Asianet News MalayalamAsianet News Malayalam

വൈവിധ്യം സ്ഥിരതയ്ക്ക് ഭീഷണിയോ ?; സർ റോബർട്ട് മേയെ തിരുത്തി യുവ ഇന്ത്യൻ ശാസ്ത്രജ്ഞ

വ്യവസ്ഥയുടെ സ്ഥിരതയ്ക്ക് വൈവിധ്യം ആഘാതം സൃഷ്ടിക്കില്ലെന്നും മറിച്ച് വ്യവസ്ഥിതിക്ക് നേരെയുണ്ടാകുന്ന ആഘാതങ്ങളെയെല്ലാം മറികടക്കാന്‍ വ്യവസ്ഥയുടെ വൈവിധ്യത്തിന് കഴിയുമെന്നും ഡോ ചന്ദ്രകലാ മീണയും സംഘവും തെളിയിച്ചു. 
 

Dr Chandrakala Meena says diversity is essential to the survival of the system bkg
Author
First Published Jul 11, 2023, 2:36 PM IST


ലോകത്ത് സമാനതകളെക്കാളേറെ വൈവിധ്യങ്ങളാണ്. സങ്കീര്‍ണ്ണമായ ഈ വൈവിധ്യത്തില്‍ 'സ്ഥിരത' (stability) ഏങ്ങനെ കണ്ടെത്താന്‍ കഴിയുന്നു എന്ന അന്വേഷണത്തിലായിരുന്നു ലോകം. കഴിഞ്ഞ അമ്പത് വര്‍ഷമായി ശാസ്ത്രജ്ഞരെ ആശയക്കുഴപ്പത്തിലാക്കിയ 'വൈവിധ്യ - സ്ഥിരതാ വിരോധാഭാസം' (diversity-stability paradox) എന്ന പ്രശ്നത്തിന് ഒടുവില്‍ ഒരു ഇന്ത്യന്‍ ശാസ്ത്രജ്ഞയുടെ നേതൃത്വത്തില്‍ പരിഹാരം കണ്ടെത്തിയിരിക്കുന്നു. നിരവധി സാമൂഹിക ശൃംഖലകളില്‍ നിന്നും സ്വീകരിച്ച ഗണിത മാതൃകകളെ അടിസ്ഥാനമാക്കി  ഇസ്രായേലിലെ ബാർ ഇലാൻ സർവകലാശാലയില്‍ വച്ച് ഡോ.ചന്ദ്രകലാ മീണ നടത്തിയ ഗവേഷണത്തിലൂടെ ശാസ്ത്രത്തിന്‍റെ അരനൂറ്റാണ്ട് കാലത്തെ സമസ്യയ്ക്കാണ് പരിഹാരം കണ്ടെത്തിയത്.  തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ (IISER) അസിസ്റ്റന്‍റ് പ്രൊഫസറായ ഡോ. ചന്ദ്രകലാ മീണ പ്രധാന രചയിതാവായ  'എമർജന്‍റ് സ്റ്റെബിലിറ്റി ഇൻ കോംപ്ലക്‌സ് നെറ്റ്‌വർക്കിംഗ് ഡൈനാമിക്‌സ്' (Emergent Stability in Complex Networking Dynamics) എന്ന ഗവേഷണ പ്രബന്ധം കഴിഞ്ഞ മാർച്ചിൽ നേച്ചർ ഫിസിക്‌സ് ജേണലിൽ പ്രസിദ്ധീകരിച്ചു. ശാസ്ത്രജ്ഞരെ കുഴക്കിയ 50 വർഷം പഴക്കമുള്ള ഒരു പ്രശ്നത്തിന് താനും സംഘവും എങ്ങനെ പരിഹാരം കണ്ടെത്തിയെന്ന് വിശദമാക്കുന്നുു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് വേണ്ടി ശാലിനി എസുമായി ഡോ. ചന്ദ്രകലാ മീണ നടത്തിയ സംഭാഷണത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍. 

സ്ഥിരത Vs വൈവിധ്യ വിരോധാഭാസം (The Stability Vs Diversity Paradox) എന്ന പ്രശ്നം ഉടലെടുക്കുന്നത്? 

