Asianet News MalayalamAsianet News Malayalam

ആദ്യം വിളിച്ചെന്ന് വിനായകന്‍ പറഞ്ഞ പുരുഷന്‍ ഞാനാണ്; ആരോപണങ്ങള്‍ക്ക് ദിനു വെയിലിന്‍റെ മറുപടി

ലോകത്തോട് ഞാന്‍ സിനിമാ നടന്‍ വിനായകനാണെന്ന് വിളിച്ചുപറയും എന്നുപറഞ്ഞുകൊണ്ട് പിന്നീട് പറഞ്ഞ ഭാഷയെല്ലാം തികഞ്ഞ അശ്ലീലമായിരുന്നു. ഞങ്ങള്‍ സഹികെട്ട് കട്ട് ചെയ്തു. പിന്നേയും അയാളുടെ മാനേജര്‍ വിളിച്ചുകൊണ്ടേയിരുന്നു. മാനേജര്‍ ഒറ്റക്കാര്യമാണ് ചോദിച്ചത് 'നിങ്ങള്‍ എന്തുകൊണ്ട് വിനായകനെ നേരിട്ട് വിളിച്ചു' എന്ന്'.

interview with dinu veyil on sexual allegation against actor vinayakan
Author
Thiruvananthapuram, First Published Jun 21, 2019, 7:49 PM IST

ദളിത് ആക്ടിവിസ്റ്റായ ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ പ്രമുഖ നടന്‍ വിനായകന്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി വിളിച്ച തന്നോട് വിനായകന്‍ തികഞ്ഞ അശ്ലീലമാണ് പറഞ്ഞതെന്ന് വ്യക്തമാക്കി അവര്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നായിരുന്നു നടപടികള്‍. അതിനിടെ, തന്നെ ആദ്യം വിളിച്ചത് പരാതിക്കാരിയല്ലെന്നും, ഒരു പുരുഷനാണെന്നും അയാളോട് മൂന്ന് വട്ടം പരിപാടിയില്‍ പങ്കെടുക്കുന്നില്ല എന്നു പറഞ്ഞ ശേഷമാണ് സ്ത്രീ തന്നെ വിളിച്ചതെന്നുമാണ് വിനായകന്‍ മാധ്യമങ്ങളോട് പറഞ്ഞത്. സംഭവം നടക്കുന്ന സമയത്ത് യുവതിക്കൊപ്പം ഉണ്ടായിരുന്ന ദളിത് ആക്ടിവിസ്റ്റ് ദിനു വെയില്‍ ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നു. നിര്‍മല ബാബു നടത്തിയ അഭിമുഖം.

interview with dinu veyil on sexual allegation against actor vinayakan

ഒരു പുരുഷനാണ് ആദ്യം വിളിച്ചതെന്നും അവരാണ് മോശമായി സംസാരിച്ചത് എന്നുമാണ് വിനായകന്‍ പറയുന്നത്. എന്താണ് അന്ന് സംഭവിച്ചത്?

ഏപ്രില്‍ 18ാം തിയ്യതി സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ ശ്രീധന്യ സുരേഷിനെ കാണാന്‍ വേണ്ടിയാണ് ഞാനും പരാതിക്കാരിയും മകളും തരുണ്‍ തങ്കച്ചനും അരുന്ധതി സിന്ധുവും ചേര്‍ന്ന് വയനാട്ടിലേക്ക് പോകുന്നത്. ശ്രീധന്യയെ കണ്ട് അഭിനന്ദിക്കുന്നതിനൊപ്പം മറ്റൊരു പരിപാടിയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കുന്നതിനും വേണ്ടിയായിരുന്നു യാത്ര.

