ചെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ക്യൂബൻ വിപ്ലവ നേതാവ്, ഏണസ്റ്റോ ചെ  ഗുവേരയുടെ മകൾ ഡോ. അലൈഡ ഗുവേരയുമായി ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം ജി രാധാകൃഷ്ണൻ നടത്തിയ പ്രത്യേക അഭിമുഖം, വർത്തമാനകാലത്തിലെ പല കൂട്ടിവായിക്കലുകളാൽ പ്രസക്തമാകുകയാണ്. ഡോ. അലൈഡയുടെ  കേരളത്തിലേക്കുള്ള രണ്ടാം വരവായിരുന്നു ഇത്. ഇരുപത്തിരണ്ടു വർഷം മുൻപാണ് ആദ്യമായി അവർ കേരളത്തിലേക്ക് എത്തിയത്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിന്, അധികാര നഷ്ടമുണ്ടായതിൻറെ (1959) അറുപതാം വാർഷിക വേളയിലാണ് അലൈഡയുടെ രണ്ടാം കേരള സന്ദർശനം. കമ്യൂണിസ്റ്റ് ആശയങ്ങൾ ലോകത്താകമാനം  പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ, ഇടതുപക്ഷ സർക്കാരിൻറെ ഭരണ സമയത്ത് കേരളത്തിലേക്കുള്ള വരവ് അതുകൊണ്ടു തന്നെ കൂടുതൽ പ്രസക്തമാവുകയാണ്.

ചെയുടേയും, രണ്ടാം ഭാര്യയായ അലൈഡ മാർച്ചിൻറെയും ആദ്യ മകളാണ് അൻപത്തൊൻപതുകാരിയായ  ഡോ.അലൈഡ ഗുവേര മാർച്ച്. ശിശുരോഗ വിദഗ്ധയായ ഡോ. അലൈഡ അറിയപ്പെടുന്ന സാമൂഹിക - മനുഷ്യാവകാശ പ്രവർത്തക കൂടിയാണ്. "ഷാവോസ്, വെനസ്വല, ആൻഡ് ദി ന്യൂ ലാറ്റിൻ അമേരിക്ക എന്ന കൃതിയുടെ രചയിതാവാണ്. ക്യൂബയിൽ, അറുപത് വർഷമായി അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തിൻറെ ഇരുണ്ട വശങ്ങൾ വിവരിക്കുമ്പോൾ പലപ്പോഴും ഡോ. അലൈഡയുടെ വാക്കുകൾ മുറിഞ്ഞു. ശബ്ദം ഇടറി.

കണ്ണുകൾ നനഞ്ഞു. പക്ഷെ ക്യൂബ അതെല്ലാം വിപ്ലവ വീര്യത്തോടെ മറികടക്കുകയാണെന്നും, മുതലാളിത്ത രാഷ്ട്രങ്ങൾ പല  പ്രശ്നങ്ങൾക്ക് മുൻപിലും പകച്ചു നിൽക്കുമ്പോൾ, ഞങ്ങൾ അവ പരിഹരിച്ച് മുന്നേറുകയാണെന്ന് ആത്മവിശ്വാസം കൊള്ളുന്നു. അഭിമുഖത്തിൻറെ പൂർണ്ണ രൂപം വായിക്കാം.

ചോദ്യം:  താങ്കൾ കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിക്കുന്നത് ചെഗുവേരയുടെ പ്രതിരൂപമായാണ്. കുഗ്രാമങ്ങളിൽ പോലും ചെയുടെ ചിത്രങ്ങളുണ്ട്. ഞങ്ങളുടെ പല നേതാക്കളെക്കാളും അംഗീകാരം ചെഗുവേരയ്ക്ക് കേരളത്തിലുണ്ട്. അതുകൊണ്ടു തന്നെ കേരളത്തിലെ പലർക്കും അദ്ദേഹം കേരളത്തിലെ നേതാവാണ്. എന്താണ് താങ്കളുടെ അഭിപ്രായം.