ബ്രീട്ടീഷ് സര്‍ക്കാറിന്‍റെ പ്രധാന സൈന്‍റിഫിക് ഉപദേശകനായിരുന്ന സർ റോബർട്ട് മേ (Sir Robert May),1972 -ല്‍ മൃഗങ്ങളുടെ ജനസംഖ്യയുടെ ചലനാത്മകതയെ കുറിച്ചും പ്രകൃതിയിലെ മറ്റ് സമൂഹങ്ങളിലെ വൈവിധ്യവും (Diversity) സ്ഥിരതയും (Stability) തമ്മിലുള്ള ബന്ധത്തെ കുറിച്ചുമായിരുന്നു പഠിച്ചിരുന്നത്. ജൈവവൈവിധ്യത്തിന്‍റെ വർദ്ധനവ്, കുറഞ്ഞ പാരിസ്ഥിതിക സ്ഥിരതയ്ക്ക് കാരണമാകുമെന്ന് ഗണിത ശാസ്ത്ര മാതൃകകളുടെ സഹായത്തോടെ അദ്ദേഹം വ്യാഖ്യാനിച്ചു. ഇതിനായി ഒരു ശൃംഖലയിലെ ക്രമരഹിതമായ ഇടപെടലുകളുള്ള ഒരു ആവാസ വ്യവസ്ഥയെ അദ്ദേഹം മാതൃകയായി തെരഞ്ഞെടുക്കുകയായിരുന്നു. ഈ മാതൃകയില്‍ നിന്നും വൈവിധ്യം വർദ്ധിക്കുന്നതിനനുസരിച്ച് സംവിധാനത്തിന്‍റെ (System) സ്ഥിരത കുറയുന്നതായി അദ്ദേഹം വ്യാഖ്യാനിച്ചു. 

ഗണിത ശാസ്ത്രത്തിന്‍റെ സഹായത്തോടെ റോബർട്ട് മേ കണ്ടെത്തിയ ഫലം മനുഷ്യന്‍റെ മസ്തിഷ്കം മുതൽ ഇന്‍റർനെറ്റ്, പ്രകൃതി പരിസ്ഥിതി വ്യവസ്ഥകൾ മുതൽ സങ്കീര്‍ണ്ണമായ നഗരങ്ങൾ വരെയുള്ള പരിസ്ഥിതിയിലെയും മറ്റ് സങ്കീർണ്ണമായ പ്രകൃതിദത്ത അല്ലെങ്കിൽ മനുഷ്യ - എഞ്ചിനീയറിംഗ് ശൃംഖലകളിലെയും നിലവിലെ മാതൃകകളില്‍ നിന്ന് വ്യത്യസ്‌തമാണ്. വൈവിധ്യപൂര്‍ണ്ണമായ വ്യവസ്ഥിതിക്കകത്തെ നിരന്തരമായ വെല്ലുവിളികളെയും തടസ്സങ്ങളെയും അസ്വസ്ഥതകളെയും അവഗണിച്ച് അവ ശക്തമായ പ്രതിരോധശേഷിയോടെയുള്ള പ്രവർത്തനക്ഷമത പ്രകടിപ്പിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. സിദ്ധാന്തത്തിലെയും പ്രയോഗത്തിലെയും ഈ വൈരുദ്ധ്യം,'സ്ഥിരത Vs വൈവിധ്യ വിരോധാഭാസം' എന്ന ശാസ്ത്ര തര്‍ക്കത്തിന് കാരണമായി. 

Dr Chandrakala Meena says diversity is essential to the survival of the system bkg

