രാജ്യത്തെ ആദ്യ പരിസ്ഥിതി മുന്നേറ്റങ്ങളിലൊന്നായ മാവൂര്‍ സമരത്തിന്റെയും അതിന് നേതൃത്വം നല്‍കിയ കെ എ റഹ്മാന്റെയും കഥ പറയുന്ന 'അദ്രയി' എന്ന ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തില്‍ എഴുത്തുകാരിയും സംവിധായികയുമായ ഫര്‍സാനയുമായി അഭിമുഖം. കെ. പി റഷീദ് എഴുതുന്നു

ഇക്കഴിഞ്ഞ മെയ് 10-ന് കോഴിക്കോട് ജില്ലയിലെ വാഴക്കാട് വാലില്ലാപ്പുഴ ഹയാത്ത് സെന്ററില്‍ ഒരു ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം നടന്നു. 'അദ്രയി', അതായിരുന്നു ചിത്രത്തിന്റെ പേര്. 

വാഴക്കാട് സ്വദേശി കൂടിയായ പ്രശസ്ത എഴുത്തുകാരി ഫര്‍സാന സംവിധാനം ചെയ്ത ആ ഡോക്യുമെന്ററി കെ എ റഹ്മാനെക്കുറിച്ചായിരുന്നു. ഒരു കാലത്ത്, കേരളം ഒന്നിച്ച് ചര്‍ച്ച ചെയ്ത മാവൂര്‍ ഗ്രാസിം സമരത്തിന്റെ ധീരനായകന്‍. ഇന്ത്യയിലെ ആദ്യ പാരിസ്ഥിതിക മുന്നേറ്റങ്ങളില്‍ ഒന്നിന്റെ ജീവാത്മാവ്. എന്നിട്ടും, മരണാനന്തരം, കേരളം മറന്നുപോയ ഒരാള്‍. ഇപ്പോഴില്ലാത്ത അദ്ദേഹത്തെ മറ്റുള്ളവരുടെ ഓര്‍മ്മകളിലൂടെ, പഴങ്കാലത്തിന്റെ മുദ്രകളിലൂടെ അടയാളപ്പെടുത്തുകയാണ് 'അദ്രയി' എന്ന ഡോക്യുമെന്ററി.

ആദ്യ പ്രദര്‍ശനം കഴിഞ്ഞ് കുറച്ചു നാളുകള്‍. ആ ചിത്രം ഇപ്പോള്‍ ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കൊല്‍ക്കത്തയില്‍ സംഘടിപ്പിക്കുന്ന എട്ടാമത് സൗത്ത് ഏഷ്യന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മറ്റ് ഫെസ്റ്റിവലുകളിലേക്കും ആ ചെറുചിത്രം യാത്രയ്‌ക്കൊരുങ്ങുന്നു. അതോടൊപ്പം, അദ്രയി എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന കെ എ അബ്ദുറഹ്മാന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു.

മരണക്കിടക്കയിലും ആ മനസ്സില്‍ സമരം മാത്രമായിരുന്നു...

കേരളത്തിന്റെ പാരിസ്ഥിതിക ചരിത്രത്തില്‍ സമാനതകളില്ലാത്ത പോരാട്ടം നടത്തിയ ധീരനായകനായിരുന്നു കെ. എ റഹ്മാന്‍. വിഷമലിനീകരണത്തിന് എതിരെ ജീവിതം കൊണ്ട് പോരാടി, പോര്‍മുഖത്ത് നില്‍ക്കെ അതേ വിഷമലിനീകരണത്തിന്റെ ഇരയായി വിടപറഞ്ഞ സമരനായകന്‍. കാന്‍സറിന്റെ കൊടുംവേദന ശരീരം തുളച്ചുകയറുമ്പോഴും 'എന്റെ ചാലിയാര്‍' എന്നാവര്‍ത്തിച്ച് വിങ്ങിപ്പൊട്ടി, അദ്ദേഹം. രോഗിയായി കിടക്കുമ്പോഴും പക്വതയോടെ സമരം നയിച്ചു, അദ്ദേഹം. മരണക്കിടക്കയില്‍ കിടന്ന് അദ്ദേഹം കേരളത്തിന്റെ പൊതുസമൂഹത്തിന് എഴുതിയ തുറന്ന കത്ത് ആരുടെയും കണ്ണുതുറപ്പിക്കുന്നതായിരുന്നു.

''മാവൂരില്‍ ബിര്‍ളാഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ ഗ്രാസിം ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനം ആരംഭിച്ചതുമുതല്‍, ചാലിയാര്‍ പുഴയിലേക്കു ഒഴുക്കുന്ന രാസവസ്തുക്കളുടെയും പുറത്തുവിടുന്ന വിഷവാതകങ്ങളുടെയും ഫലമായുണ്ടാവുന്ന മലിനീകരണത്തിനെതിരെ സമരരംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചവരിലൊരാളാണ് ഞാന്‍. ഇനി ചെറിയ തോതിലുള്ള മലിനീകരണം പോലും ഇവിടത്തെ മനുഷ്യരെയും ഭാവിതലമുറയെയും രോഗികളാക്കി കൊന്നൊടുക്കുമെന്നുതന്നെ ഞാന്‍ ഭയക്കുന്നു. ഇതിന്റെ ഏറ്റവും നല്ല തെളിവ് ഞാന്‍ തന്നെ.'' എന്ന് തുടങ്ങുന്ന ആ കത്ത് കേരളത്തിന്റെ കരുണ തേടുന്ന അഭ്യര്‍ത്ഥനയായിരുന്നു.

കെ. എ റഹ്മാന്‍

മനുഷ്യപ്പറ്റ് ബാക്കിയുള്ളവരെല്ലാം ആ അഭ്യര്‍ത്ഥന കേട്ടു. കത്തെഴുതി അധികനാളുകള്‍ കഴിയും മുമ്പേ, 1999 ജനുവരി 11-ന് അദ്ദേഹം വിടപറഞ്ഞു. അതു കഴിഞ്ഞ് 15 നാള്‍ക്കുശേഷം, 1999 ലെ റിപ്പബ്ലിക് ദിനത്തില്‍ കമ്പനി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് അന്തിമസമരം ആരംഭിച്ചു. അരുന്ധതി റോയ്, മേധാപട്കര്‍, എം ടി വാസുദേവന്‍നായര്‍, സുഗത കുമാരി എന്നിങ്ങനെ നിരവധി പ്രമുഖര്‍ സമരത്തിന്റെ മുന്‍നിരയില്‍വന്നുനിന്നു. കേരളമാകെനിന്ന് മനുഷ്യര്‍ സമരപ്പന്തലിലേക്ക് ഒഴുകി. നിരാഹാര സമരം തീരും മുമ്പേ, 1999 ഒക്ടോബറില്‍ കമ്പനി ഉത്പാദനം നിര്‍ത്തി. രണ്ടു വര്‍ഷത്തിനു ശേഷം, 2001 -ല്‍ നാട്ടുകാരെ കൊന്നു കൊണ്ടിരുന്ന ആ വിഷക്കമ്പനി എന്നേക്കുമായി അടച്ചുപൂട്ടപ്പെട്ടു. പത്തു കോടി രൂപ മുതല്‍ മുടക്കിയുണ്ടാക്കിയ ഫാക്ടറി അടച്ചുപൂട്ടുമ്പോള്‍ ആസ്തി ആയിരം കോടിയില്‍ എത്തിയിരുന്നു. പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും കണ്ണില്‍ചോരയില്ലാതെ ചൂഷണം ചെയ്ത പാപത്തിന്റെ പ്രതിഫലം.