ഉത്തരം: എൻറെ അച്ഛനെ ഈ നാട് ഇത്രയധികം സ്നേഹിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. ഹൊസെ മാർട്ടി എന്ന കവിയെയാണ് അദ്ദേഹം നെഞ്ചിലേറ്റിയിരുന്നത്. അത് അദ്ദേഹത്തിൻറെ തത്വ ശാസ്ത്രങ്ങളെ ഇഷ്ടമായിരുന്നതു കൊണ്ടാണ്. അതുപോലെ ഇവിടുത്തെ ജനങ്ങളും ചെയെ  നെഞ്ചിലേറ്റിയിരിക്കുന്നു എന്നുള്ളത് സന്തോഷമുള്ള കാര്യമാണ്.

ചോദ്യം: കേരളത്തിൻറെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നല്ലോ? എന്താണ് അദ്ദേഹത്തെ കുറിച്ചുള്ള അഭിപ്രായം.

ഉത്തരം: ചുരുങ്ങിയ സമയം മാത്രമാണ് അദ്ദേഹത്തോടൊപ്പം ചിലവഴിച്ചതെങ്കിലും വളരെ വിലപ്പെട്ടതായിരുന്നു ആ നിമിഷങ്ങൾ . മനസ്സിൽ തൊടുന്ന കൂടിക്കാഴ്ചയായിരുന്നു അത്. ഭാഷ പലപ്പോഴും തടസ്സമായിരുന്നു.

ചോദ്യം: ചെഗുവേരയുടെ തൊണ്ണൂറ്റി ഒന്നാം ജന്മവാർഷിക വർഷമാണിത്. മരണമടഞ്ഞിട്ട് അരനൂറ്റാണ്ടുകൾക്ക് ശേഷവും ലോകത്തുള്ള  പുതു തലമുറയ്ക്ക് ഇന്നും അദ്ദേഹം, ആരാധ്യനാണ്,  പ്രചോദനമാണ്. താങ്കളുടെ കാഴ്ചപ്പാടിൽ എന്തായിരിക്കും അതിനുള്ള കാരണം?.

ഉത്തരം: അദ്ദേഹം നല്ലൊരു പോരാളിയായിരുന്നു. അദ്ദേഹം ചിന്തിക്കുന്നതു പറഞ്ഞു. പറഞ്ഞതു പ്രവർത്തിച്ചു. അതിൽ ആകൃഷ്ടരായതു കൊണ്ടാകണം അദ്ദേഹം വിളിച്ചാൽ പോകാൻ ആളുകൾ തയ്യാറായി നിന്നത്. അങ്ങനെയാണ് വിപ്ലവം ഉണ്ടായത്. അന്നത്തെ അദ്ദേഹത്തിൻറെ പ്രവർത്തി പ്രചോദിപ്പിക്കുന്നതു കൊണ്ടാകണം യുവ തലമുറ അദ്ദേഹത്തിൽ ഇന്നും ആകൃഷ്ടരാകുന്നതും, ആശയങ്ങളെ പിന്തുടരുന്നതും.

ചോദ്യം: ഈ ചോദ്യം താങ്കൾക്ക് പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ടാകാം. ചെഗുവേര വീരമൃത്യു അടയുമ്പോൾ വെറും ഏഴു വയസ്സുമാത്രമാണ് താങ്കളുടെ പ്രായം. അതിനു ശേഷമുള്ള ജീവിതം എങ്ങനെയായിരുന്നു ? 

ഉത്തരം: പാപ്പാ പോകുന്നതിനു മുൻപ് ഫിദൽ കാസ്‌ട്രോയ്ക്ക് ഒരു കത്തെഴുതിയിരുന്നു. ഭാര്യയ്ക്കും മക്കൾക്കും ഒന്നും നൽകാതെയാണ് ഞാൻ പോകുന്നത്. ഈ വിപ്ലവത്തിനു ശേഷം എൻറെ ഭാര്യയ്ക്കും മക്കൾക്കും ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും ക്യൂബൻ സർക്കാർ ചെയ്തു കൊടുക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആ ഉറപ്പ് ക്യൂബ പിന്നീട് പാലിച്ചു. അതു കൊണ്ടാണ് ഇതുവരെ എത്താനായത് .