ഡോ ചന്ദ്രകലയുടെയും സംഘത്തിന്‍റെയും കണ്ടെത്തലുകൾ

ഇത്തരം വൈവിധ്യങ്ങളുടെ പൊതു ഇടപെടലുകളുടെ ശക്തി ക്രമരഹിതമല്ല എന്നായിരുന്നു ഡോ.ചന്ദ്രകലയുടെയും സംഘത്തിന്‍റെയും നിരീക്ഷണം. ചലനാത്മകതയ്‌ക്കൊപ്പം മാറുന്ന വളരെ വ്യതിരിക്തമായ സ്കെയിലിംഗ് പാറ്റേണുകളെയാണ് ഡോ.ചന്ദ്രകലയും സംഘവും ഗവേഷണ മാതൃകയായി തെരഞ്ഞെടുത്തത്. ആവാസവ്യവസ്ഥയിലെ പരസ്പരബന്ധിതമായ ശൃംഖലകള്‍ വലുതും വൈവിധ്യപൂര്‍ണ്ണവുമായിരുന്നെങ്കിലും അതില്‍ ഗണിതശാസ്ത്രപരമായി രേഖീയമായ ഏകതാനത  (asymptotically stable) പ്രകടമാക്കുന്ന ഫലങ്ങള്‍ ലഭിച്ചു. അതേ സമയം ചില ചലനാത്മക അവസ്ഥകൾ നിരുപാധികമായി സ്ഥിരത കൈവരിക്കുകയും ചെയ്തതായി രേഖപ്പെടുത്തി. പരീക്ഷണ സങ്കേതങ്ങള്‍ (parameters)  മാറ്റി നോക്കിയാലും സങ്കീര്‍ണ്ണമായ വ്യവസ്ഥിതിയിലെ  ഒരു വ്യവസ്ഥയെ മാറ്റി മറ്റൊന്നിനെ പുനസ്ഥാപിച്ചാലും അങ്ങനെ പല തരത്തില്‍ നിങ്ങളുടെ  'വ്യവസ്ഥിതിയെ' (system) പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതിന് ആവശ്യത്തിന് വൈവിധ്യമോ വലുപ്പമോ ഉണ്ടെങ്കില്‍ അത് തകരില്ലെന്നും ഏത് പ്രതിസന്ധിയെയും അതിജീവിക്കാന്‍ കരുത്ത് നേടുമെന്നും ചന്ദ്രകലയും സംഘവും കണ്ടെത്തി. ഇതാണ് ഗവേഷണ പ്രബന്ധത്തിന്‍റെ പേരില്‍ തന്നെ സൂചിപ്പിച്ചിട്ടുള്ള 'എമർജന്‍റ്  സ്റ്റെബിലിറ്റി' (Emergent Stability).  

ഓരോ സങ്കീര്‍ണ്ണ വ്യവസ്ഥിതികള്‍ക്കും അവയുടെ പാരസ്പര്യത്തിലെ സങ്കീര്‍ണ്ണത ഏകവും പ്രധാനപ്പെട്ടതുമാകുന്നു. ബാഹ്യസാഹചര്യങ്ങളോടും പ്രക്ഷുബ്‌ദതകളോടും അവ നിര്‍വികാരമായി തന്നെ രേഖീയമാകുന്നു. വളരെ സ്വാഭാവികമായി തന്നെ ശക്തമായ ചലനാത്മക അവസ്ഥകളെ ഇത്തരം സങ്കീര്‍ണ്ണ വൈവിധ്യങ്ങള്‍ ശൃംഖലയ്ക്കുള്ളില്‍ അനുവദിക്കുന്നു. ഇത്തരത്തില്‍ സങ്കീര്‍ണ്ണമായ വൈവിധ്യ സംവിധാനങ്ങള്‍ക്ക് പ്രശ്നങ്ങളെ അതിജീവിക്കാന്‍ 'കഴിയും' മെന്ന് മാത്രമല്ല, അവയ്ക്ക് ശക്തമായ സ്ഥിരതയും ഉണ്ടായിരിക്കും. മനുഷ്യ നിര്‍മ്മിത സാങ്കേതിക ശൃംഖലകളുടെ, വൈദ്യുതി വിതരണ നിയമത്തെ എടുത്താല്‍  സന്തുലിതാവസ്ഥയിൽ നിന്നുള്ള പ്രാദേശിക അസ്വസ്ഥതകൾക്ക് കീഴിൽ സങ്കീർണ്ണമായ നെറ്റ്‌വർക്കുകൾ സ്ഥിരമായിരിക്കും. അതായത്, വൈവിധ്യമാർന്ന ഒരു ശൃംഖലയെ അതിന്‍റെ സന്തുലിതാവസ്ഥയിൽ നിന്ന് ശല്യപ്പെടുത്തുകയാണെങ്കിൽ, അത് അസ്വസ്ഥമാകില്ല, മറിച്ച് ആ ശൃംഖലയുടെ സന്തുലിതാവസ്ഥ സ്ഥിരമായി തുടരും. 

