ശസ്ത്രക്രിയ വിജയമായി. അദ്ദേഹം ജീവിതത്തിലേക്ക് തിരികെ വന്നു. പിന്നീട്, ഓര്‍ക്കുമ്പോഴാണ് അത് പഠിപ്പിക്കുന്ന, സ്നേഹത്തിന്‍റെയും മതേതരത്വത്തിന്‍റെയും ഒക്കെ പാഠങ്ങളെ കുറിച്ച് ഓര്‍മ്മ വരുന്നത്. മാത്യു അച്ചാടനിൽ മിടിക്കുന്നത് നീലകണ്ഠ ശർമ്മയുടെ ഹൃദയമാണ്.
''ഒരു മനുഷ്യജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള ഓട്ടമാണ് ഏറ്റവും വലിയ ഓട്ടം. ഒരു ജീവന്‍ രക്ഷിക്കാനായി ഒരു നിമിഷം പോലും പാഴാക്കാതെയുള്ള മറ്റ് മനുഷ്യരുടെ ഈ ഓട്ടം കാണുമ്പോഴാണ് മനുഷ്യന്‍ എത്ര മഹത്തായ പദമാണ് എന്ന് നമുക്ക് മനസിലാകുന്നത്'' നീലകണ്ഠ ശർമ്മയുടെ ഹൃദയം മാത്യു അച്ചാടന് മാറ്റിവച്ച ശസ്ത്രക്രിയയെ കുറിച്ചുള്ള എം. ജി രാജമാണിക്യത്തിന്റെ ഓർമ്മകൾ തുടങ്ങുന്നത് ഇങ്ങനെയാണ്.
എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ചുള്ള കേരളത്തിലെ ആദ്യത്തെ ശസ്ത്രക്രിയ. 2015 ജൂലൈ 24 -നാണ് ഇത് നടക്കുന്നത്. അന്ന് ശസ്ത്രക്രിയക്ക് വിധേയനായ മാത്യു അച്ചാടൻ ഓർമ്മയായിരിക്കുന്നു. 57 -ാമത്തെ വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് അദ്ദേഹത്തിന്റെ അന്ത്യം.
അന്ന് നാവികസേനയുടെ ഡോണിയർ വിമാനത്തിലാണ് തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് മാത്യുവിനുള്ള ഹൃദയമെത്തിച്ചത്. ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പാറശാല സ്വദേശി അഡ്വ. നീലകണ്ഠശർമക്കു മസ്തിഷ്ക മരണം സംഭവിച്ചതോടെയാണ് അദ്ദേഹത്തിന്റെ ഹൃദയം മാത്യുവിനു നൽകാമെന്ന് കുടുംബം സമ്മതിച്ചത്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഒരു മനുഷ്യജീവൻ രക്ഷിക്കാനായി ഒരുപാടുപേർ ഒരുമിച്ച് നിന്നതിന്റെ ചരിത്രം കൂടിയുണ്ടതിന്.
അന്ന് എറണാകുളം ജില്ലാ കളക്ടറായിരുന്ന എം. ജി രാജമാണിക്യമായിരുന്നു എയർ ആംബുലൻസ് വഴി ഹൃദയമെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഏകോപനം. അന്നത്തെ അനുഭവം അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റലുമായി പങ്കുവയ്ക്കുന്നു.
പല തടസ്സങ്ങൾക്കിടയിൽ ഒറ്റ മനസ്സ്!
രാത്രി ഒരുപാട് വൈകിയ നേരം. ആ സമയത്താണ് ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം നമ്മുടെ ക്യാമ്പ് ഓഫീസിലേക്ക് വരുന്നത്. എന്റെ ഗൺമാനാണ് വന്നു പറയുന്നത്, ഡോ. ജോസ് ചാക്കോ പെരിയപ്പുറം കാണാൻ വന്നിട്ടുണ്ട് എന്ന്. അദ്ദേഹത്തെ കുറിച്ച് എനിക്ക് കേട്ടറിവേ ഉള്ളൂ. ആദ്യമായിട്ടാണ് കാണുന്നത്. ഡോക്ടർ വളരെ വേഗത്തിൽ കാര്യങ്ങളെല്ലാം പറഞ്ഞു. ഒരാൾക്ക് ഹൃദയം മാറ്റിവയ്ക്കാനുണ്ട്. അതിന് സാധ്യമാകുന്ന ഒരു ഹൃദയം തിരുവനന്തപുരം ശ്രീചിത്രയിലുണ്ട്. ബ്രെയിൻ ഡെത്ത് സംഭവിച്ച ഒരാളുടെ ഹൃദയമാണ്. നാലഞ്ച് മണിക്കൂറിനുള്ളിൽ ഹൃദയമെത്തിയാൽ മാത്രമേ ശസ്ത്രക്രിയ വിജയത്തിലെത്തിക്കാൻ സാധിക്കൂ.