കമ്പനി പൂട്ടിയതോടെ, മാവൂരും പരിസരങ്ങളും മാറി. ആയ കാലത്ത് കമ്പനി വിതച്ച മഹാമാരികളുടെ വിത്തുകള്‍ പിന്നെയും ഏറെക്കാലം മനുഷ്യജീവനുകളെടുത്തുവെങ്കിലും ആകാശത്ത് സദാസമയവും നിറഞ്ഞുനിന്ന വിഷപ്പുക നീങ്ങി. മാരക രാസമാലിന്യങ്ങള്‍ ഒഴുകിയിരുന്ന ചാലിയാര്‍ പുഴയില്‍ മല്‍സ്യങ്ങള്‍ തിരിച്ചുവന്നു. മനുഷ്യജീവിതം സാധാരണ നിലയിലായി.

YouTube video player

മാവൂര്‍ സമരത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ കണ്ണാടി തയ്യാറാക്കിയ എപ്പിസോഡ്

'കുടിച്ച്ണ ബെള്ളം ഗുലുമാലാക്ക്ണ ബിര്‍ലാക്കമ്പനി മാണ്ടേ മാണ്ടാ'

1958-ല്‍ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയാണ് കോഴിക്കോട് നഗരത്തിനടുത്ത മാവൂരില്‍ വ്യവസായ സ്ഥാപനം തുടങ്ങാന്‍ ബിര്‍ല കമ്പനിയുമായി കരാര്‍ ഒപ്പിടുന്നത്. പ്രതിവര്‍ഷം 2,00,000 ടണ്‍ അസംസ്‌കൃത വനവിഭവങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നായിരുന്നു കരാര്‍. ഒരൊറ്റ രൂപ. ഒരു ടണ്‍ മുളയ്ക്ക് ഇതായിരുന്നു സര്‍ക്കാര്‍ നിശ്ചയിച്ച വില. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ഇതനുസരിച്ച് 1960 മാര്‍ച്ച് 11-ന് 136.26 ഏക്കറും 1964 സെപ്റ്റംബര്‍ 15ന് 50.90 ഏക്കറും അടക്കം 235 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് കമ്പനിക്ക് നല്‍കി. 89 ഏക്കര്‍ ഭൂമി പിന്നീട് കമ്പനി വിലയ്ക്കുവാങ്ങി. കരാര്‍ പ്രകാരം തുച്ഛമായ വിലയ്ക്ക് മുള, ഈറ്റ, യൂക്കാലിപ്റ്റസ് എന്നീ വനവിഭവങ്ങള്‍ 1963 മുതല്‍ 1999 വരെ സര്‍ക്കാര്‍ കമ്പനിക്ക് നല്‍കി.

1963-ല്‍ ഗ്വാളിയോര്‍ റയോണ്‍സ് സില്‍ക്ക് മാനുഫാക്ചറിങ് യൂനിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. പ്രതിദിനം 100 ടണ്‍ ശേഷിയോടെ പള്‍പ്പ് ഡിവിഷനാണ് ആദ്യം തുടങ്ങിയത്. അഞ്ചുവര്‍ഷത്തിനുശേഷം പ്രതിദിനം 70 ടണ്‍ ശേഷിയോടെ ഫൈബര്‍ ഡിവിഷന്‍ തുടങ്ങി. ആദ്യവര്‍ഷംതന്നെ മലിനീകരണവും അതിനെതിരായ പോരാട്ടവും തുടങ്ങി. വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന കെ. എ റഹ്മാന്‍ എന്ന 23 വയസ്സുകാരനായിരുന്നു നേതാവ്. 1963 -ല്‍ കെ. എ റഹ്മാന്റെ നേതൃത്വത്തില്‍ ഫാക്ടറിയിലേക്കു ജനകീയ മാര്‍ച്ച് നടന്നു. 'കുടിച്ച്ണ ബെള്ളം ഗുലുമാലാക്ക്ണ ബിര്‍ലാക്കമ്പനി മാണ്ടേ മാണ്ടാ' എന്ന മുദ്രാവാക്യം വിളിച്ചെത്തിയ നാട്ടുകാര്‍ കമ്പനി ഗേറ്റ് തല്ലിത്തകര്‍ത്തു, ഓഫീസ് കൈയ്യേറി. തുടര്‍ന്ന് കലക്ടറുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പ് കരാര്‍. മലിനജലം കടലിലൊഴുക്കും, കുടിവെള്ളം നല്‍കാന്‍ കിണറുകള്‍ കുഴിക്കും-ഇതായിരുന്നു ധാരണ. കമ്പനി വാക്ക് പാലിച്ചേയില്ല.

അവര്‍ അവശിഷ്ട ജലം ചാലിയാര്‍ പുഴയില്‍ നേരിട്ട് ഒഴുക്കുന്നത് തുടര്‍ന്നു. കറുത്തിരുണ്ട പുഴയില്‍ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങി. കടുത്ത ദുര്‍ഗന്ധമായി. നാട്ടുകാര്‍ പോരാട്ടം തുടര്‍ന്നു. 1972-ല്‍ കെ. എ റഹ്മാന്റെ നേതൃത്വത്തില്‍ 'ചാലിയാര്‍ ജലവായുശുദ്ധീകരണ സമിതി'ക്ക് രൂപം നല്‍കി. തൊട്ടടുത്ത വര്‍ഷം തന്നെ, എളമരം കടവില്‍ കമ്പനി കെട്ടിയ താല്‍കാലിക ബണ്ട് നാട്ടുകാര്‍ പൊളിച്ചു. തല്‍ഫലമായി ഫാക്ടറിയിലേക്കും കോഴിക്കോട് നഗരത്തിലേക്ക് വെള്ളം പമ്പു ചെയ്യുന്നിടത്തേക്കും മലിനജലം ഇരച്ചു കയറി. വീണ്ടും ചര്‍ച്ചകള്‍. കരാറുകള്‍. കരാര്‍ ലംഘനങ്ങള്‍. പ്രതിഷേധങ്ങള്‍ക്ക് ഇടമില്ലാതിരുന്ന അടിയന്തരാവസ്ഥ കാലത്തുപോലും സമരക്കാര്‍ പിന്തിരിഞ്ഞില്ല.

ഇതിനിടെ, ജല, വായു മലിനീകരണം രൂക്ഷമായി. മാവൂരിന് ചുറ്റുമുള്ള 11 പഞ്ചായത്തുകളെ മലിനീകരണം സാരമായി ബാധിച്ചു. മാരകമായ രാസമാലിന്യം കലര്‍ന്ന് ചാലിയാര്‍ മരിച്ചു. ചുറ്റുമുള്ള കരകളില്‍ മാരകരോഗങ്ങള്‍ പടര്‍ന്നു. വായുവിലൂടെ പരക്കുന്ന വിഷപ്പുകയും രോഗങ്ങള്‍ പടര്‍ത്തി. വൈകാതെ ചാലിയാറിന്റെ കര കാന്‍സറിന്റെയും മറ്റ് മാരകരോഗങ്ങളുടെയും പിടിയിലമര്‍ന്നു. നൂറുകണക്കിനാളുകള്‍ മരിച്ചു. ആയിരങ്ങള്‍ രോഗികളായി. ജീവിതം ദുസ്സഹമായി. പ്രക്ഷോഭവും ശക്തമായി. വാഴക്കാട് ആരംഭിച്ച സമരം മറ്റ് കരകളിലേക്കും പടര്‍ന്നു. മലപ്പുറം ജില്ലയിലെ അരീക്കോട്, വാഴക്കാട്, വാഴയൂര്‍, കോഴിക്കോട് ജില്ലയിലെ പെരുവയല്‍, ഒളവണ്ണ, ഫറോക്ക്, ബേപ്പൂര്‍ പഞ്ചായത്തുകളിലാണ് പ്രതിഷേധം ശക്തമായത്. ഇതോടൊപ്പം പ്രക്ഷോഭത്തെ പ്രലോഭനങ്ങളും ഭീഷണികളുംകൊണ്ട് ഇല്ലാതാക്കാനും ശ്രമം നടന്നു. തൊഴിലാളി പ്രശ്‌നം ചൂണ്ടിക്കാട്ടി ടേഡ് യൂനിയനുകളും രാഷ്ട്രീയ പാര്‍ട്ടികളും കമ്പനിക്കൊപ്പം നിന്നു. മലിനീകരണ വിരുദ്ധ സമരത്തിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്തുവന്നു.