സാമൂഹിക ശാസ്ത്രം, സാമൂഹിക മാധ്യമ ശൃംഖലകള്‍, സാംക്രമിക രോഗങ്ങള്‍ എന്നിവയെ പരിഗണിക്കുകയാണെങ്കിൽ, ഇവയെല്ലാം ഓരോരോ സാമൂഹിക ശൃംഖലകളാണെന്ന് കാണാം. അത് ആളുകൾ തമ്മില്‍ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ കുറിച്ച് പറയുന്നു. ഇത്തരം ശൃംഖലകളിലുള്ള ആളുകൾ തമ്മിലുള്ള ബന്ധങ്ങളും അവയെ തുടര്‍ന്നുണ്ടാകുന്ന ഇടപെടലുകളുമാണ് ആ ശൃംഖലയുടെ ഘടനയെ നിർവചിക്കുന്നത്. ഈ ശൃംഖലകള്‍ തമ്മിലുള്ള വ്യത്യാസം പരസ്പര സമ്പര്‍ക്കത്തിലൂടെ നിർണ്ണയിക്കപ്പെടുന്നു. പകർച്ചവ്യാധിയുടെ വ്യാപന കാലത്ത് സാമൂഹിക മാധ്യമ ശൃംഖലകള്‍ ഉപയോഗപ്പെടുത്തി വിവരങ്ങളുടെ വ്യാപനമായിരുന്നു സംഭവിച്ചത്. രോഗ വ്യാപന കാലത്തെ ഏറ്റവും പ്രധാനപ്പെട്ടതും ശക്തവുമായ ഇടപെടലായി അത് മാറി. 

Dr Chandrakala Meena says diversity is essential to the survival of the system bkg

അധികാര വിതരണ നിയമത്തെ അടിസ്ഥാനമാക്കിയാല്‍ സാമൂഹിക മാധ്യമമായ ട്വിറ്ററിൽ ദശലക്ഷക്കണക്കിന് അനുയായികളുള്ള (followers) കുറച്ച് ആളുകളെ പോലെ, വളരെയധികം ബന്ധങ്ങളുള്ള അതേസമയം കൂടുതല്‍ സ്വാധീനമുള്ളവരും ഈ സങ്കീര്‍ണ്ണ വ്യവസ്ഥയില്‍ പ്രധാനമാണ്. അതുപോലെ തന്നെ വളരെ കുറച്ച് അനുയായികളുള്ള  എന്നാല്‍ ഭൂരിഭാഗം വരുന്ന ആളുകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ചെറുതെന്ന് തോന്നുമെങ്കിലും ശക്തവും സങ്കീര്‍ണ്ണവുമായ ചാലകങ്ങളാണ് അവയും.  മറ്റൊരു തരത്തില്‍ നോക്കിയാല്‍ ഇത്തരത്തില്‍ ഒരു രാജ്യത്തെ ചില നഗരങ്ങള്‍ തമ്മില്‍ പരസ്പരം പല രീതികളില്‍ ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. അതേ സമയം കൂടുതല്‍ നഗരങ്ങള്‍ തമ്മില്‍ വളരെ അയഞ്ഞതും ദുര്‍ബലവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നതായും കാണാം. സങ്കീര്‍ണ്ണ വ്യവസ്ഥിതിക്കകത്ത് ഇത്തരത്തില്‍  പ്രധാന ശൃംഖലകളെ ശല്യപ്പെടുത്താത്ത ഇടത്തോളം കാലം അസ്വസ്ഥതകള്‍ക്ക് ഇടയിലും സങ്കീര്‍ണവും വൈവിധ്യം നിറഞ്ഞതുമായ വ്യവസ്ഥിതിയ്ക്ക് സ്ഥിരതയുള്ളതായി തുടരാന്‍ കഴിയുന്നു.  

ദൈനംദിന ജീവിതാനുഭവങ്ങളിലേക്ക് വരികയാണെങ്കില്‍, മറ്റുള്ളവരുടെ വികാരങ്ങളെയും വിശ്വാസങ്ങളെയും നമ്മള്‍ ബഹുമാനിക്കുന്നിടത്തോളം കാലം നമ്മുടെ രാജ്യം അതിന്‍റെ വൈവിധ്യത്തിൽ സുസ്ഥിരമായി തുടരുമെന്നും ഡോ. ചന്ദ്രകലാ മീണ പറയുന്നു. മനുഷ്യ - മൃഗ സംഘർഷങ്ങളുടെ കാര്യത്തിലാണെങ്കില്‍ മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയുടെ നാശമാണ് പ്രധാനം. സർക്കാറിന്‍റെ നയങ്ങൾ മനുഷ്യരുടെയും മൃഗങ്ങളുടെയും സഹവർത്തിത്വത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. കാലാവസ്ഥാ വ്യതിയാനമാണെങ്കില്‍ അത് ആഗോള പ്രതിഭാസമാണ്. ഭൂമിയിലെമ്പാടും സംഭവിക്കുന്ന വനനശീകരണവും ഹരിതഗൃഹ വാതക ഉദ്‌വമനവും ഇതിന് പ്രധാന കാരണങ്ങളാണ്. സാമൂഹ്യശാസ്ത്രത്തിലേയ്ക്ക് എത്തുമ്പോള്‍ ഇന്ത്യൻ ജനസംഖ്യ അതിന്‍റെ വൈവിധ്യം കാരണം കൂടുതൽ സ്ഥിരത പ്രകടിപ്പിക്കുന്നതായി കാണാമെന്നും ഡോ. ചന്ദ്രകലാ മീണ പറയുന്നു.  