എറണാകുളം ലിസിയിലാണ് ശസ്ത്രക്രിയ ചെയ്യേണ്ടത്. തിരുവനന്തപുരത്ത് നിന്നും ഹൃദയമെത്തിക്കണമെങ്കിൽ അതിലും സമയമെടുക്കും. മാത്രമല്ല, റോഡ് മാർഗം എന്നത് റിസ്കുള്ള കാര്യമാണ്. ഹൈബി ഈഡനായിരുന്നു അന്ന് എംഎൽഎ. അദ്ദേഹം പറഞ്ഞിട്ടാണ് നേവിയെ സമീപിച്ചാൽ എന്തെങ്കിലും നടക്കുമോ എന്ന് അറിയുന്നതിനായി ഡോക്ടർ എന്നെ കാണാൻ വരുന്നത്. എറണാകുളം ജില്ലാ കളക്ടറാണ് നേവിയുമായുള്ള കാര്യങ്ങളെല്ലാം കോർഡിനേറ്റ് ചെയ്യേണ്ടത്. അങ്ങനെ നേവിയുമായി ബന്ധപ്പെട്ടു. ജില്ലാ കളക്ടറിൽ നിന്നും ലെറ്റർ കിട്ടിയാൽ ഹെലികോപ്ടർ അറേഞ്ച് ചെയ്യുന്നതിൽ കുഴപ്പമില്ല എന്നായിരുന്നു നേവിയിൽ നിന്നുള്ള മറുപടി. എന്നാൽ, ഒരു പ്രശ്നമുണ്ടായിരുന്നു. രാവിലെ ആറ് മണിക്ക് ശേഷമേ ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്യാൻ പറ്റുള്ളൂ.
അങ്ങനെ രാത്രി മൊത്തം കാര്യങ്ങളെല്ലാം ശരിയാക്കാനുള്ള ഓട്ടത്തിലായിരുന്നു. ക്യാമ്പ് ഓഫീസ് മൊത്തം ഉണർന്നു പ്രവർത്തിച്ചു. എന്നാൽ, അതിനിടയിൽ വേറെ ഒരു പ്രശ്നം കൂടി വന്നു. ഹൃദയം കൊണ്ടുവരുന്നതിനായി ആറ് പേരടങ്ങുന്ന ഡോക്ടർമാരുടെ ഒരു സംഘം പോകണം. എന്നാൽ, ഹെലികോപ്ടറിൽ അത്രയും പേർക്ക് പോവാൻ പറ്റില്ല. വീണ്ടും ഹെലികോപ്ടർ കിട്ടുമെന്ന കാര്യത്തിലും ഉറപ്പില്ല. അങ്ങനെ രാത്രി ഒരു മണി ആയപ്പോൾ ഞാൻ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻചാണ്ടി സാറിനെ വിളിച്ചു. ലാൻഡ്‍ലൈനിലാണ് വിളിക്കുന്നത്. അദ്ദേഹമായിരുന്നില്ല ഫോണെടുത്തത്. എറണാകുളം ജില്ലാ കളക്ടറാണെന്ന് പറഞ്ഞപ്പോൾ 10 മിനിറ്റിനകം തിരിച്ചുവിളിക്കാമെന്ന് പറഞ്ഞു ഫോൺ വച്ചു. 10 മിനിറ്റ് കഴിഞ്ഞപ്പോൾ അദ്ദേഹം തിരിച്ചുവിളിച്ചു. 'രാത്രി ഒരുപാട് വൈകിയെന്നറിയാം, ഇങ്ങനെ ഒരു അത്യാവശ്യ കാര്യമുള്ളതുകൊണ്ടാണ് വിളിച്ചത്' എന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു. 'അത് കുഴപ്പമില്ല' എന്നദ്ദേഹം തിരിച്ചും പറഞ്ഞു.