ചോദ്യം: ചെയുടെ മരണശേഷം എങ്ങനെയാണ് അമ്മ നിങ്ങളെ വളർത്തിയത് ? അമ്മയെ കുറിച്ച് കൂടി പറയാമോ?

ഉത്തരം: അച്ഛന്  അമ്മയുമായിട്ട് നല്ലൊരു ആത്‌മീയബന്ധമുണ്ടായിരുന്നു. ഞാൻ ജനിക്കുന്ന സമയം അച്ഛൻ ചൈനയിൽ ആയിരുന്നു. തിരിച്ചെത്തിയ ശേഷമാണ് പേരിടീൽ നടത്തിയത്. അമ്മയുടെ പേരായ അലൈഡ എന്ന പേര് തന്നെ എനിക്ക് നൽകിയത്, അമ്മയോടുള്ള അദ്ദേഹത്തിൻറെ സ്നേഹമാണ് കാണിക്കുന്നത്. തീർച്ചയായും, അച്ഛനില്ലാത്ത കുട്ടികളെ വളർത്താൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടാകും. അമ്മ വളരെ ധീരയാണ്. എൺപതു വയസ്സ് കഴിഞ്ഞിട്ടും, ഒരു വിപ്ലവകാരിയുടെ ജീവിതം തന്നെയാണ് അമ്മ ഇന്നും പിന്തുടരുന്നത്. ഞങ്ങളുടെ കാര്യങ്ങളിൽ ഇപ്പോഴും നിരന്തരം ഇടപെടാറുണ്ട്.

ചോദ്യം: ക്യൂബയിലെ പൊതുജനാരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ ലോകപ്രസിദ്ധമാണ്. എന്നാൽ ക്യൂബ ഇപ്പോഴും ജനാധിപത്യ രാജ്യമല്ലെന്ന വിമർശനവും ഉയരുന്നുണ്ട്.  മനുഷ്യാവകാശങ്ങൾക്ക് ക്യൂബ വിലനൽകുന്നില്ലെന്ന അഭിപ്രായമാണ് പലർക്കുമുള്ളത്. എന്താണ് താങ്കളുടെ അഭിപ്രായം ?

ഉത്തരം: ശാസ്ത്ര സാങ്കേതിക മികവും, സാംസ്‌കാരിക പിൻബലവും വച്ച് ജനങ്ങൾ സ്വാതന്ത്ര്യത്തോടെ തന്നെയാണ് ജീവിക്കുന്നതെന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഞാൻ കണ്ടിട്ടുള്ള , മനസ്സിലാക്കിയിട്ടുള്ള, സഞ്ചരിച്ചിട്ടുള്ള രാജ്യങ്ങളിൽ വച്ച്, ഏറ്റവും   സ്വാതന്ത്ര്യത്തോടെ ജനങ്ങൾ ജീവിക്കുന്ന രാജ്യമാണ് ക്യൂബ. ചിട്ടവട്ടങ്ങളിൽ അധിഷ്ഠിതമാണ് ക്യൂബൻ ജീവിതം. ഒരു രാജ്യത്തിനെ  സുരക്ഷിതമായി കാത്തു സൂക്ഷിക്കാൻ അവിടുത്തെ ജനങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ അതല്ലേ സ്വാതന്ത്ര്യം. അതിൽ കൂടുതൽ സ്വാതന്ത്ര്യം അവർക്ക് എന്തിനാണ്? അതുകൊണ്ടു തന്നെ മറ്റുള്ളവരുടെ വിമർശനങ്ങളെ മുഖവിലക്കെടുക്കാറില്ല.