ഞങ്ങളുടെ 'ദിശ'യെന്ന സംഘടനയും 'ആലിലക്കുട്ടിക്കൂട്ടം' എന്ന് പറയുന്ന ദളിത് കുട്ടികളുടെ കൂട്ടായ്മയും ചേര്‍ന്ന് 'കണ്ടല്‍' എന്ന അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ടായിരുന്നു. നൂറ്റിയമ്പതോളം വരുന്ന കുട്ടികളുടെ പരിപാടിയായിരുന്നു അത്. ഉദ്ഘാടന പരിപാടിയിൽ ജസ്റ്റിസ് സിരിജഗന്‍ സാറിനെയും ഷീബാ അമീര്‍, ശ്രീധന്യ സുരേഷ്, ചിന്താ ജെറോം തുടങ്ങിയവരെ പങ്കെുപ്പിക്കുകയെന്നതായിരുന്നു ഉദ്ദേശം. ശ്രീധന്യയെ ആദരിക്കുക എന്ന ലക്ഷ്യം കൂടി പരിപാടിയ്ക്കുണ്ടായിരുന്നു. സംഘടനയിലെ കുട്ടികള്‍ വിനായകനെ പരിപാടിയുടെ ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി കൊണ്ടുവരാന്‍ പറ്റുമോയെന്ന് നിരന്തരം അന്വേഷിക്കുന്നുമുണ്ടായിരുന്നു. പല തരത്തില്‍, ബന്ധപ്പെടാനുള്ള നമ്പറിന് വേണ്ടി ശ്രമിച്ചു. കിട്ടിയില്ല. വയനാട് യാത്രക്കിടെയാണ് വിനായകന്റെ നമ്പര്‍ കയ്യിലുണ്ടെന്ന് പരാതിക്കാരിയായ ചേച്ചി പറയുന്നത്.

അപ്പോയിന്‍മെന്റ് എടുക്കാന്‍ വേണ്ടി വിളിച്ചു. രണ്ട് വട്ടം നമ്പര്‍ ബിസിയായിരുന്നു. പിന്നീട് അദ്ദേഹം തിരിച്ചുവിളിച്ചു. വിനായകന്‍ സാറിന്റെ അപ്പോയിന്‍മെന്റ് എടുക്കാന്‍ വേണ്ടിയാണ് വിളിച്ചതെന്നും കുട്ടികള്‍ക്ക് വേണ്ടിയിട്ടുള്ള ക്യാമ്പാണെന്നും ശ്രീധന്യയും ജസ്റ്റിസ് സിരിജഗന്‍ സാറും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്നും പറഞ്ഞു. വിനായകനാണ് പറ എന്നാണ് അപ്പുറത്തുനിന്നും പറഞ്ഞത്. പറ, പറ എന്താണ് വേണ്ടത് എന്ന് ചോദിച്ചു. എന്റെ പേര് ദിനു എന്നാണെന്നും ഒരു ദളിത് ചെറുപ്പക്കാരനാണെന്നും ക്യാമ്പിന്റെ വിവരങ്ങളും കോളനിയിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിപാടിയാണെന്നും വിശദമായി പറഞ്ഞു.

അപ്പോള്‍ എന്നോട് തിരിച്ചു ചോദിച്ചത് 'നീ കുണ്ടനാണോടാ' എന്നാണ്. ഫോണ്‍ ലൗഡ് സ്പീക്കറിലായിരുന്നു ഉണ്ടായിരുന്നത്. ചേച്ചിയും മകളും വണ്ടിയില്‍ ഉണ്ടായിരുന്നതുകൊണ്ടുകൂടി ഞാനൊന്ന് അമ്പരന്നു.

'സര്‍, എന്ത്?' എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം ലൈംഗിക ബന്ധത്തെ സൂചിപ്പിക്കുന്ന തരത്തില്‍ മോശമായി ചിലത് പറഞ്ഞു.

ഞാന്‍ ഞെട്ടിപ്പോയി. നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കുന്നില്ലല്ലോ അത്. അത്രയും കാലത്തെ ആരാധന, നടന്‍ ആയതുകൊണ്ട് മാത്രമല്ല അദ്ദേഹത്തിന്റെ ശക്തമായ രാഷ്ട്രീയ നിലപാടുകള്‍ കണ്ടതുകൊണ്ടുള്ള ആരാധനയായിരുന്നു അത്.