അങ്ങനെ, ഹൃദയമെത്തിക്കുന്നതിലെ ബുദ്ധിമുട്ടുകളെ കുറിച്ച് ഞാനദ്ദേഹത്തോട് ചുരുങ്ങിയ വാക്കുകളിൽ വിശദീകരിച്ചു. 'അത് നമുക്ക് ശരിയാക്കാം' എന്ന് ഉറപ്പു തന്നിട്ടാണ് അദ്ദേഹം ഫോൺ വച്ചത്. രാവിലെ വിളിച്ച്, 'കോർണിയർ എയർക്രാഫ്റ്റ് അറേഞ്ച് ചെയ്തിട്ടുണ്ട്. ബാക്കി കാര്യങ്ങളൊക്കെ നോക്കിക്കൊള്ളൂ' എന്നദ്ദേഹം പറഞ്ഞു. അങ്ങനെ, നമ്മൾ എല്ലാം അറേഞ്ച് ചെയ്തു. എയർക്രാഫ്റ്റ് ഏകദേശം ഉച്ചയാകുമ്പോൾ ഇവിടുന്ന് പോയി. തിരികെയെത്തി എത്രയും പെട്ടെന്ന് സർജറിക്കുള്ള ഒരുക്കം തുടങ്ങി.
ഗ്രീൻ കോറിഡോർ
നേവിയുടെ പഴയ എയർപോർട്ടിലാണ് അന്ന് ഹെലികോപ്ടർ വന്നിറങ്ങിയത്. ശസ്ത്രക്രിയ നടക്കുന്നത് ലിസിയിലും. മട്ടാഞ്ചേരി പോകുന്ന വഴിയാണ്, നല്ല ട്രാഫിക്കുണ്ട്. അതിനിനിയെന്ത് ചെയ്യുമെന്ന് കൂടിയാലോചിച്ചപ്പോഴാണ് ആദ്യത്തെ ഗ്രീൻ കോറിഡോർ (അടിയന്തര സാഹചര്യങ്ങളിൽ വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ ഒരുക്കുന്ന പ്രത്യേക പാത) ഉണ്ടാവുന്നത്. അങ്ങനെ, ട്രാഫിക്കിലെല്ലാം ഗ്രീൻ സിഗ്നൽ നൽകി, റോഡിലെ മറ്റ് വാഹനങ്ങളെയെല്ലാം ഒഴിപ്പിച്ചു. ഹൃദയവുമായി വാഹനമെത്തും എന്ന് കരുതിയതിന്റെ പകുതി വേഗത്തിൽ അന്ന് ഹൃദയം ലിസി ഹോസ്പിറ്റലിൽ എത്തി. ഡോ. ജോസ് പെരിയപ്പുറത്തിന്റെയും ടീമിന്റെയും നേതൃത്വത്തിൽ വളരെ വിജയകരമായി തന്നെ ശസ്ത്രക്രിയ പൂർത്തിയായി.
നേവിക്ക് നമ്മൾ നൽകേണ്ടത് ആറ് ലക്ഷം രൂപയാണ്. ശസ്ത്രക്രിയ ചെയ്യുന്ന മാത്യു അച്ചാടൻ ഒരു സാധാരണ ഓട്ടോ തൊഴിലാളിയാണ്. പണം പിരിച്ചും മറ്റുമാണ് ചികിത്സയൊക്കെ. അവർക്ക് ഈ ആറ് ലക്ഷം എന്നത് വലിയ ബാധ്യതയാണ്. ലിസിയുടെ ഡയറക്ടറായിരുന്ന ഫാദറും ഞങ്ങളോട് പറഞ്ഞു, കുടുംബത്തിന് അത് വലിയ ചിലവായിത്തീരും, സർക്കാരിന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന്. ഞാൻ നോക്കാം എന്ന് പറഞ്ഞു. അതിനിടയിൽ മുഖ്യമന്ത്രി വിളിച്ച് കാര്യങ്ങളെല്ലാം തിരക്കുന്നുണ്ട്. അടുത്ത ദിവസം അദ്ദേഹം ആശുപത്രിയിലേക്ക് വന്നു. അങ്ങനെ, ഉമ്മൻ ചാണ്ടി സാറിനോട് ഇക്കാര്യം പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയമെത്തിച്ച് നടത്തുന്ന ശസ്ത്രക്രിയയാണ്, അത് വിജയിച്ചിരിക്കുന്നു, ഒരു ചരിത്രമായിരിക്കുന്നു. അപ്പോൾ ഈ തുക നമുക്കെന്തെങ്കിലും ചെയ്യേണ്ടതുണ്ട്. ഒരു പാവപ്പെട്ട കുടുംബമാണ് എന്നും അദ്ദേഹത്തോട് പറഞ്ഞു.