കമ്പനി പൂട്ടണമെന്ന് സമരക്കാരും പൂട്ടരുതെന്ന് യൂനിയനുകളും വാദിച്ചു. കാന്‍സര്‍ മരണങ്ങളും മറ്റു രോഗങ്ങളും പടരുന്ന വിവരം പുറത്തുവന്നപ്പോള്‍ നിരവധി സ്ഥാപനങ്ങളും ഗവേഷകസംഘങ്ങളും ശാസ്ത്ര സംഘടനകളും പഠനങ്ങള്‍ നടത്തി. മലിനീകരണം അനുവദനീയമായതിലും പതിന്മടങ്ങാണെന്നും രോഗങ്ങളും മരണങ്ങളും ഇതുകൊണ്ടാണെന്നും തെളിയിക്കപ്പെട്ടു. സര്‍ക്കാര്‍ ഒത്താശയോടെ കമ്പനി അനുകൂല റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടെങ്കിലും ഫലപ്രദമായില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കമ്പനിയുടെ ചട്ടുകമായി നിന്ന് സമരത്തെ പ്രതിരോധിച്ചു.

ഇതിനിടെ, കമ്പനി വക ബണ്ടുകളും പൈപ്പുകളും നാട്ടുകാര്‍ തകര്‍ത്തു. സംസ്ഥാനത്താകെ പടര്‍ന്ന പ്രതിഷേധത്തിന് ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ശക്തമായ പിന്തുണ ലഭിച്ചു. കേസുകളും പഠനറിപ്പോര്‍ട്ടുകളും അപൂര്‍വം സര്‍ക്കാര്‍ ഏജന്‍സികളുടെ പിന്തുണയും കമ്പനിയുടെ അടിവേരിളക്കി. ഇതിനിടെയാണ് കെ.എ. റഹ്മാന്‍ കാന്‍സര്‍ ബാധിതനായതും കമ്പനി അടച്ചുപൂട്ടുക എന്ന നിലപാടിലേക്ക് സംയുക്ത സമരസമിതി എത്തിയതും. തുടര്‍ന്ന് അന്തിമസമരം. 1999 ജനുവരി 26 മുതല്‍ റിലേ നിരാഹാര സമരം. കേരളത്തിനകത്തും പുറത്തുമുള്ള ആക്ടിവിസ്റ്റുകളും പരിസ്ഥിതി പ്രവര്‍ത്തകരും സമരപ്പന്തലില്‍ സജീവമായി. 'ചാലിയാര്‍ സമര ഏകോപനസമിതി' രൂപവത്കരിച്ച് പ്രക്ഷോഭം ശക്തമാക്കി. അടിപതറിയ കമ്പനി 1999 ഒക്ടോബര്‍ പത്തിന് ഉല്‍പാദനം നിറുത്തി. 2001 ജൂണ്‍ 30ന് നിയമപരമായി അടച്ചുപൂട്ടി.

YouTube video player

മാവൂര്‍ സമരത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ 'യാത്ര' പ്രോഗ്രാം തയ്യാറാക്കിയ എപ്പിസോഡ്

'രോഗഭീതി നിറഞ്ഞൊരു കാലമായിരുന്നു അത്'

ഈ സമരപോരാട്ടങ്ങളുടെ കൂടി കഥയാണ് 'അദ്രയി' എന്ന ഡോക്യുമെന്ററി. വാഴക്കാട്ട് ജനിച്ചു വളര്‍ന്ന്, ഇപ്പോള്‍ ചൈനയില്‍ ജീവിക്കുന്ന എഴുത്തുകാരി ഫര്‍സാനയാണ് 'അദ്രയി' സംവിധാനം ചെയ്തത്. ആനുകാലികങ്ങളിലും ദിനപ്പത്രങ്ങളിലും കഥകളും നോവലുകളിലും ലേഖനങ്ങളും പംക്തികളും എഴുതുന്ന ഫര്‍സാനയുടെ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'എല്‍മ' എന്ന നോവല്‍ ശ്രദ്ധേയമായിരുന്നു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'വേട്ടാള' എന്ന കഥാസമാഹാരവും ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച 'ഖയാല്‍' എന്ന ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരവും 'ഷ്യൗ വാങ്' എന്ന ബാലസാഹിത്യനോവലുമാണ് പുറത്തുവന്ന മറ്റു പുസ്തകങ്ങള്‍. സംസ്‌കൃതി - സി വി ശ്രീരാമന്‍ പുരസ്‌കാരം, മഹാകവി ടി ഉബൈദ് പുരസ്‌കാരം, ടി വി കെ കുറുപ്പ് പുരസ്‌കാരം, എ മഹമൂദ് പുരസ്‌കാരം, മ ലിറ്റററി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

വാഴക്കാട് സ്വദേശികളായ സി.കെ. അബൂബക്കറിന്റെയും റംലയുടെയും മകളായ ഫര്‍സാന കുട്ടിക്കാലത്തിന്റെ ഇരുണ്ട ആകാശങ്ങളിലേക്ക് നടത്തുന്ന ഒരു യാത്ര കൂടിയാണ് 'അദ്രയി.' വിഷമലിനീകരണത്തില്‍ മുങ്ങിയ ആകാശവും നദിയും മണ്ണും കണ്ടുകണ്ടാണ് ഫര്‍സാനയും വളര്‍ന്നത്. ''കുട്ടിക്കാലം മുതലേ മലിനീകരണം ചുറ്റുപാടുകളിലും നാശം വിതയ്ക്കുന്നത് ഞാനറിഞ്ഞിരുന്നു. മരിച്ചവരില്‍, എന്നോടെപ്പോഴും വാത്സല്യത്തോടെ പെരുമാറിയിരുന്ന ഒരു സ്ത്രീയുമുണ്ടായിരുന്നു. രക്തബന്ധമില്ലാതിരുന്നിട്ടു കൂടി ആ മരണം എന്നെ വല്ലാതെ നടുക്കി.''-ഫര്‍സാന പറയുന്നു.

ഡോക്യുമെന്ററി ചിത്രീകരണത്തിനിടയില്‍ സമരനേതാവായിരുന്ന പികെഎം ചേക്കുവിനൊപ്പം സംവിധായിക

കുട്ടിയായിരുന്ന ഫര്‍സാനയ്ക്ക് അദ്രയി ഒരു വീരനായകനായിരുന്നു. കമ്പനി ഉണ്ടാക്കുന്ന വിപത്തുകളും അതിനെതിരെ ജീവന്‍ നല്‍കി നാട്ടുകാര്‍ നടത്തുന്ന സമരവും ആ പെണ്‍കുട്ടിയുടെ ഓര്‍മ്മകളില്‍ നിറഞ്ഞുനിന്നു. അതിനിടയില്‍ അദ്രയിയുടെ മരണം, അന്തിമസമരം, കമ്പനി അടച്ചുപൂട്ടല്‍. സൈക്കോളജിയില്‍ ബിരുദവും ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ഡിപ്ലോമയും നേടിയ ഫര്‍സാനയുടെ ജീവിതം പിന്നീട് ചൈനയിലേക്ക് പറിച്ചുനടപ്പെട്ടു. അതിനിടയില്‍, എഴുത്തില്‍ സജീവമായിരുന്നു. കഥകളും നോവലുകളും ഓര്‍മ്മക്കുറിപ്പുകളുമെല്ലാം പ്രസിദ്ധീകരിക്കപ്പെട്ടു. നാലാളറിയുന്ന എഴുത്തുകാരിയായി മാറി. അപ്പോഴും ഉള്ളിനുള്ളില്‍ മാവൂര്‍ സമരവും അദ്രയിയും ഉണ്ടായിരുന്നു. ഇന്ത്യയില്‍ തന്നെ ആദ്യമായി നടന്ന പാരിസ്ഥിതിക സമരങ്ങളിലൊന്നിന്റെ നായകനായിരുന്നിട്ടും, ആ ഐതിഹാസിക ജീവിതം ആരാലും ഓര്‍മ്മിക്കപ്പെടാതെ മാഞ്ഞുപോയത് ജീവിതം കൊണ്ടറിയുന്നുണ്ടായിരുന്നു. അങ്ങനെയാണ്, ആ കാലം പുനരാവിഷ്‌കരിക്കണമെന്ന ആഗ്രഹം വന്നത്. 'എഴുതുക എളുപ്പമായിരുന്നു, പക്ഷേ, ആ നാളുകള്‍ എന്നേക്കുമായി അടയാളപ്പെടുത്താന്‍ കുറച്ചുകൂടി ശക്തമായ മീഡിയം ഡോക്യുമെന്ററി ആണെന്ന് തോന്നി. അങ്ങനെയാണ് അദ്രയി എന്ന ഡോക്യുമെന്ററിയുടെ പിറവി.'