നമ്മള്‍ ഇത്രയും ഇഷ്ടപ്പെടുന്ന ആളില്‍ നിന്ന് ഇങ്ങനെയൊരു പ്രതികരണം ഉണ്ടാകുമ്പോഴുള്ള ഞെട്ടലുണ്ടല്ലോ. ഞാന്‍ സ്റ്റക്കായിപ്പോയി. സാറേ ഞാന്‍ സാറിനോട് മോശമായി ഒന്നും പറഞ്ഞില്ലല്ലോ നമ്മുടെ അനിയന്‍മാരുടേയും അനിയത്തിമാരുടേയും പരിപാടിക്ക് വേണ്ടിയാണ് വിളിച്ചത് എന്ന് പറഞ്ഞപ്പോള്‍ 'പട്ടി കഴുവേറീടെ മോനെ സാറോ? ദളിതന്‍മാരൊക്കെ സാറേ എന്ന് വിളിക്കുമോ?' എന്ന് ചോദിച്ചു. കുട്ടികളുടെ കാര്യത്തിന് വേണ്ടിയാണ് വിളിച്ചത് എന്ന് പിന്നേയും പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് തെറിയാണ്. 

എനിക്ക് ഒന്നും പറയാന്‍ പറ്റിയില്ല. പിന്നീട് പുള്ളിക്കാരന്‍ തന്നെ ഫോണ്‍ കട്ട് ചെയ്തു. അത് കഴിഞ്ഞതിന് ശേഷം വീണ്ടും തുടര്‍ച്ചയായി ഇങ്ങോട്ട് വിളിക്കുകയായിരുന്നു. പിന്നീട് വന്ന രണ്ടാമത്തെ കോളാണ് ചേച്ചിയെടുത്തത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിപാടിക്ക് വേണ്ടിയായിരുന്നു വിളിച്ചത് എന്ന് പറഞ്ഞപ്പോള്‍ ചേച്ചിയോട് കൂടെ കിടക്കാമോ എന്നിങ്ങനെ അശ്ലീല ഭാഷയിലാണ് സംസാരിച്ചത്.

ഇപ്പോള്‍ പെണ്ണാണല്ലോ സംസാരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു പിന്നീടുള്ള സംസാരം. പെണ്ണേ, പെണ്ണേ എന്ന് വിളിച്ച് വിനായകനും മറ്റൊരാളും കൂടി ചിരിക്കുന്നുമുണ്ടായിരുന്നു.

ലോകത്തോട് ഞാന്‍ സിനിമാ നടന്‍ വിനായകനാണെന്ന് വിളിച്ചുപറയും എന്നുപറഞ്ഞുകൊണ്ട് പിന്നീട് പറഞ്ഞ ഭാഷയെല്ലാം തികഞ്ഞ അശ്ലീലമായിരുന്നു. ഞങ്ങള്‍ സഹികെട്ട് കട്ട് ചെയ്തു. പിന്നേയും അയാളുടെ മാനേജര്‍ വിളിച്ചുകൊണ്ടേയിരുന്നു. മാനേജര്‍ ഒറ്റക്കാര്യമാണ് ചോദിച്ചത് 'നിങ്ങള്‍ എന്തുകൊണ്ട് വിനായകനെ നേരിട്ട് വിളിച്ചു' എന്നാണ്‌.

ഒരു നമ്പര്‍ കിട്ടി അപ്പോയിന്‍മെന്റ് എടുക്കാന്‍ വേണ്ടിയാണ് വിളിച്ചതെന്ന് അറിയിച്ചു. ആരാണ് ഫോണ്‍ എടുക്കുകയെന്ന് പോലും അറിയില്ല. എന്നാല്‍ പോലും ഇങ്ങനെയാണോ പെരുമാറേണ്ടത് എന്ന് മാനേജരോട് ചോദിച്ചു.