എന്നാൽ, സർക്കാർ അതേറ്റെടുക്കുമ്പോഴും ഒരുപാട് പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്. ഭാവിയിൽ ഇത്തരം ശസ്ത്രക്രിയകൾ നടക്കുമ്പോൾ അതിലെ ചിലവും സർക്കാർ ഏറ്റെടുക്കുമോ എന്നൊക്കെയുള്ള ചോദ്യം വരും. മുഖ്യമന്ത്രി അതുകൊണ്ട് ഒന്നും പറഞ്ഞില്ല. എന്നാൽ, ലിസിയുടെ മുമ്പിലുണ്ടായിരുന്ന പത്രക്കാരോട് അദ്ദേഹം അന്ന് പറഞ്ഞു, 'ഈ ചിലവ് സർക്കാർ ഏറ്റെടുക്കും' എന്ന്. അന്ന് ഞാൻ സാറിനോട് പറഞ്ഞു, നമുക്ക് ഇതിനൊരു സിസ്റ്റമുണ്ടാക്കണം. എയർ ആംബുലൻസ് വേണം, വാടക ആയിരുന്നാലും മതി എന്ന്. അന്ന് അദ്ദേഹം ഒരു പ്രൊജക്ട് തയ്യാറാക്കിക്കോളൂ എന്ന് പറഞ്ഞിരുന്നു. പിന്നീട് അത് തയ്യാറാക്കി നൽകുകയും ചെയ്തു.
മനുഷ്യനേക്കാള്‍ വലുതായി മറ്റെന്തുണ്ട്
വലിയ വലിയ ആശങ്കകള്‍ അന്ന് നമ്മുടെ മനസിലുണ്ട്. മാത്യു അച്ചാടനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക, ആ ഒരു ലക്ഷ്യത്തിനായി മാത്രമാണ് അന്ന് എല്ലാവരും പ്രയത്നിക്കുന്നത്. ശസ്ത്രക്രിയ വിജയമായി. അദ്ദേഹം ജീവിതത്തിലേക്ക് തിരികെ വന്നു. പിന്നീട്, ഓര്‍ക്കുമ്പോഴാണ് അത് പഠിപ്പിക്കുന്ന, സ്നേഹത്തിന്‍റെയും മതേതരത്വത്തിന്‍റെയും ഒക്കെ പാഠങ്ങളെ കുറിച്ച് ഓര്‍മ്മ വരുന്നത്. മാത്യു അച്ചാടനിൽ മിടിക്കുന്നത് നീലകണ്ഠ ശർമ്മയുടെ ഹൃദയമാണ്.
ആ ഹൃദയം, അദ്ദേഹത്തിന്‍റെ കുടുംബം മറ്റൊരാള്‍ക്ക് നല്‍കാന്‍ സമ്മതിക്കുന്നു. അത് പിന്നീട് മാത്യു അച്ചാടനില്‍ മിടിക്കുന്നു. ആറ് ലക്ഷം രൂപ അന്ന് നല്‍കാന്‍ തയ്യാറായി ഒരു മുസ്ലിം വ്യവസായി എത്തിയതായും എന്റെ ഓർമ്മയിലുണ്ട്. കേരളത്തിലെ ജനങ്ങൾ, പ്രത്യേകിച്ചും എറണാകുള്ളത്തുള്ളവരൊന്നാകെ മാത്യു അച്ചാടന്റെ ജീവന് വേണ്ടി പ്രാർത്ഥിച്ചു.
കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് മതേതരത്വം. അത് പ്രളയത്തിന്റെ സമയത്താണെങ്കിലും മറ്റ് ബുദ്ധിമുട്ടുകളുണ്ടാവുന്ന സമയത്താണെങ്കിലും എല്ലാം നാം കാണാറുള്ളതാണ്. അതുപോലെ, മനുഷ്യനേക്കാൾ വലുതല്ല മറ്റൊന്നും എന്ന് തെളിഞ്ഞ മറ്റൊരു സംഭവമായിരുന്നു ഈ ശസ്ത്രക്രിയയും. നീലകണ്ഠ ശർമ്മയുടെ ഹൃദയവുമായി വർഷങ്ങളോളം മാത്യു നമുക്കൊപ്പം ജീവിച്ചതിൽ കൂടുതൽ എന്ത് തെളിവാണ് അതിനിനി വേണ്ടത്?