ചൈനയിലിരുന്ന് മാവൂരിനെ ഓര്‍ത്തെടുക്കുക എളുപ്പമായിരുന്നില്ല. ജീവിച്ചിരിപ്പില്ലാത്ത ഒരാളുടെ ജീവിതകഥ ദൃശ്യങ്ങളിലൂടെ പറയുക ഒട്ടും എളുപ്പമായിരുന്നില്ല. അദ്ദേഹവുമായി പല കാലങ്ങളില്‍ ബന്ധപ്പെട്ട മനുഷ്യരിലൂടെ മാത്രമേ ആ കഥ പറയാനാവൂ. അങ്ങനെ ചൈനയിലിരുന്ന് ഫാര്‍സാന മനസ്സില്‍ ആ ഡോക്യുമെന്റി എഴുതിത്തുടങ്ങി. നാട്ടിലേക്ക് പോയ ചുരുക്കം നാളുകളില്‍ സമരവുമായി പലനിലയ്ക്ക് ബന്ധപ്പെട്ട മനുഷ്യരെ കണ്ടെത്തി. അഭിമുഖങ്ങള്‍ നടത്തി. പഴയ പത്രക്കട്ടിംഗുകള്‍ക്കും ഫൂട്ടേജുകള്‍ക്കും വേണ്ടി ഉഴറിനടന്നു. 'അദ്രയിയുടെ നല്ല ഫോട്ടോ കൂടി കിട്ടിയില്ല. അവ ലഭ്യമായിരുന്നില്ല. അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്ന പടങ്ങളില്‍ പലതും പല കാലങ്ങളില്‍ പലരും കൊണ്ടുപോയി. ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ വിടപറഞ്ഞ, അദ്രയിയുടെ സഹപ്രവര്‍ത്തകനും സമരനേതൃത്വത്തിലെ ഫയര്‍ബ്രാന്റ് നേതാവുമായിരുന്ന പികെഎം ചേക്കുവാണ് ഏറെ സഹായിച്ചത്. കാസര്‍കോഡ് ജോലി ചെയ്യുന്ന അദ്ദേഹം നാട്ടില്‍വന്ന് ക്യാമറയ്ക്കു മുന്നില്‍ നിന്നു. അറിയാത്ത അനേകം കഥകള്‍ പറഞ്ഞു തന്നു. ഡോക്യുമെന്റി ഇറങ്ങുക അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. അതിറങ്ങി അധികം വൈകാതെ, ഒട്ടും പ്രതീക്ഷിക്കാത്ത നാളില്‍, അകാലത്തില്‍ അദ്ദേഹം വിടപറഞ്ഞു. മരണത്തിന്റെ വല്ലാത്തൊരു കളി.'-ഫര്‍സാന ഓര്‍ക്കുന്നു.

YouTube video player

'അദ്രയി'യ്ക്കു മുമ്പേ പലരും മാവൂര്‍ സമരം ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഒരു തീവണ്ടി യാത്രയ്ക്കിടയില്‍, അബദ്ധത്തില്‍ മരണത്തിലേക്ക് നിലം പതിച്ച സി ശരത്ചന്ദ്രന്‍ പകര്‍ത്തിയ ബാക്കിപത്രം (Chaliyar - The Final Struggle) എന്ന എണ്ണം പറഞ്ഞ ഡോക്യുമെന്ററിയായിരുന്നു അതില്‍ പ്രധാനം. അതിന്റെ രണ്ടാം ഭാഗത്തിന്റെ പണികള്‍ക്കിടയിലായിരുന്നു ശരത് ചന്ദ്രന്റെ അപ്രതീക്ഷിത മരണം. പിന്നീട് മാധ്യമപ്രവര്‍ത്തകയായി മാറിയ ശ്രീദേവി പിള്ള യുഎസിലെ പഠനകാലത്ത് നിര്‍മിക്കുകയും വിദേശത്തെ നിരവധി ഇടങ്ങളില്‍ അന്ന് പ്രദര്‍ശിപ്പിക്കുകയും ചെയ്ത 'Unquiet flows the Chaliyar' എന്ന ഡോക്യുമെന്ററിയായിരുന്നു മറ്റൊന്ന്. ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങളും വിപുലമായി മാവൂര്‍ സമരത്തെ ദൃശ്യവല്‍കരിച്ചിരുന്നു. അതില്‍നിന്നൊക്കെ 'അദ്രയി' വ്യത്യസ്തമാകുന്നത് ഇതിന്റെ ഫോക്കസ് സമരനായകനായ കെ എ റഹ്മാന്‍ ആണെന്നതാണ്. ബാക്കിയെല്ലാം സമരകാലത്ത് പുറത്തിറങ്ങിയതാണെങ്കില്‍ ഈ ഡോക്യുമെന്ററി പുതിയ കാലത്തു നിന്നുകൊണ്ടാണ്. ചൈനയില്‍നിന്നും നാട്ടിലെത്തിയ ഹ്രസ്വ കാലയളവില്‍, അനേകം പരിമിതികള്‍ക്കിടയിലാണ് ഫര്‍സാന ഡോക്യുമെന്ററി ചെയ്തത്. ഒറ്റ കാഴ്ചയില്‍, അതിന്‍േറതായ പരിമിതികള്‍ അതിനുണ്ട്. പക്ഷേ, നാട് മറന്നുപോയ ഒരു വലിയ മനുഷ്യനെ അര്‍ഹിക്കുന്ന ആഴത്തിലും പരപ്പിലും അടയാളപ്പെടുത്താന്‍ ഈ ഡോക്യുമെന്ററിക്ക് കഴിഞ്ഞിട്ടുണ്ട്. കെ എ റഹ്മാന്‍ ആരെന്ന് വരുംകാലത്തിന് പറഞ്ഞുകൊടുക്കാനുള്ള ഉപാധിയെന്ന നിലയില്‍ ഇതിന് ഏറെ പ്രാധാന്യം കൈവരുന്നത് അങ്ങനെയാണ്.

ഡോക്യുമെന്ററിയെക്കുറിച്ച്, അതിന്റെ ചിത്രീകരണത്തെക്കുറിച്ച്, അദ്രയിയെക്കുറിച്ച് ഫര്‍സാന തന്നെ വിശദമായി സംസാരിക്കുന്നു:

അദ്രയി എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ആരാണ് അദ്രയി? എന്തുകൊണ്ടാണ് ആ പേര്?

