്‍ ഒരു ബംഗ്ലാവുണ്ടായിരുന്നു വൈക്കത്ത്. കേസില്‍ മറുഭാഗം ചോദിച്ചത് ആ ബംഗ്ലാവാണ്. വേറെ എന്തും തരാമെന്ന് പറഞ്ഞിട്ടും ബംഗ്ലാവ് തന്നെ മതിയെന്ന് അവര്‍ വാശിപിടിച്ചു. പപ്പയ്ക്കും അമ്മയ്ക്കും ഏറെ ഇഷ്ടപ്പെട്ട വീടായിരുന്നു അത്. വേദനയോടെയാണ് പപ്പയത് കൊടുത്തത്. അന്ന് അമ്മ ഭയങ്കര കരച്ചിലൊക്കെ ആയിരുന്നു.

'എന്റെ സാറെന്നെ വിവാഹം കഴിക്കണേ'

അമ്മയും പൊന്നമ്മച്ചിയും ചെറുപ്പത്തില്‍ തന്നെ 'ആറന്മുള സിസ്റ്റേഴ്‌സ്' എന്ന പേരില്‍ കച്ചേരി നടത്തുന്നുണ്ടായിരുന്നു. സംഗീതത്തിന് വലിയ പ്രാധാന്യം കൊടുത്ത തറവാട് ആയിരുന്നു അമ്മയുടേത്. അന്നത്തെ കാലത്ത് നല്ല കലാകാരന്മാരെ വീട്ടില്‍ കൊണ്ടുവന്ന് ആദരിക്കുക, പാടിക്കുക ഇതൊക്കെ ഉണ്ടായിരുന്നു. 

പപ്പ അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ പോയി പഠിച്ച് വന്ന കാലമായിരുന്നു. 22 വയസ്സ്. നന്നായി പാടുമായിരുന്നുവത്രെ. തിരിച്ചുവന്നപ്പോള്‍ വലിയമ്മാവന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പാടാന്‍ ചെന്നു. ആ പാട്ട് കേട്ട വലിയമ്മാവന്‍  വീട്ടിലേക്ക് ക്ഷണിച്ചു. പാട്ടൊക്കെ കേട്ടപ്പോള്‍ അമ്മമ്മയ്ക്കും ഇഷ്ടമായി. അപ്പോള്‍ അമ്മൂമ്മ, എന്റെ മക്കളെയും പാട്ട് പഠിപ്പിക്കുന്നുണ്ട് ഒന്ന് കേള്‍ക്കാമോ എന്ന് ചോദിച്ചു. അന്ന് രാമന്‍ പിള്ള സാറിന്റെ കീഴില്‍ അമ്മയും വല്ല്യമ്മച്ചിയും പാട്ട് പഠിക്കുന്നുണ്ട്. രണ്ടുപേരും നന്നായി പാടുന്നുണ്ട്. അങ്ങനെ അമ്മയേയും വല്ല്യമ്മയേയും പാട്ട് പഠിപ്പിക്കാമെന്ന് പപ്പ സമ്മതിച്ചു.

മാസത്തില്‍ ഒന്നോരണ്ടോ ക്ലാസാണുണ്ടാവുക. പപ്പയ്ക്ക് അമ്മയുടെ പാട്ട് ഇഷ്ടമായിരുന്നു. പപ്പ തന്നെയാണ് തങ്കത്തിനെ കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ട് എന്ന് പറഞ്ഞത്. 

അമ്മയ്ക്കും ഇഷ്ടമായിരുന്നുവെന്ന് അമ്മൂമ്മ പിന്നീട് പറഞ്ഞിട്ടുണ്ട്. സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി നാമം ജപിക്കുമ്പോള്‍ 'എന്റെ സാറെന്നെ വിവാഹം കഴിക്കണേ' എന്ന് അമ്മ ഒരു കൈവിരല്‍ കൊണ്ട് മറ്റേ കൈവെള്ളയില്‍ എഴുതി  പ്രാര്‍ത്ഥിച്ചിരുന്നത്രെ. എന്താ തങ്കം ചെയ്യുന്നത് എന്ന് ചോദിക്കുമ്പോള്‍ വീണ്ടും കൈകൂപ്പി പ്രാര്‍ത്ഥിക്കുമായിരുന്നു പോലും!

 

100 years of thankam vasudevan nair

 

മൂന്ന് മക്കള്‍

മൂത്ത മകന്‍ രാജ്കുമാര്‍ ഉണ്ടായ ഉടനെയാണ് അമ്മ നാടകത്തിലേക്ക് പോകുന്നതും സജീവമാകുന്നതും. ചേട്ടന്റെ ചെറുപ്പകാലത്തൊക്കെ അമ്മ സജീവമായി നാടകത്തിലുണ്ട്. അതിനുശേഷം 14 വര്‍ഷം കുട്ടികളുണ്ടായില്ല.

പെണ്‍കുട്ടിക്കായി ഒരുപാട് വഴിപാട് നേര്‍ന്നിരുന്നു. ചേട്ടനുണ്ടായി 14 വര്‍ഷം കഴിഞ്ഞാണ് ഞാന്‍ പിറക്കുന്നത്. കുട്ടിക്കെന്ത് പേരിടും എന്ന ചര്‍ച്ച വീട്ടിലെല്ലാം നടക്കുന്നുണ്ട്. പപ്പ മാത്രം ഒന്നും പറയില്ല. പക്ഷേ, പപ്പയുടെ മനസിലൊരു പേരുണ്ടായിരുന്നു. പപ്പ ചേര്‍ത്തല ഭാഗത്തൂടെയെങ്ങാനും പോകുമ്പോള്‍ ലൈലാ മജ്‌നുവിന്റെ പോസ്റ്റര്‍ കണ്ടു. ഇരുപത്തിയെട്ട് കെട്ട് സമയമായപ്പോള്‍ ലൈല എന്നാണ് എനിക്ക് പേര് വിളിച്ചത്. എന്റെ മകള്‍ക്ക് ഈയൊരറ്റ പേര് മതി എന്നങ്ങ് പ്രഖ്യാപിച്ചത്രെ. 