അപ്പോള്‍ വീണ്ടും വിനായകന് ഫോണ്‍ കൊടുക്കാം എന്ന് പറഞ്ഞു. നേരത്തെ സംസാരിച്ച സഹോദരിക്ക് ഒന്ന് ഫോണ്‍ കൊടുക്കൂ എന്ന് വിനായകന്‍ ആവശ്യപ്പെട്ടു. ചേച്ചി ഫോണ്‍ എടുത്ത സമയത്ത് 'പെണ്ണെ ഞാന്‍ തമാശ പറഞ്ഞതല്ലേ പെണ്ണേ, വേറെ നല്ലതെന്തെങ്കിലും പറ പെണ്ണേ' എന്ന് പറഞ്ഞു. അപ്പോള്‍ ചേച്ചി ചോദിക്കുന്നുണ്ട് പെണ്ണിനോട് കൂടെ കിടക്കുമോ എന്ന ചോദിക്കുന്നതാണോ തമാശ എന്ന്. മേലില്‍ ഇനി ഈ നമ്പറിലേക്ക് വിളിക്കരുതെന്ന് പറഞ്ഞ് ചേച്ചി ഫോണ്‍ കട്ട് ചെയ്തു. പക്ഷേ വീണ്ടും വിളി തുടര്‍ന്നു.

നീ ലെസ്ബിയന്‍ അല്ലേയെന്ന് ചോദിച്ചുകൊണ്ട് വീണ്ടും അശ്ലീല പരാമര്‍ശങ്ങള്‍ തുടര്‍ന്നു. എട്ട് തവണയെങ്കിലും ഞങ്ങളെ വിനായകന്‍ വിളിച്ചിട്ടുണ്ട്. ഒടുവില്‍ സഹികെട്ട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താണ് ശ്രീധന്യയുടെ വീട്ടിലേക്ക് പോയത്. ഇത്രയുമാണ് അന്ന് ഉണ്ടായത്.

ഫോണ്‍ റെക്കോര്‍ഡ്‌സ് പരിശോധിച്ച പൊലീസിന് ഈ കാര്യങ്ങള്‍ എല്ലാം ബോധ്യപ്പെട്ടിട്ടുണ്ട്. വിനായകന്‍ ഈ കഴിഞ്ഞ മൂന്ന് ദിവസവും പ്രതികരിക്കുന്നത് പച്ചക്കള്ളമാണ്.

ദളിത് പരിപാടിയില്‍ പങ്കെടുക്കില്ല എന്ന് നേരത്തെ തീരുമാനിച്ചത് കൊണ്ടാണ് അവരോട് നോ പറഞ്ഞത് എന്നും വിനായകന്‍ പറഞ്ഞിരുന്നു. എന്താണ് ഇതിനോടുള്ള മറുപടി?

അന്ന് ഉണ്ടായ സംഭാഷണത്തില്‍ ഒരിക്കല്‍ പോലും പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. പറഞ്ഞത് മുഴുവന്‍ അശ്ലീലമാണ്. അങ്ങേയറ്റം സ്ത്രീ വിരുദ്ധവും ക്വിയർ വിരുദ്ധവുമായ തെറികൾ പറയുകയും മാത്രമല്ല, തുടർച്ചയായി ലൈംഗിക അധിക്ഷേപം നടത്തുകയായിരുന്നു അദ്ദേഹം. തുടർച്ചയായി ഞങ്ങളെ യാതൊരു കാരണവുമില്ലാതെ അപമാനിക്കുകയായിരുന്നു.

ദളിത് പരിപാടികളിൽ എന്നല്ല, യാതൊരു പരിപാടിയിലും പങ്കെടുക്കുകയില്ല എന്ന് വിനായകന് തീരുമാനിക്കാൻ പൂർണമായ സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവുമുണ്ട്. അദ്ദേഹം അത് സൂചിപ്പിക്കുന്നുവെങ്കിൽ നൂറ് ശതമാനം അത് മാനിച്ചേനെ. പക്ഷേ ഞങ്ങളെ അങ്ങേയറ്റം അധിക്ഷേപിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ദളിത് പരിപാടികൾക്ക് ക്ഷണിക്കുന്നവരെ ലൈംഗികമായി അധിക്ഷേപിക്കാനുള്ള യാതൊരു ലൈസൻസും അദ്ദേഹത്തിനില്ല. 