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പരിസ്ഥിതി സമരങ്ങളില്‍ ഒന്നാണ് കോഴിക്കോട് ജില്ലയിലെ മാവൂരില്‍ നടന്ന ജനകീയ പ്രക്ഷോഭം. കേരളപ്പിറവിക്കു പിന്നാലെ പ്രവര്‍ത്തനമാരംഭിച്ച, ആദ്യം മാവൂര്‍ റയോണ്‍സ് എന്നും പിന്നീട് മാവൂര്‍ ഗ്രാസിം എന്നും പേരുണ്ടായിരുന്ന ഫാക്ടറി സൃഷ്ടിച്ച വിഷമലീനീകരണത്തിനെതിരെ പതിറ്റാണ്ടുകളോളം നടന്ന സമരത്തിന് നേതൃത്വം നല്‍കിയത് മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ എ റഹ്മാനാണ്. കമ്പനി നാടെങ്ങും കാന്‍സര്‍ രോഗം വിതച്ചതിനെതിരെ പോരാടിയ കെ എ റഹ്മാന്‍ ഒടുവില്‍ കാന്‍സര്‍ വന്ന് മരിക്കുകയായിരുന്നു.

ചാലിയാര്‍ സമരത്തിനു നേതൃത്വം നല്‍കിയ കെ എ റഹ്മാനെ ജനങ്ങള്‍ സ്‌നേഹത്തോടെ വിളിച്ചിരുന്ന പേരാണ് അദ്രയി. മാവൂരിനടുത്തുള്ള വാഴക്കാട് സ്വദേശിയാണ് ഞാന്‍. മലിനീകരണം വാഴക്കാടിനെയും ഗുരുതരമായി ബാധിച്ചിരുന്നു. കെ. എ റഹ്മാന്റെ ജീവിതം ആസ്പദമാക്കി ഒരു ഡോക്യുമെന്ററി ചെയ്യണമെന്ന മോഹമുദിച്ചപ്പോള്‍ അതിനു പല പേരുകളും മനസില്‍ വന്നിരുന്നു. മിക്കതും ചാലിയാര്‍ പുഴയുമായി ബന്ധപ്പെട്ടത്. അല്ലെങ്കില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ടത്. പക്ഷേ ഒടുവില്‍ അദ്ദേഹത്തെ ഞങ്ങള്‍ വാഴക്കാട്ടുകാര്‍ സ്‌നേഹത്തോടെ വിളിച്ചിരുന്ന 'അദ്രയി' എന്ന പേരു തന്നെ തെരഞ്ഞെടുത്തു.

ഡോക്യുമെന്ററി ചിത്രീകരണത്തിനിടയില്‍

എന്ത് കൊണ്ട് കെ എ റഹ്മാന്‍? എന്തുകൊണ്ടാണ് അദ്ദേഹത്തെക്കുറിച്ച് ഡോക്യുമെന്ററി ചെയ്തത്?

പല കാരണങ്ങള്‍ ഉണ്ട്. പ്രധാനമായ രണ്ടെണ്ണം പറയാം. ഒന്ന്, കെ എ റഹ്മാന്‍ എന്ന മനുഷ്യന്‍ ഇന്ത്യയുടെ പാരിസ്ഥിതിക ചരിത്രത്തില്‍ അത്രകണ്ട് പ്രാധാന്യത്തോടെ അടയാളപ്പെടുത്തപ്പെട്ടിട്ടില്ല. കേരളത്തിലെ ആദ്യ സംഘടിത പരിസ്ഥിതി സമരമായി കണക്കാക്കുന്നത് സയലന്റ് വാലി സമരമാണ്. അതിനും ഏഴുവര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ, 1972 ല്‍ കെ എ റഹ്മാന്‍ ചാലിയാര്‍ ജലവായു ശുദ്ധീകരണ സമിതി രൂപീകരിക്കുകയും ചാലിയാര്‍ മലിനീകരണത്തിനെതിരെ സമരം ചെയ്യുകയും ചെയ്തിരുന്നു. സമരങ്ങള്‍ക്ക് സംഘടിത രൂപം കൈവന്നത് 1972 ല്‍ ആണെന്ന് പറയുന്നതാകും കൂടുതല്‍ ശരി. പക്ഷേ അതിനും ഏതാണ്ട് ഒരു പതിറ്റാണ്ട് മുന്‍പ് തന്നെ ചാലിയാറിനെ സംരക്ഷിക്കാനുള്ള സമരങ്ങള്‍ കെ.എ റഹ്മാന്റെ നേതൃത്വത്തില്‍ തുടങ്ങിയിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ മാഗ്‌നാ കാര്‍ട്ട എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്റ്റോക്‌ഹോം പ്രഖ്യാപനം നടക്കുന്നത് 1972 ലാണ്. ലോകം പരിസ്ഥിതി ദിനം ആചരിക്കാന്‍ തുടങ്ങിയതുപോലും 1973 ല്‍ ആണെന്നത് ഓര്‍ക്കണം. ലോകത്തുണ്ടാകുന്ന അത്തരം സംഭവങ്ങളെ കുറിച്ച് കെ എ റഹ്മാന്‍ ബോധവാനായിരുന്നോ എന്നറിയില്ല. പക്ഷേ അവയ്ക്കും കാലങ്ങള്‍ക്ക് മുന്‍പേ അദ്ദേഹം ആ പാത തെരഞ്ഞെടുത്തിരുന്നു. അദ്ദേഹത്തിന്റെ ഈയൊരു ചരിത്രപരവും പാരിസ്ഥിതികവുമായ പ്രാധാന്യം അടയാളപ്പെടുത്തിയിട്ടില്ല എന്ന തിരിച്ചറിവാണ് ഇത്തരത്തില്‍ ഒരു ഡോക്യുമെന്ററി ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ച ഒരു കാരണം.

മറ്റൊന്ന്, ലോകമാകെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. നമ്മുടെ കേരളത്തിലും അതിന്റെ വലിയ തോതിലുള്ള ആഘാതമുണ്ട്. ഈ കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ കാര്യങ്ങളെടുത്തു നോക്കിയാല്‍ അതു മനസിലാക്കാനാവും. അതിനാല്‍തന്നെ, ഇത്തരത്തില്‍ പാരിസ്ഥിതിക പ്രാധാന്യമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരിക എന്നത് ഒരു അനിവാര്യതയാണെന്ന് തോന്നി.

ഡോക്യുമെന്ററി എന്ന മീഡിയത്തിലേക്ക് എത്തിയത് എങ്ങനെയാണ്? അത്ര പരിചയമുള്ള ഒന്നല്ലല്ലോ അത്.

ഞാന്‍ ആദ്യം പറഞ്ഞതുപോലെ, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പരിസ്ഥിതി സമരങ്ങളില്‍ ഒന്നാണ് ചാലിയാര്‍ സമരം. എന്നാല്‍, സമരം തീരുകയും കമ്പനി പൂട്ടുകയും ചെയ്ത് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, അതെല്ലാം വിസ്മൃതിയിലാണ്. സമരമോ അതിന് അതിനു നേതൃത്വം നല്‍കിയ വ്യക്തിത്വങ്ങളോ ഒക്കെ മറവിയിലേക്ക് പോയി പുതിയ തലമുറയ്ക്ക് ഇതിന്റെ ചരിത്രപരമായ പ്രാധാന്യം അറിയുകയുമില്ല. അതിനാല്‍ തന്നെ കേരളത്തിലും പുറത്തും ലോകത്തിന്റെ നാനാ ഇടങ്ങളിലും ചര്‍ച്ച ചെയ്യപ്പെടേണ്ട, അടയാളപ്പെടുത്തേണ്ട ഒരു വിഷയമാണ് ഇതെന്ന് എനിക്ക് തോന്നി. അതിനുള്ള ഏറ്റവും കാര്യക്ഷമമായ ഒരു മാര്‍ഗ്ഗം എന്ന നിലയിലാണ് ദൃശ്യവല്‍ക്കരണത്തിന് തുനിഞ്ഞത്. ഡോക്യുമെന്ററി അതിനുള്ള ശക്തമായ മീഡിയമാണ്. ആ ചരിത്രം കൃത്യമായി രേഖപ്പെടുത്തുന്ന ഒരു ഡോക്യുമെന്ററി എടുക്കാനുള്ള ചിന്ത ഉണ്ടായത് അങ്ങനെയാണ്.

