ദില്ലി: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മെട്രോ സർവ്വീസുകളെല്ലാം നിർത്തിവെക്കും. അന്തർസംസ്ഥാന ബസ് സർവ്വീസ് നിർത്തിവെക്കാനും ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.

ക്യാബിനറ്റ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിലാണ്, കൊവിഡ് സ്ഥിരീകരിച്ച 75 ജില്ലകളിൽ മാത്രം ഇനി അവശ്യഗതാഗത സർവ്വീസുകൾ നടത്തിയാൽ മതിയെന്ന് തീരുമാനിച്ചത്. സബർബൻ ട്രെയിനുകൾ ഉൾപ്പടെ എല്ലാ  ട്രെയിനുകളുടെയും സർവ്വീസ് നിർത്തിവെക്കാനാണ് തീരുമാനം. മാർച്ച് 31 വരെ സർവ്വീസ് നിർത്തിവെക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ചരക്കുഗതാഗതത്തിന് തീരുമാനം ബാധകമല്ല.

എല്ലാ മെട്രോ സർവ്വീസുകളും മാർച്ച് 31 വരെ നിർത്തിവെക്കും. കൊവിഡ് 19 സ്ഥിരീകരിച്ച ജില്ലകളിലൊഴിച്ച് മറ്റുള്ളിടത്ത് സർവ്വീസുകൾ നിർത്തിവെക്കണമെന്ന് അറിയിച്ചുള്ള ഉത്തരവ് സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. അന്തർസംസ്ഥാന ബസ് സർവ്വീസുകളും മാർച്ച് 31 വരെ നിർത്തിവെക്കാനാണ് തീരുമാനം.

കേരളത്തിൽ കെഎസ്ആർടിസിയുടെ ദീർഘദൂര സർവ്വീസുകൾ താത്കാലികമായി നിർത്തിവെക്കുന്നതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാന അതിർത്തി അടച്ചതിന്റെ പേരിൽ ചരക്കുനീക്കം തടസ്സപ്പെടുമെന്ന ആശങ്ക വേണ്ടെന്നും ഗതാഗതമന്ത്രി പറഞ്ഞിരുന്നു.