മനുഷ്യാന്തസ്സ് എല്ലാവർക്കും അവകാശപ്പെട്ടതാണ്. ആത്മാഭിമാനം എല്ലാവർക്കുമുണ്ട്. അദ്ദേഹമല്ല, ഞങ്ങളാണ് തുടർച്ചയായി ഹരാസ് ചെയ്യപ്പെടുമ്പോൾ നോ പറഞ്ഞത്. ഇനി വിളിക്കരുതെന്ന് പറഞ്ഞത് ഞങ്ങളാണ്. അദ്ദേഹം അത് ചെവിക്കൊള്ളാതെ ഒരു എന്റർടെയിൻമെന്റ് പോലെ വിളിച്ചുകൊണ്ടിരുന്നു. പരിപാടിക്ക് വരില്ല എന്ന് ഒരു തവണ പോലും അദ്ദേഹം എന്നോട് പറഞ്ഞിട്ടില്ല. തെറി മാത്രമാണ് പറഞ്ഞുകൊണ്ടിരുന്നത്. പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നു. 

ജീവിതത്തില്‍ ഒരു സ്ത്രീയോടും അപമര്യാദയായി സംസാരിച്ചിട്ടില്ല എന്നും നടന്‍ പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണം?

വിനായകന്റെ ജീവിതത്തിൽ അദ്ദേഹം എപ്രകാരമാണ് മറ്റ് സ്ത്രീകളോട് സംസാരിക്കുന്നത് എന്ന് എനിക്കറിയില്ല. എന്നാൽ പരാതിക്കാരിയായ ദളിത് സ്ത്രീയോട് അങ്ങേയറ്റം മോശമായി സംസാരിച്ചതിന്റെ സാക്ഷിയാണ് ഞാൻ. ''നീ തരുമോടീ, ഈ സംസാരം കഴിയുമ്പോൾ നീ എന്‍റെ കൂടെ കിടക്കുമോടീ പെണ്ണേ'' - ഇതാണ് പരാതി നൽകിയ സ്ത്രീയോട് വിനായകൻ നടത്തിയ ലൈംഗികാധിക്ഷേപത്തിൽ ഏറ്റവും ചെറുത്.

അതുകൊണ്ട് തന്നെ ഒരു സ്ത്രീയോടും ഇതുവരെ മോശമായി സംസാരിച്ചിട്ടില്ലെന്ന വിനായകന്റെ വാദം പച്ചക്കള്ളമാണ്. മോശമായി സംസാരിച്ചിട്ടില്ല എന്ന് വിനായകൻ പറയുന്നതിന്റെ അർത്ഥമെന്താണ്? വിനായകന്റെ ലൈംഗികാധിക്ഷേപം നേരിടേണ്ടി വന്ന സർവൈവർ ആയ ദളിത് സ്ത്രീ നുണ പറയുകയാണെന്നല്ലേ അയാൾ ഇപ്പോൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത്? അയാളുടെ വാക്കുകളാല്‍ ആക്രമിക്കപ്പട്ട ഒരാളോട് വീണ്ടും ചെയ്യുന്നത് അക്രമമല്ലേ? 

ഏതെങ്കിലും തരത്തിൽ സ്ത്രീകളെ ബഹുമാനിക്കുന്ന ആളായിരുന്നു അദ്ദേഹമെങ്കില്‍ ഇത്രയും ദിവസത്തിടയില്‍ മാപ്പ് പറയാന്‍ എങ്കിലും തയ്യാറാവണമായിരുന്നു. അത് പോലും പറയാതെ ഇങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല എന്ന സ്റ്റാന്റാണ് അദ്ദേഹം സ്വീകരിച്ചത്. അഭിഭാഷകനെ കാണുക പോലും ചെയ്തിട്ടില്ല എന്ന് പറഞ്ഞയാള്‍ അഭിഭാഷകനേയും കൊണ്ടുപോയാണ് ജാമ്യം എടുത്തത്.