എഴുത്തുകാരി എന്ന നിലയില്‍ അറിയപ്പെടുന്ന ഒരാളാണ് താങ്കള്‍. നന്നായി വഴങ്ങുന്ന എഴുത്ത് കൈയിലുള്ളപ്പോള്‍, പുതിയ ഒരു മീഡിയം പരീക്ഷിക്കാന്‍ എന്താണ് കാരണം? പുസ്തകത്തേക്കാള്‍ ശക്തമാണോ ഡോക്യുമെന്ററി?

എപ്പോഴും എഴുത്താണ് എനിക്കെളുപ്പം. ഒരു കാര്യം സംസാരിക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ ആത്മവിശ്വാസം എനിക്കതേ കാര്യം എഴുതുമ്പോള്‍ ഉണ്ടാവാറുണ്ട്. പക്ഷേ എഴുതുന്നതൊന്നും വെറും ഒരെഴുത്താവാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. കഥയോ നോവലോ ലേഖനമോ, എന്തായാലും ശരി, എഴുതണമെന്നാവുമ്പോള്‍, ചുറ്റുപാടും അതിനനുസരിച്ചു എനിക്കായി ഒരുങ്ങുന്ന ഒരത്ഭുതം എപ്പോഴും അനുഭവിച്ചറിയാറുണ്ട്. ആ ഒരുക്കം കണ്ടാലറിയാം എഴുതാനായെന്ന്. ഉദാഹരണത്തിന്, മനസിലുള്ള ഒരു കഥയുടെ ആശയവുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവങ്ങളോ വസ്തുക്കളോ നിരന്തരം കണ്ണിനുമുന്നിലെത്തിയാല്‍ എനിക്കറിയാം ആ കഥ എഴുതാനായി എന്ന്.

ഓര്‍മ്മവച്ച നാള്‍ മുതല്‍ മനസില്‍ തറഞ്ഞ ചാലിയാര്‍ സമരത്തെയും കെ.എ റഹ്മാനെയും അക്ഷരങ്ങളിലൂടെ രേഖപ്പെടുത്താനുള്ള ആഗ്രഹം വര്‍ഷങ്ങളായി ഉള്ളിലുണ്ടായിട്ടും, എനിക്കു ചുറ്റും ആ 'ഒരുക്കം' ഒരിക്കലും ഞാന്‍ കണ്ടില്ല.

പ്രേതബാധയേറ്റതുപോലെ കാടു മൂടിക്കിടക്കുന്ന ഗ്രാസിം ഫാക്ടറിയുടെ ഇടിഞ്ഞുപൊളിഞ്ഞ ക്വാട്ടേഴ്‌സുകള്‍ക്കു മുന്നിലെ നിരത്തിലൂടെ ഒരിക്കല്‍ സഞ്ചരിക്കുകയുണ്ടായി. എത്രയോ വര്‍ഷങ്ങളായി എനിക്ക് പരിചിതമായ കാഴ്ചയാണ്. പക്ഷേ എക്കാലത്തും എന്റെ മനസിനെ മഥിച്ചിരുന്ന അതേ കാഴ്ച, അന്ന്, മുന്നോട്ടു കുതിക്കുന്ന കാറിലിരുന്ന് കണ്ടപ്പോള്‍ മാത്രം, വലിയൊരു സ്‌ക്രീനില്‍ ധൃതിപിടിച്ചോടുന്ന രംഗം പോലെ തോന്നി. ആ നിമിഷം, ഗ്രാസിം ഫാക്ടറി മാവൂരില്‍ അവശേഷിപ്പിച്ച ആ ഇരുളിന്റെ മുകളിലാണ്, ഒരു വെളിച്ചം കണക്കെ ഡോക്യുമെന്ററി എന്ന ചിന്ത മനസിലെത്തുന്നത്. പിന്നെ വൈകിയില്ല, അദ്രയിയെ രേഖപ്പെടുത്താന്‍ അതാണ് വഴിയെന്ന തീരുമാനിച്ചു.

ഞാനൊക്കെ വളര്‍ന്നത് ദൃശ്യഭാഷയുടെ കൂടി കാലത്താണ്. അപ്പോള്‍ പിന്നെ നമുക്ക് എക്‌സ്പ്രസ് ചെയ്യാനുള്ള മാര്‍ഗ്ഗം എന്ന് പറയുന്നത് എഴുത്ത് മാത്രമായിരിക്കില്ല. അതിന് നൂതനവും നവീനവുമായ മറ്റു മാര്‍ഗ്ഗങ്ങള്‍ കൂടിയുണ്ട്. ക്രിയേറ്റീവായ ഒരാള്‍ക്ക് എപ്പോഴും പുത്തന്‍ വഴികള്‍ സ്വീകരിക്കാനുള്ള ഒരു ത്വര ഉള്ളില്‍ കാണുമെന്നാണ് എനിക്കു തോന്നുന്നത്. ഡോക്യുമെന്ററി എന്ന ഒരു ചിന്തയിലേക്ക് എന്നെ എത്തിച്ചതിനു അതും കാരണമാവാം.

എങ്ങനെയായിരുന്നു ഡോക്യുമെന്ററി അനുഭവം?

ഇതിന്റെ മുന്നൊരുക്കങ്ങള്‍ ഒരു വര്‍ഷമായി ഞാന്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ മേക്കിങ് അനുഭവത്തെ, ഏതെങ്കിലും ഒരു പ്രത്യേക ഘട്ടത്തിലേക്ക് ചുരുക്കി നിര്‍ത്താന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ചാലിയാറും, ഞാനും, ചാലിയാര്‍ സമരവും, ഞങ്ങളുടെ ചരിത്രവും എല്ലാം ഒന്നാണെന്നു മാത്രമേ ഞാന്‍ കരുതിയിട്ടുള്ളൂ. തീവ്രമായ സമരചരിത്രമുള്ള എന്റെ നാടിനെയും നാട്ടുകാരെയും കുറിച്ച്, എന്നെങ്കിലും ഒരു ഫിക്ഷന്‍ എഴുതിയേക്കുമെന്നാണ് വിചാരിച്ചിരുന്നത്. ബാല്യത്തില്‍, മനസ്സില്‍ വീണു മുളച്ച ഒരു വിത്ത്, അത് പിന്നെ കഥയോ നോവലോ ഒക്കെ ആവുകയാണല്ലോ സാധാരണ എഴുത്തുകാര്‍ക്കിടയില്‍ പതിവ്. പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെ അതൊരു ഡോക്യുമെന്ററി ആയി മാറുകയായിരുന്നു.

ഒരു കഥയെയോ നോവല്‍ രചനയെയോ സമീപിക്കും പോലെയാണ് ഞാന്‍ ആദ്യം അതിനെ സമീപിച്ചത്. പക്ഷേ അവിടെ ഭാവനയ്ക്ക് പരിമിതികള്‍ ഉണ്ട് എന്ന് എനിക്ക് എളുപ്പം മനസ്സിലായിത്തുടങ്ങി. കാരണം ഇവിടെ വസ്തുതകളെയാണ് കൂടുതലായി ആശ്രയിക്കേണ്ടത്.