ചോദ്യം: ലോകരാഷ്ടങ്ങളിൽ കമ്യൂണിസ്റ്റ് ആശയങ്ങൾക്ക് മരണമണി മുഴങ്ങുമ്പോഴും, ക്യൂബയോടും, കമ്യൂണിസ്റ്റ് തത്വ സംഹിതകളോടും താങ്കൾ വിധേയത്വം പുലർത്തുന്നു. 

ഉത്തരം: ക്യൂബൻ സ്വാതന്ത്ര്യം എന്നു പറയുന്നത് അവിടുത്തെ ജനത നേടിയെടുത്തതാണ്. ദാനം കിട്ടിയതല്ല. ആ സ്വാതന്ത്ര്യം ഒരിക്കലും നഷ്ടപ്പെടില്ല. സ്വാതന്ത്ര്യത്തിനു മുൻപ്, ജനിക്കുന്ന കുട്ടികളിൽ ആയിരത്തിൽ അറുപത് കുട്ടികളും, ഒരു വയസ്സെത്തുന്നതിനു മുൻപേ മരണമടഞ്ഞിരുന്നു. വിപ്ലവത്തിന് ശേഷം ഇപ്പോൾ ആ നിരക്ക് ആയിരത്തിൽ നാല് എന്ന നിലയിലേക്ക് കുറഞ്ഞിട്ടുണ്ട്. പല നിർണ്ണായക ഘട്ടങ്ങളിലും, മറ്റു രാജ്യങ്ങൾ  സൈനിക - ചികിത്സാ സഹാങ്ങൾ തേടുന്നത് ക്യൂബയോടാണ്. എന്തു കൊണ്ടാണ് അവർ സമ്പന്ന രാജ്യങ്ങളോട് സഹായമഭ്യർത്ഥിക്കാത്തത്.  എബോള രോഗം വന്നപ്പോൾ ആഫ്രിക്ക സഹായം തേടിയത് ക്യൂബയോടാണ്. കമ്യൂണിസം കൊണ്ട് നേട്ടമുണ്ടായി എന്നുള്ളതിന് തെളിവാണിത്. മുതലാളിത്ത രാജ്യങ്ങളിൽ പല പ്രതിസന്ധികളും പരിഹരിക്കപ്പെടാതെ കിടക്കുമ്പോൾ, ക്യൂബ ഇന്നും പ്രശ്നങ്ങളില്ലാതെ മുന്നേറുകയാണ്.  

ചോദ്യം: ക്യൂബയെ വിമോചനത്തിലേക്ക് നയിക്കുകയും, കെട്ടിപ്പടുക്കുകയും ചെയ്ത വിപ്ലവകാരികളുടെ തലമുറ പോയ് മറഞ്ഞു. പുതു തലമുറയുടെ കാഴ്ചപ്പാട് എങ്ങനെയാണ്?

ഉത്തരം: ക്യൂബയിൽ അന്ന് തുടങ്ങിവച്ച വിപ്ലവം ഇന്നും തുടർന്നു കൊണ്ടേയിരിക്കുന്നു. അത് പുതു തലമുറയിലേക്കും പകരുന്നു. വികസനകാര്യത്തിൽ ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തിനകത്തെ പുരോഗതിക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. അത് തുടർച്ചയായി ചെയ്യുന്നു . ലോകരാഷ്ട്രങ്ങളുമായി അത് താരതമ്യം ചെയ്യാറില്ല.

ചോദ്യം: ശിശുരോഗ വിദഗ്ധ എന്നതിനൊപ്പം സാമൂഹിക പ്രവർത്തക കൂടിയാണല്ലോ? ആഫ്രിക്കയിൽ പോലും പ്രവർത്തിക്കുന്നുണ്ട്. എന്താണ് അനുഭവം ?