വിനായകനെതിരെ സൈബര്‍ ആക്രമണം നടക്കുന്ന നേരത്ത് ആണ് ഈ ആരോപണം. ആരോപണത്തിന് നിങ്ങള്‍ തെരഞ്ഞെടുത്ത സമയം ശരിയല്ലെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. എന്താണ് അഭിപ്രായം?

ഒരു സ്ത്രീക്ക് എതിരെ നടക്കുന്ന അതിക്രമം എപ്പോള്‍ തുറന്ന് പറയണം എന്നതിന് പൂര്‍ണ സ്വാതന്ത്ര്യമുള്ളത് ആ സ്ത്രീക്ക് തന്നെയാണ്. വിനായകന്‍ എന്തുകൊണ്ട് ഇത്രയും ദിവസങ്ങള്‍ക്ക് ശേഷം പ്രതികരിച്ചു എന്ന് ഒരാളും ചോദിക്കില്ല. അത് അദ്ദേഹത്തിന് ലഭിക്കുന്ന പുരുഷന്‍, നടന്‍ എന്നിങ്ങനെയുള്ള പ്രിവിലേജാണ്. 

വിനായകന്‍ പറഞ്ഞാല്‍ ആര്‍ക്കും തെളിവ് വേണ്ടല്ലോ. അദ്ദേഹത്തിനെതിരെ ഞങ്ങളുടെ പക്കല്‍ തെളിവുണ്ട്. പക്ഷേ വിനായകന്‍ ഇപ്പോഴും പച്ചക്കള്ളങ്ങള്‍ പറയുന്നു. വിനായകനെതിരെ പരാതിപ്പെട്ട സ്ത്രീക്ക് നേരെയാണ് ഏറ്റവും അധികം സൈബര്‍ ആക്രമണം ഉണ്ടായത്. അത് വിനായകന്‍ അനുഭവിച്ചതിനെക്കാള്‍ നൂറിരട്ടിയാണ്. ജാതീയ അധിക്ഷേപങ്ങൾ മുതൽ ലൈംഗിക അധിക്ഷേപങ്ങൾ വരെ ആ സ്ത്രീക്ക് നേരെ ഉണ്ടാകുന്നു. എല്ലാ പൊതുപരിപാടികളിൽ നിന്ന് അവരെ ബഹിഷ്കരിക്കണമെന്ന ആഹ്വാനങ്ങൾ വരെ പല ഗ്രൂപ്പുകളിലും ശക്തമായി ഉയരുന്നു.

വിനായകനെ ടാര്‍ഗറ്റ് ചെയ്യാനുള്ള ശ്രമം ആയിരുന്നു അതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. അത് ശരിയാണോ?

സംഘപരിവാര്‍ ഇഷ്യൂവില്‍ വിനായകനെ ടാര്‍ഗറ്റ് ചെയ്യാനുള്ള നീക്കം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ആ വിഷയത്തില്‍ സംഘ പരിവാറിനെതിരെ നിലപാട്  സ്വീകരിച്ചത്. സംഘ പരിവാറിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ജാതീയതയ്‌ക്കെതിരെ നിത്യ ജീവിതത്തില്‍ പോരാടുകയും ചെയ്ത ഒരാളെ പെട്ടെന്ന് ഒരു ദിവസം സംഘപരിവാര്‍ ഏജന്റ് എന്ന് മുദ്രകുത്തുന്നത് തെറ്റായ നടപടിയാണ്.

'മീ ടൂ' കാമ്പെയിനിന്റെ ഭാഗമായി മലയാളത്തിലെ രണ്ട് പ്രമുഖ നടന്മാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. അതിലൊന്നും ഒരു നടപടിയും ഉണ്ടായില്ല. വിനായകനെതിരെ ഇത്ര വേഗം ഇത്ര ശക്തമായ നടപടി വന്നത് അയാള്‍ ദളിതന്‍ ആയത് കൊണ്ടാണെന്നൊരു വാദമുണ്ട്. എന്താണഭിപ്രായം??

