മദ്ധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 300 കി.മീ ദൂരെയാണ് ശിവ്പുരി. ഇവിടത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് വൃദ്ധനായ കൊവിഡ് രോഗി മരിച്ചു. എന്നാല്‍ രോഗി മരിച്ചത് ആശുപത്രി ജീവനക്കാര്‍ ഓക്‌സിജന്‍ വിതരണം നിര്‍ത്തിയതോടെയാണെന്ന വാദവുമായി വൃദ്ധന്റെ മകനടക്കമുള്ള കുടുംബാംഗങ്ങള്‍ രംഗത്തെത്തി

ശിവ്പുരി: കൊവിഡ് 19 രണ്ടാം തരംഗത്തില്‍ പ്രതിസന്ധികള്‍ രൂക്ഷമാകുമ്പോള്‍ പല തരത്തിലുള്ള സംഭവങ്ങളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നത്. ആവശ്യത്തിന് കിടക്കകളില്ലാത്ത ആശുപത്രികളിലെ ദുരവസ്ഥ, ഐസിയു സൗകര്യമില്ലാത്തതിന്റെ വിഷമതകള്‍, വെന്റിലേറ്ററിന്റെ ദൗര്‍ലഭ്യം, മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ഫ്രീസറുകളില്ലാത്ത സാഹചര്യം എന്നിങ്ങനെ പല പ്രശ്‌നങ്ങളും ആരോഗ്യമേഖല നേരിട്ടുകൊണ്ടിരിക്കുകയാണ്. 

ഇതിനിടെ മദ്ധ്യപ്രദേശിലെ ശിവ്പുരിയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. മദ്ധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 300 കി.മീ ദൂരെയാണ് ശിവ്പുരി. ഇവിടത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് വൃദ്ധനായ കൊവിഡ് രോഗി മരിച്ചു. 

എന്നാല്‍ രോഗി മരിച്ചത് ആശുപത്രി ജീവനക്കാര്‍ ഓക്‌സിജന്‍ വിതരണം നിര്‍ത്തിയതോടെയാണെന്ന വാദവുമായി വൃദ്ധന്റെ മകനടക്കമുള്ള കുടുംബാംഗങ്ങള്‍ രംഗത്തെത്തി. ആരോപണം കനത്തതോടെ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കപ്പെട്ടു. ഈ ദൃശ്യങ്ങളുടെ ശകലങ്ങള്‍ പുറത്താവുകയും ചെയ്തു. 

ആശുപത്രി ജീവനക്കാര്‍ ഓക്‌സിന്‍ സപ്ലൈ നിര്‍ത്തുന്നതായി കൃത്യമായി വീഡിയോയില്‍ കാണാന്‍ സാധിക്കുന്നില്ലെന്നും എന്നാല്‍ രോഗിയുടെ കിടക്കയ്ക്കരികില്‍ നിന്നിരുന്ന സ്റ്റാഫ് ഏതോ ബട്ടണ്‍ അമര്‍ത്തുന്നത് കാണാമെന്നും വാദമുയര്‍ന്നു. എന്തായാലും വൃദ്ധന്‍ ശ്വാസതടസം നേരിട്ട പോലെയോ മറ്റോ കിടക്കയില്‍ ഇരുന്നു കുനിഞ്ഞുകിടന്നും അസ്വസ്ഥത പ്രകടിപ്പിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാമെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. 

സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ആശുപത്രി അധികൃതര്‍. നേരത്തേ കുടുംബത്തിന്റെ ആരോപണം തള്ളിയ അധികൃതര്‍ ഇപ്പോഴും ജീവനക്കാര്‍ക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് തുടരുന്നത്. എങ്കിലും ആര്‍ക്കെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കുമെന്ന ഉറപ്പും ഇവര്‍ നല്‍കുന്നു.

Also Read:- അലസമായ ജീവിത ശൈലിയുള്ള കൊവിഡ് രോഗികളില്‍ മരണസാധ്യത കൂടുതലാണെന്ന് പഠനം...