ഡോക്യുമെന്ററിക്കായി ഒരുപാട് ആളുകളെ നേരില്‍ കണ്ട് സംസാരിക്കേണ്ടി വന്നു. പത്ര കട്ടിങ്ങുകള്‍ അന്വേഷിച്ച് പല സ്ഥലങ്ങളിലും പോകേണ്ടിവന്നു. ഒരുപാട് പുസ്തകങ്ങള്‍ റഫര്‍ ചെയ്തു. അതെല്ലാം കഴിഞ്ഞശേഷമാണ് സ്‌ക്രിപ്റ്റ് എഴുതി, ഞാന്‍ താമസിക്കുന്ന വിദേശരാജ്യത്തുനിന്നും ചുരുങ്ങിയ അവധിക്കു നാട്ടിലെത്തി ചിത്രീകരണം ആരംഭിക്കുന്നത്. ചിത്രീകരണം ആരംഭിച്ചപ്പോഴേക്കും, കഴിഞ്ഞ 60 വര്‍ഷത്തെ സംഭവങ്ങള്‍ ഏതാണ്ടൊരു കൊളാഷ് പോലെ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അവയെ ക്യാമറയിലാക്കുക, ആവശ്യമില്ലാത്തവയെ ഒഴിവാക്കുക- ഇതായിരുന്നു എന്റെ ലക്ഷ്യം. സാങ്കേതിക വിദ്യയുടെ പരിണാമം നമുക്ക് അങ്ങനെ ഒരു സൗകര്യം കൂടി തരുന്നുണ്ടല്ലോ. ആവശ്യം പോലെ ഒരുപാട് ഷൂട്ട് ചെയ്ത് എടുക്കാനും, പിന്നീട് ഇഷ്ടം പോലെ വെട്ടി ചുരുക്കാനുമുള്ള സൗകര്യം!

ജന്‍മനാടായ വാഴക്കാട് വെച്ചായിരുന്നു ഈ ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം. എന്തായിരുന്നു നാട്ടുകാരുടെ പ്രതികരണം?

ഇതിനോട് സഹകരിച്ചവര്‍ക്ക് വേണ്ടി മാത്രമായി ഒരു പ്രത്യേക പ്രദര്‍ശനം. അങ്ങനെയാണ് ഞാന്‍ എന്റെ നാടായ വാഴക്കാട് സിനിമ പ്രദര്‍ശിപ്പിച്ചത്. നാടിന്റെ കൂടി പ്രതിനിധിയായിട്ടാണല്ലോ ഞാന്‍ കെ എ റഹ്മാന്റെ ചരിത്രം സ്വരുക്കൂട്ടി ഡോക്യുമെന്ററി ആക്കിയത്.

നാട്ടുകാരെ സംബന്ധിച്ച് സ്‌ക്രീനില്‍ കണ്ടതെല്ലാം അവരുടെ കൂടി ഓര്‍മ്മകള്‍ ആയിരുന്നു. സ്‌ക്രീനില്‍ തെളിയുന്ന ഓരോ മുഖവും, മിന്നിമായുന്ന ഓരോ പത്ര കട്ടിങ്ങും അവരെ ആ സമരോത്സുക കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയിട്ടുണ്ടാകാം. ഡോക്യുമെന്ററിക്ക് പകരാനാവുന്ന അറിവിന്റെ തലം എന്നതിനേക്കാള്‍ ഉപരി, അനുഭവത്തിന്റെ തലത്തിലാകും അവരൊക്കെ അതിനെ കണ്ടിട്ടുണ്ടാകുക. അടയാളപ്പെടുത്താന്‍ ഒന്നും വിട്ടുപോയിട്ടില്ലെന്ന അഭിപ്രായം, നാട്ടിലെ ചില മുതിര്‍ന്നവര്‍ അറിയിച്ചപ്പോള്‍ വല്ലാത്ത സന്തോഷം തോന്നിയിരുന്നു. എന്നെയോ കെ.എ റഹ്മാനെയോ അത്ര കണ്ട് പരിചയമില്ലാത്ത, പൊതുസമൂഹത്തിനു മുന്നിലേക്ക് ഇത് പ്രദര്‍ശനത്തിന് എത്തുമ്പോഴാണ് കൃത്യമായ ഒരു ഫീഡ്ബാക്ക് ഞാന്‍ പ്രതീക്ഷിക്കുന്നത്.

'അദ്രയി' ഡോക്യുമെന്ററി എടുക്കുമ്പോള്‍ അഭിമുഖീകരിച്ച മുഖ്യ പ്രതിബന്ധങ്ങള്‍ എന്തൊക്കെയായിരുന്നു?

ഇതിന്, ഒരു സ്ത്രീ എന്ന നിലയില്‍ മാത്രം നല്‍കാനാവുന്ന ചില ഉത്തരങ്ങളുണ്ട്. എന്നാല്‍ അവയെ ഡോക്യുമെന്ററി എടുക്കുന്ന കാര്യത്തിലേക്ക് ചുരുക്കി കാണാനും ആകില്ല. പൊതുരംഗത്തേക്കോ എഴുത്തിലേക്കോ ദൃശ്യകലകളുടെ ലോകത്തേക്കോ എവിടെയുമാകട്ടെ, ഒരു സ്ത്രീ കടന്നുവരുമ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ നിരവധി ഉണ്ട്. അവ ആയിരക്കണക്കിന് വേദികളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. ആ പ്രതിബന്ധങ്ങള്‍ വീട്ടില്‍ നിന്ന് തുടങ്ങി ജോലിസ്ഥലത്ത് വരെ നീളുന്നവയാണ്. അത് എന്റെ മാത്രം വ്യക്തിപരമായ വിഷയമല്ല. ഓരോരുത്തരുടെ ജീവിതത്തിലും അതിന്റെ തോത് ഏറിയും കുറഞ്ഞുമിരിക്കും. പക്ഷേ ഇന്നും അത്തരം പ്രതിസന്ധികള്‍ നേരിടാത്ത ഒരു സ്ത്രീയെയും നമുക്ക് കാണാനാകില്ല എന്നതാണ് വാസ്തവം. അതൊരുവശം.

കാല്‍ നൂറ്റാണ്ടോളം മുന്‍പ് മരണപ്പെട്ടുപോയ മനുഷ്യനെക്കുറിച്ച് ഒരു ഡോക്യുമെന്ററി എടുക്കുക എന്നതായിരുന്നു എനിക്ക് നേരിടേണ്ടിവന്ന മറ്റൊരു വെല്ലുവിളി. ഇപ്പോഴില്ലാത്ത ഒരാളെ പുന:സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുക എന്നതും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പരിമിതമായ ചരിത്ര രേഖപ്പെടുത്തലുകളല്ലേ ഉണ്ടായിട്ടുള്ളൂ. കെ എ റഹ്മാന്റെ നല്ലൊരു ഫോട്ടോ പോലും ലഭ്യമല്ലായിരുന്നു.

അദ്ദേഹത്തോടൊപ്പം സമരം ചെയ്തവരുടെ അടുത്തേക്ക് പോവുകയായിരുന്നു ആദ്യം ഞാന്‍. ഓരോരുത്തരുമായി ഒരുപാട് നേരം സംസാരിച്ചു. കഴിഞ്ഞ 50 വര്‍ഷക്കാലത്തെ പത്രക്കട്ടിങ്ങുകള്‍ ശേഖരിച്ചു. ഇതെല്ലാം വച്ചു വിശദമായ പഠനം നടത്തി. അങ്ങനെയാണ് സ്‌ക്രിപ്റ്റ് എഴുതാന്‍ ഇരുന്നത്. അപ്പോഴും പ്രതിസന്ധിയുണ്ട്; കാരണം, ഞാന്‍ ചെയ്യുന്നത് വെറുമൊരു ജീവചരിത്ര വിവരണം ആയിപ്പോകരുത് എന്ന നിര്‍ബന്ധമുണ്ടായിരുന്നു. കെ എ റഹ്മാന്‍ ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം, സമരോത്സുകത നാടിനോടും പുഴയോടുമുള്ള ആത്മബന്ധം എന്നിവയെല്ലാം ഡോക്യുമെന്ററി കാണുന്നവര്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയണമെന്ന് തോന്നി. അതിനാല്‍, അല്പം ഫിക്ഷന്‍ സ്വഭാവവും ഞാന്‍ സ്വീകരിച്ചിട്ടുണ്ട്. അത്തരത്തിലുള്ളൊരു സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞിട്ടും, അതു ഞാന്‍ പറയാനുദ്ദേശിച്ച രീതിയില്‍ സ്‌ക്രീനില്‍ എത്തുമോ എന്ന ആശങ്ക തീര്‍ച്ചയായും ഉണ്ടായിരുന്നു. അവസാന മിനുക്കുപണികള്‍ കഴിയുംവരെ അതങ്ങനെ നിലനില്‍ക്കുകയും ചെയ്തു.

