ദില്ലി: ഇറ്റലിയിലെ റോമില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു. ശനിയാഴ്ച വൈകുന്നേരമാണ് 12 ക്രൂ അംഗങ്ങളുമായി വിമാനം പുറപ്പെട്ടത്. ഞായറാഴ്ച രാവിലെ എട്ടോടെ റോമില്‍ എത്തും. 327 യാത്രക്കാരെയാണ് തിരിച്ചെത്തിക്കുന്നത്. വിമാനത്തിലെ ക്രൂ അംഗങ്ങള്‍ക്ക് സുരക്ഷക്കായി ഹസ്മാറ്റ് സ്യൂട്ട് നല്‍കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

ഏകദേശം 500ന് മുകളില്‍ ഇന്ത്യക്കാര്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന്. ബാക്കിയുള്ളവരെ തിരിച്ചെത്തിക്കാന്‍ മറ്റൊരു വിമാനം കൂടി സജ്ജമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ ഇറ്റലിയിലെ റോമില്‍ കുടുങ്ങി കിടക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടിയന്തര സഹായം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇറ്റലിയില്‍ കൊവിഡ് 19 മരണങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 793 പേരാണ് മരിച്ചത്. ഇതോടെ ഇറ്റലിയിലെ മരണസംഖ്യ 4825ലേക്കെത്തി.

വിദേശത്തെ 276 ഇന്ത്യക്കാര്‍ക്ക് കൊവിഡ് 19 ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. 255 പേര്‍ ഇറാനിലാണ്. 12 പേര്‍ യുഎഇയിലും അഞ്ച് പേര്‍ ഇറ്റലിയിലുമാണ്. 
മാര്‍ച്ച് 22 മുതല്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ ഇന്ത്യയില്‍ ഇറങ്ങുന്നത് അനുവദിക്കില്ലെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.