മറ്റുള്ളവരുടെ കാര്യത്തിൽ ഒരു വ്യത്യാസമുണ്ട്. അവിടെ മീടൂ ആരോപണം ഉന്നയിച്ച സ്ത്രീകൾ നിയമ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഒരു അതിക്രമം നേരിട്ട സ്ത്രീയ്ക്ക് പരാതി നൽകാനായി എന്ത് സംവിധാനമാണ് സിനിമയെന്ന തൊഴിലിടത്തിലുള്ളത്? WCC ചൂണ്ടി കാണിക്കുന്നതു പോലെ ICC അടക്കമുള്ള സംവിധാനങ്ങൾ സിനിമാ മേഖലയിൽ ഇല്ലാത്തതുകൊണ്ടു കൂടിയാണ് നടപടികൾ ഇല്ലാതിരുന്നത്. മാത്രമല്ല അലൻസിയർ മാപ്പ് പറയുവാനെങ്കിലും തയ്യാറായിരുന്നു. വിനായകൻ ചെയ്ത തെറ്റിനെ ന്യായീകരിക്കുകയാണ്. 

ഈ വിഷയത്തില്‍ മറുവശത്ത് അക്രമം നേരിടുന്നത് ഒരു ദലിത് സ്ത്രീയാണ്. മറ്റുള്ള മീറ്റു ക്യാമ്പെയിനുകളിൽ സ്വന്തം ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ ഒരു സ്ത്രീയ്ക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത തരത്തിലുള്ള അധിക്ഷേപങ്ങളും സൈബർ അറ്റാക്കുമാണ് ഒരു ദലിത് സ്ത്രീയായ പരാതിക്കാരിക്ക് നേരിടേണ്ടി വന്നത്. ഇത് കൃത്യമായി പൊതു സമൂഹത്തിൽ പ്രവർത്തിക്കുന്ന ജാതീയതയും, സമുദായത്തിനുള്ളിൽ പ്രവർത്തിക്കുന്ന ഉപജാതി ബോധങ്ങളും പുരുഷാധിപത്യ ബോധങ്ങളും കൊണ്ട് തന്നെയാണ്. വിനായകക്കാള്‍ എന്ന ദലിത് പുരുഷനേക്കാൾ പ്രിവിലേജ് കുറവാണ് ആ ദളിത് സ്ത്രീക്ക്. 

വിനായകനെതിരെ വളരെ വേഗത്തില്‍ നടപടി ഉണ്ടായെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. പരാതിയുടെ രസീത് കിട്ടാന്‍ തന്നെ രണ്ട് ദിവസത്തോളം എടുത്തു. ഒരാഴ്ചയോളം സമയമെടുത്താണ് മറ്റ് നടപടികള്‍ ഉണ്ടായത്. ഇപ്പോള്‍ സ്‌റ്റേഷന്‍ ജാമ്യമാണ് വിനായകന് ലഭിച്ചിരിക്കുന്ന്. അതുപോലെ ചേച്ചിയുടെ ഫോണ്‍ സീസ് ചെയ്യപ്പെട്ടിട്ടുണ്ട്. വിനായകന്റെ ഫോണ്‍ ഇത് വരെ സീസ് ചെയ്തിട്ടില്ല എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. നല്ല വക്കീലിനെ വെക്കാനടക്കമുള്ള പ്രിവിലേജ് അദ്ദേഹത്തിന് ഉണ്ട്. ഞങ്ങള്‍ രണ്ട് പേരും ദളിതരാണ്. ഒരേ സമൂഹത്തില്‍ പ്രിവിലേജ് കുറഞ്ഞ നിലയില്‍ നില്‍ക്കുന്ന ആളുകളാണ് ഞങ്ങള്‍. 

വിനായകന്‍ അറസ്റ്റിലായെങ്കിലും ജാമ്യം കിട്ടി, തന്നെ ആദ്യം വിളിച്ച പുരുഷനെതിനെ അന്വേഷണം വേണം എന്ന് വിനായകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് അടുത്ത നടപടി?

പൊലീസ് സ്‌റ്റേഷനില്‍ ഈ കാര്യം ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. ജാമ്യം എടുത്ത വാര്‍ത്തകള്‍ വരുമ്പോള്‍ തെറ്റിദ്ധാരണ പടര്‍ത്താനായിട്ടാണ് വിനായകന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടുള്ളത്. 