ഡോ. ചന്ദ്രകലാ മീണ

ഡോ. ചന്ദ്രകലാ മീണയുടെ ഗവേഷണം വിഷയം, ശാസ്ത്രത്തെ സാങ്കേതിക വിദ്യയുമായും മറ്റ് സാമൂഹിക, പാരിസ്ഥിതിക പഠന ശാഖകളുമായും ബന്ധിപ്പിക്കുന്ന ശക്തമായ ഒരു കണ്ണിയാണ്. ഇത്തരത്തിൽ ബഹുമുഖ പഠനമേഖലകൾ സഹകരിച്ചുള്ള ഗവേഷണത്തിലാണ് മനുഷ്യന്‍റെ ഭാവി. ഇത്തരം സൈദ്ധാന്തിക ഗവേഷണ ഫലത്തിൽ നിന്നും നിരവധി സൈദ്ധാന്തിക - പ്രായോഗിക സാധ്യതകളുണ്ട്. ഡോ. ചന്ദ്രകലാ മീണയുടെ തുടര്‍ ഗവേഷണം സംവിധാനത്തിന്‍റെ (System) വ്യത്യസ്ത തലത്തിലുള്ള സ്ഥിരതയെ കുറിച്ചാണ്. സാമൂഹികവും ജൈവശാസ്ത്രപരവും രാസപരവും എഞ്ചിനീയറിംഗ് സംവിധാനവും പോലുള്ള ഒരു വലിയ സങ്കീർണ്ണ സംവിധാനത്തെക്കുറിച്ചുള്ള പഠനത്തിലാണ് ഡോ. ചന്ദ്രകലാ മീണയുടെ ശ്രദ്ധ. സങ്കീർണ്ണമായ സിസ്റ്റങ്ങളിലെ സ്പേഷ്യോ-ടെമ്പറൽ പാറ്റേൺ രൂപീകരണം, സങ്കീർണ്ണമായ സിസ്റ്റങ്ങളുടെ സമന്വയവും സ്ഥിരതാ വിശകലനവും, കാലാവസ്ഥാ നെറ്റ്‌വർക്ക് മോഡലുകൾ ഉപയോഗിച്ചുള്ള കാലാവസ്ഥാ പ്രവചനം, മെഷീൻ ലേണിംഗ് അൽഗോരിതം ഉപയോഗിച്ചുള്ള ഡാറ്റ വിശകലനം തുടങ്ങിയവയിൽ പ്രത്യേക താൽപ്പര്യം. 

രാജസ്ഥാനിലെ സവായ്-മധോപൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന 'മെയിൻപുര' എന്ന ചെറുപട്ടണത്തിലാണ് ഡോ. ചന്ദ്രകലാ മീണയുടെ ജനനം. പെണ്‍കുട്ടിയായതിനാല്‍ അച്ഛനും അമ്മയും ജനനത്തോടെ ഉപേക്ഷിച്ചു. അമ്മാവന്‍റെ സംരക്ഷണത്തിലായിരുന്നു പഠനകാലം. 2018 ല്‍ IISER മൊഹാലിയിൽ നിന്ന് ഫിസിക്സിൽ BS-MS ഡ്യുവൽ ഡിഗ്രിയും Ph.D നേടി. 2018 മുതൽ  2020 വരെ ഇസ്രായേലിലെ ബാർ-ഇലാൻ സർവകലാശാലയിൽ പോസ്റ്റ്ഡോക്ടറൽ ഫെലോ. 2020 മുതൽ 2022 വരെ പൂനെ CSIR-NCL -യിൽ ഇൻസ്‌പയർ ഫാക്കൽറ്റി. 2022 മുതല്‍ തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (IISER) അസിസ്റ്റന്‍റ് പ്രൊഫസര്‍.

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് വേണ്ടി ഡോ. ചന്ദ്രകലാ മീണയുമായി ശാലിനി എസ് നടത്തിയ അഭിമുഖം കാണാം

Follow Us:
Download App:
  • android
  • ios