ഉത്തരം: അംഗോളയിൽ ജോലിചെയ്യുമ്പോൾ, അസുഖമുള്ള മൂന്ന് കുട്ടികൾക്കായി ലഭിച്ചത്, വേണ്ടതിലും വളരെ കുറഞ്ഞ  അളവിലുള്ള മരുന്നുകളാണ്. അത് മനസ്സിനെ വല്ലാതെ സ്പർശിച്ചു. ഇന്നും നോവുന്ന ഓർമ്മയാണ്. മറ്റൊരർത്ഥത്തിൽ ആ അനുഭവം  മനസ്സിൽ ധാരാളം ധൈര്യം കൊടുത്തു. ഇതിനെതിരെ പോരാടാനുള്ള ധൈര്യം. അധിനിവേശ മനോഭാവത്തോട് കടുത്ത എതിർപ്പുണ്ട്.  ഇനിയും ഒത്തിരി ചെയ്യാനുണ്ട്.  കുട്ടികളുടെ ജീവൻ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ആണ് താത്പര്യം.
കുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പറയുമ്പോൾ വാക്കുകൾ ഇടറി. അമേരിക്കൻ ഉപരോധം വൈദ്യശാസ്ത്ര രംഗത്ത് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ വിവരിക്കവേ, കരച്ചിലിൻറെ വക്കോളമെത്തി.

ചോദ്യം: ഫിദൽ കാസ്‌ട്രോയുമായി വളരെ അടുത്ത സൗഹൃദമാണുള്ളത്. അദ്ദേഹത്തിൻറെ മരണം, താങ്കളെന്ന വ്യക്തിയേയും , ക്യൂബയേയും എങ്ങനെയാണ് ബാധിച്ചിരിക്കുന്നത്?

ഉത്തരം: വീണ്ടുമെന്ന കരയിക്കാനാണോ ഈ ചോദ്യം. (ഇടർച്ചയോടെ ചോദിച്ച ആ വാക്കുകളിൽ നിറഞ്ഞു നിന്ന വികാരം ഒരു മകളുടേതായിരുന്നു. പിന്നെ പതിയെ സംസാരിച്ചു തുടങ്ങി.) ഫിദൽ കാസ്ട്രോയായിരുന്നു എല്ലാം . അച്ഛനെ അധികം കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ അച്ഛൻറെ സ്ഥാനമായിരുന്നു അദ്ദേഹത്തിന്. സ്‌കൂളിൽ നല്ല മാർക്ക് കിട്ടിയാൽ അത് അദ്ദേഹത്തെ കാണിക്കും. മരണം എന്നു പറയുന്നത് സഹിക്കാൻ കഴിയില്ല. പക്ഷെ സഹിച്ചേ പറ്റൂ. നഷ്ടം നികത്താൻ പറ്റാത്തതാണ് വ്യക്തിപരമായും, ക്യൂബയ്ക്കും.

വിവാഹത്തിൽ അദ്ദേഹം പങ്കെടുത്തത് ഇന്നും മനസ്സിൽ തൊടുന്ന ഓർമ്മയാണ്. പ്രസിഡൻറ് ആയതുകൊണ്ട് തിരക്കുകൾ മൂലം അദ്ദേഹത്തിന് വരാൻ ബുദ്ധിമുട്ടായാലോ എന്ന വിചാരത്തിൽ വിവാഹത്തിന് ക്ഷണിക്കാൻ എനിക്ക് മടിയായിരുന്നു. അമ്മയുടെ നിർബന്ധത്തിൽ അദ്ദേഹത്തിനെ ക്ഷണിച്ചു. യുഗോസ്ലാവിയൻ പ്രസിഡൻറിൻറെ സന്ദർശന ദിവസമായിട്ടും, വൈകി അദ്ദേഹം എത്തി. വിവാഹ രജിസ്റ്ററിൽ അദ്ദേഹവും,  യുഗോസ്ലാവിയൻ പ്രസിഡൻറുമാണ് ഒപ്പു വയ്ച്ചത്. അച്ഛൻറെ സ്ഥാനത്തു നിന്ന് കടമകൾ നടത്തിയതെല്ലാം അദ്ദേഹമാണ്.