വിനായകന്‍ പറയുന്ന പുരുഷന്‍ ഞാന്‍ തന്നെയാണ്. ഈ സമയത്തിനുള്ളില്‍ അത് അദ്ദേഹത്തിന് മനസിലായിട്ടുമുണ്ടാവുമല്ലോ. ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെങ്കില്‍ അദ്ദേഹം എനിക്ക് എതിരെ മാനനഷ്ടപരിഹാര കേസ് ഫയല്‍ ചെയ്‌ട്ടെ. അല്ലെങ്കില്‍ വിനായകന് ധൈര്യമുണ്ടെങ്കില്‍ അടുത്ത ഒരു ഇന്റര്‍വ്യൂവില്‍ ദിനു എന്ന ആളാണ് മോശമായി സംസാരിച്ചത് എന്ന് പറയട്ടെ. അപ്പോള്‍ എനിക്ക് കേസ് ഫയല്‍ ചെയ്യാമല്ലോ. കള്ളത്തരമാണ് എന്ന് പറഞ്ഞുകൊണ്ട്. ഇനിയും വിനായകന്‍ അപവാദം പ്രചരിപ്പിക്കുകയാണെങ്കില്‍ നിയമപരമായി നേരിടാനാണ് തീരുമാനം.

അദ്ദേഹത്തെക്കാള്‍ പ്രായം കുറഞ്ഞ ദളിത് വിദ്യാര്‍ത്ഥിയായ എനിക്കെതിരെ ഒരു എത്തിക്‌സും ഇല്ലാതെ ഗുരുതരമായ ആരോപണം നടത്തുന്ന ഒരു മനുഷ്യന്‍ ഇത്രയും നാള്‍ എന്ത് അയ്യങ്കാളി ചിന്താഗതിയെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല. വളരെ അടിസ്ഥാനപരമായ ജനാധിപത്യബോധമാണല്ലോ അത്.

അദ്ദേഹം ഒരു തെറ്റ് ചെയ്തു. അങ്ങനെ നടന്നിട്ടില്ല എന്ന് എല്ലാ കുറ്റാരോപിതരും പറയുന്ന പോലെ അദ്ദേഹത്തിന് പറയാം. പക്ഷേ, അത് അല്ലല്ലോ അദ്ദേഹം ചെയ്യുന്നത്. സാക്ഷിയായ എന്നെ കുറിച്ച് വീണ്ടും കള്ളത്തരങ്ങള്‍ പറയുകയാണ്. അദ്ദേഹം പറയുന്നത് തെളിയിക്കേണ്ട ചുമതല അദ്ദേഹത്തിനുണ്ട്. എന്റെ ഭാഗം തെളിയിക്കാന്‍ ഞാന്‍ തയ്യാറാണ്.

പൊലീസിന് ആദ്യംകൊടുത്ത മൊഴിയില്‍ തന്നെ ഇപ്പോഴും ഞാന്‍ ഉറച്ച് നില്‍ക്കുകയാണ്. വിനായകനോ മൂന്ന് ദിവസവും മൂന്ന് തരത്തിലാണ് പറയുന്നത്. ആദ്യ ദിവസം പറഞ്ഞു ഇങ്ങനെ ഒന്നും നടന്നിട്ടില്ല എന്ന്. അടുത്ത ദിവസം പറയുന്നു, ഇത് എന്നെ ബാധിക്കുന്ന കാര്യമല്ല എന്ന്. നടന്നിട്ടുണ്ടെങ്കില്‍ യുദ്ധം ചെയ്‌തോട്ടെ എന്ന്. മൂന്നാമത്തെ ദിവസം ഞാന്‍ ആണ് അങ്ങോട്ട് മോശമായി സംസാരിച്ചത് എന്നായി. വിനായകന്റെ സ്റ്റാന്റ് അടിക്കടി മാറുന്നു. ഞാന്‍ എന്റെ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നു.

Follow Us:
Download App:
  • android
  • ios