ചെറുതിലേ ഞാനൊരുപാട് കരയുവൊക്കെ ചെയ്യുമായിരുന്നു. ആര്‍ക്കും ഇല്ലാത്ത പേര്, പപ്പാ എനിക്കീ പേര് വേണ്ടാ എന്നൊക്കെ. അപ്പോ പപ്പ പറയും, 'നിനക്ക് അറിയാഞ്ഞിട്ടാ എത്ര സ്‌നേഹമയി ആണ് ഈ ക്യാരക്ടറെന്ന് അറിയാമോ. അതുകൊണ്ടാ പപ്പ ഈ പേര് ഇട്ടത്. മോള്‍ക്ക് അതുകൊണ്ടീ പേര് മതി'യെന്ന്.

എനിക്ക് രണ്ട് വയസു തികഞ്ഞപ്പോള്‍ അനിയത്തി ഉണ്ടായി. അന്ന് അമ്മ പറഞ്ഞു, ദയവായി വേറൊരു പേരും ഇടരുത് ഗീത എന്ന് മതി എന്ന്. അങ്ങനെ അനിയത്തിക്ക് ഗീത എന്ന് പേരിട്ടു. ഫിലോസഫി പ്രൊഫസറായിരുന്ന അനിയത്തി റിട്ടയറായി. ഇപ്പോള്‍ പ്രഭാഷണം, എഴുത്ത് ഒക്കെയായി പോകുന്നു. പാട്ടില്‍ അത്ര സജീവമായിട്ടിപ്പോഴില്ല. എന്നാലും പാടും. ഞാനും അമ്മയും ഒരുമിച്ച് കച്ചേരി നടത്തുമായിരുന്നു. ഇപ്പോള്‍ 'സംഗീത മാലിക' എന്നൊരു ട്രൂപ്പുണ്ട്.

അവരുടെ മകളായത് കൊണ്ട് സ്‌നേഹം മാത്രം

പപ്പയുടെയും അമ്മയുടെയും മകളായത് കൊണ്ട് എല്ലായിടത്തുനിന്നും അംഗീകാരവും സ്‌നേഹവും കിട്ടിയിട്ടേ ഉള്ളൂ. നാടകം കണ്ടിട്ടുണ്ട്, പാട്ട് കേട്ടിട്ടുണ്ട് എന്നൊക്കെ പറയും ആളുകള്‍. ഒരിക്കല്‍, കൊട്ടാരക്കര അമ്പലത്തില്‍ പാടാന്‍ പോയിരുന്നു. അതൊക്കെ പപ്പയ്ക്കും അമ്മയ്ക്കും ഒരുപാട് ആരാധകരുള്ള സ്ഥലമാണ്. ഞങ്ങളിരുന്ന് കഴിഞ്ഞപ്പോള്‍ ഒരാള്‍ വന്ന് പറഞ്ഞു, 'മാഡം പരിപാടി കഴിയുമ്പോള്‍ ഒന്ന് കാണണം' എന്ന്. 

കാര്യം തിരക്കിയപ്പോള്‍, 'എന്റെ അച്ഛന്‍ വന്നിട്ടുണ്ട്. 88 വയസായി മാഡത്തെ ഒന്ന് കാണണം എന്ന് പറയുന്നുണ്ട്' എന്ന് പറഞ്ഞു. അങ്ങനെ പാടിത്തുടങ്ങിയപ്പോള്‍ ഒരു റിക്വസ്റ്റ് വന്നിരുന്നു ആ 88 വയസുള്ള അപ്പൂപ്പന്‍ 'അമ്പിളി അമ്മാവാ' എന്ന പാട്ടൊന്ന് പാടാമോ എന്ന് ചോദിച്ചു. പപ്പ ആ പാട്ട് രണ്ടുമൂന്ന് രാഗത്തിലാക്കിയിരുന്നു. ആ പാട്ടിനൊക്കെ ഒരുപാട് ആരാധകരുണ്ടായിരുന്നു അന്ന്.

അങ്ങനെ പരിപാടി കഴിഞ്ഞു അദ്ദേഹത്തെ കണ്ടു. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. വാസുദേവന്‍ ചേട്ടന്‍, തങ്കം ചേച്ചി എന്ന് പറഞ്ഞാല്‍ അങ്ങനെയായിരുന്നു അവര്‍ക്ക്. പപ്പയും അമ്മയും അവരുടെ വീട്ടില്‍ ചെന്ന് ആഹാരമൊക്കെ കഴിച്ചിട്ടുണ്ട്. അന്നദ്ദേഹം ചെറുതായിരുന്നു. അതൊക്കെ വലിയ അനുഗ്രഹമാണ്. എവിടെ ചെല്ലുമ്പോഴും പപ്പയേയും അമ്മയേയും സ്‌നേഹിക്കുന്ന മനുഷ്യര്‍ ഉണ്ട് എന്നത്.

Follow Us:
Download App:
  • android
  • ios