കൂടുതല്‍ നന്നാക്കാമെന്ന് തോന്നുന്ന ഭാഗങ്ങള്‍?

പരിമിതികളും പ്രതിസന്ധികളും നിരവധി ഉണ്ടായിരുന്നു. അതിന്റെതായ കുറവുകള്‍ വന്നിരിക്കാം. പക്ഷേ, എന്തൊക്കെ സംഭവിച്ചാലും പൂര്‍ത്തികരിച്ചേ അടങ്ങൂ എന്ന ദൃഢമായ നിശ്ചയമാണ് എന്നെക്കൊണ്ട് ഈ ഡോക്യുമെന്ററി പൂര്‍ത്തിയാക്കിച്ചത്. ഏതായാലും ഇനി കാഴ്ചക്കാര്‍ വിലയിരുത്തട്ടെ.

ഡോക്യുമെന്ററിക്ക് കിട്ടുന്ന അംഗീകാരങ്ങള്‍?

ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് ഇന്ത്യയുടെ സൗത്ത് ഏഷ്യന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് അദ്രയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടുതല്‍ മേളകളില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.

മാവൂര്‍: ഇന്നും അന്നും

വാഴക്കാട് ജനിച്ചു വളര്‍ന്ന ഒരാളെന്ന നിലയ്ക്ക്, സമര കാലത്തെ മാവൂരിനെ എങ്ങനെയാണ് ഓര്‍ക്കുന്നത്? സമരത്തോടുള്ള നാട്ടുകാരുടെ സമീപനം അന്നെന്തായിരുന്നു?

ഗ്രാസിമിന്റെ ഫാക്ടറി വരുന്നു എന്നറിഞ്ഞപ്പോള്‍, ആദ്യമൊക്കെ വാഴക്കാട്ടുകാരും മാവൂരുകാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കമ്പനി എവിടെ സ്ഥാപിക്കണമെന്ന് സംബന്ധിച്ചായിരുന്നു ആ തര്‍ക്കം. തങ്ങളുടെ നാട്ടില്‍ വന്നാല്‍ തങ്ങള്‍ക്ക് കൂടുതല്‍ ജോലി കിട്ടുമെന്ന് ഇരു കൂട്ടരും കരുതി. പലരും പ്രവാസം തന്നെ അവസാനിപ്പിച്ചു കമ്പനിയിലെ ജോലിക്കായി മടങ്ങിവന്നു. ഏതായാലും കമ്പനി മാവൂരില്‍ സ്ഥാപിക്കപ്പെട്ടു. പിന്നീടുള്ള കാലം മലിനീകരണത്തിന്റൊയിരുന്നു. അതിന് ഇരകളായവരും കമ്പനിയിലെ തൊഴിലാളികളും തമ്മില്‍ ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, അപ്പോഴെല്ലാം, മലിനീകരണം ഉണ്ടാക്കുന്ന കമ്പനി അടച്ചുപൂട്ടുകയല്ല തന്റെ ലക്ഷ്യം എന്ന് കെ എ റഹ്മാന്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. മലിനീകരണം നിയന്ത്രിച്ച് കമ്പനി പ്രവര്‍ത്തിക്കണം എന്ന് തന്നെയാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങള്‍ക്ക് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ സമരമെല്ലാം. തന്റെ അവസാനകാലത്താണ് കമ്പനി അടച്ചുപൂട്ടണം എന്ന മുദ്രാവാക്യം അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്. കമ്പനിയില്‍ ജോലിയുണ്ടായിരുന്നവരും മലിനീകരണത്തെക്കുറിച്ച് ബോധവാന്മാരായിരുന്നു.

ഇപ്പോഴെന്താണ് തോന്നുന്നത്? ഡോക്യുമെന്ററി വഴങ്ങുമെന്ന കോണ്‍ഫിഡന്‍സ് വന്നോ?

തീര്‍ച്ചയായും. നദിയിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ മാത്രമല്ലേ പേടി തോന്നൂ. ശരീരം മുഴുവന്‍ മുങ്ങിയാല്‍ പിന്നെ നദിയെ അറിഞ്ഞു കഴിഞ്ഞു എന്നാണല്ലോ.

YouTube video player

അദ്രയി ഡോക്യുമെന്ററി ട്രെയിലര്‍ ഇവിടെ കാണാം

എഴുത്തും ഡോക്യുമെന്ററി നിര്‍മാണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏതാണ് കൂടുതല്‍ വഴങ്ങുന്നത്?

എഴുത്ത് ഒരു സ്വാഭാവിക പ്രക്രിയയാണ്. നമ്മള്‍ എഴുതാനായി ഇരിക്കുന്നു, ഭാവനയില്‍ നിന്ന് വരുന്നത് ഇടതടവില്ലാതെ എഴുതുന്നു എന്നതാണ് അവിടെ സംഭവിക്കുന്നത്. എന്നാല്‍ ഡോക്യുമെന്ററി അങ്ങനെയല്ല. ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനും മാസങ്ങള്‍ക്കു മുന്‍പ് തന്നെ ക്രമീകൃതമായ പ്രയത്‌നം നമ്മള്‍ ഏറ്റെടുക്കേണ്ടതായി വരും. വീടു കെട്ടുന്നതിന് മുന്‍പ് അടിസ്ഥാനം കെട്ടിവയ്ക്കുന്നത് പോലെ. അതിനു പുറത്ത് വേണം ജോലി തുടങ്ങാന്‍. മാനസികമായ ഉല്ലാസത്തിന്റെ തലം വെച്ചു നോക്കുകയാണെങ്കില്‍ എഴുത്തു തന്നെയാണ് തൃപ്തി തരുന്നത്. ഒരു മനുഷ്യനെന്നെ നിലയില്‍ സമൂഹത്തോടുള്ള എന്റെ പ്രതിബദ്ധത പൂര്‍ത്തീകരിക്കാന്‍ നല്ല മാര്‍ഗ്ഗങ്ങളിലൊന്ന് ഡോക്യുമെന്ററിയാണുതാനും. എന്തായാലും ഇത് രണ്ടും വഴങ്ങുമെന്ന് ഇപ്പോള്‍ മനസിലായി.

പുതിയ പ്രോജക്റ്റുകള്‍ എന്താണ് മനസ്സില്‍?

എഴുത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് കരുതുന്നത്. ഒരു ഫിലിം പ്രൊജക്റ്റും മനസ്സിലുണ്ട്. വര്‍ത്തമാന കാലത്ത് നാം മറന്നുപോയ്ക്കൂടാത്ത ഒരു സംഭവത്തെ ആസ്പദമാക്കി, സത്യാനന്തര കാലത്തെ നുണകളെ പൊളിച്ചെഴുതുന്ന ഒരു ഡോക്യുമെന്ററി ചെയ്യണം എന്നും കരുതുന്നുണ്ട്. അതിനായുള്ള ഗവേഷണങ്ങളും വായനകളും ഒരു വശത്ത് നടക്കുന്നു.

വലിയ ക്യാന്‍വാസില്‍ ചെയ്യണം എന്നാണ് കരുതുന്നത്. പിന്നെ എഴുത്ത് പോലെ അല്ലല്ലോ, സാമ്പത്തികമായ പിന്തുണ കൂടി ഇത്തരം പ്രൊജക്റ്റുകള്‍ക്ക് ആവശ്യമാണ്.