മറുപടി ബാറ്റിംഗില്‍ റിച്ച്മൗണ്ടിനായി ക്രീസിലെത്തിയ ബാറ്റര്‍മാരില്‍ എട്ട് പേരും അക്കൗണ്ട് തുറക്കും മുമ്പ് ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തിയപ്പോള്‍ നാലാം നമ്പറില്‍ ഇറങ്ങിയ ഒരേയൊരു ബാറ്റര്‍ മാത്രം ഒരു റണ്‍ നേടി. ഒരു റണ്‍സ് വൈഡിലൂടെയും ലഭിച്ചു. 5.4 ഓവറില്‍ റിച്ച്മൗണ്ട് ടീം ഓള്‍ ഔട്ടായി.
ലണ്ടൻ: ക്രിക്കറ്റില്‍ വലിയ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ടീമുകള്‍ തകര്‍ന്നടിയുന്നത് ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു തകര്‍ച്ച ആദ്യമായിട്ടായിരിക്കും. 427 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടീം ഓള്‍ ഔട്ടായത് വെറും രണ്ട് റണ്‍സിനായിരുന്നു. അതില്‍ ഒരു റണ്‍ വൈഡിലൂടെ ലഭിച്ചതും.
ഇംഗ്ലണ്ടിലെ മിഡില്‍സെക്സ് കൗണ്ടി ക്രിക്കറ്റ് ലീഗില്‍ റിച്ച്മൗണ്ട് ഫോര്‍ത്ത് ഇലവനും നോര്‍ത്ത് ലണ്ടൻ സിസിയും തമ്മിലുള്ള മത്സരത്തിലാണ് നാടകീയ ബാറ്റിംഗ് തകര്‍ച്ചക്ക് സാക്ഷ്യം വഹിച്ചത്. സാധാരണനിലയിലായിരുന്നു മത്സരം തുടങ്ങിയത്. ടോസ് നേടിയ റിച്ച്മൗണ്ട് എതിരാളികളെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത നോര്‍ത്ത് ലണ്ടന്‍ സിസി 45 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 426 റണ്‍സ് നേടി. നോര്‍ത്ത് ലണ്ടന്‍ സിസിക്കായി ഓപ്പണര്‍ ഡാന്‍ സിമണ്‍സ് 140 റണ്‍സ് നേടിയപ്പോള്‍ റിച്ച്മൗണ്ട് 92 എക്സ്ട്രാസ് വഴങ്ങി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.ഇതില്‍ 63 റണ്‍സും വൈഡായിരുന്നു.
മറുപടി ബാറ്റിംഗില്‍ റിച്ച്മൗണ്ടിനായി ക്രീസിലെത്തിയ ബാറ്റര്‍മാരില്‍ എട്ട് പേരും അക്കൗണ്ട് തുറക്കും മുമ്പ് ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തിയപ്പോള്‍ നാലാം നമ്പറില്‍ ഇറങ്ങിയ ഒരേയൊരു ബാറ്റര്‍ മാത്രം ഒരു റണ്‍ നേടി. ഒരു റണ്‍സ് വൈഡിലൂടെയും ലഭിച്ചു. 5.4 ഓവറില്‍ റിച്ച്മൗണ്ട് ടീം ഓള്‍ ഔട്ടായി. നോര്‍ത്ത് ലണ്ടന്‍ സിസിക്കായി മാറ്റ് റോസണ്‍ ഒരു റണ്‍സ് പോലും വഴങ്ങാതെ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ മറ്റൊരു ബൗളറായ സ്പോടണ്‍ മൂന്ന് വിക്കറ്റെടുത്തു. ഒരു താരം റണ്ണൗട്ടായി. ഒരു ക്യാച്ച് കൈവിടുകയും വൈഡ് എറിയാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ റിച്ച്മൗണ്ടിനെ പൂജ്യത്തിന് ഓള്‍ ഔട്ടാക്കാമായിരുന്നുവെന്ന് സ്വാപ്റ്റണ്‍ പറഞ്ഞു.
പ്രഫഷണല്‍ താരങ്ങളെ കളിപ്പിക്കാന്‍ കഴിയാതിരുന്നതോടെ അമേച്വര്‍ താരങ്ങളെവെച്ച് കളിച്ചതാണ് നാണംകെട്ട തോല്‍വിക്ക് കാരണമായതെന്ന് റിച്ച്മൗണ്ട് ക്ലബ്ബ് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്റ്റീവ് ഡീക്കിന്‍ പ്രതികരിച്ചു. അഞ്ച് ടീമുകളിലായി നാല്‍പതോളം കളിക്കാരെ കളിപ്പിക്കാനാവാത്ത സാഹചര്യത്തിലായിരുന്നു അമേച്വര്‍ താരങ്ങളെവെച്ച് പരീക്ഷണം നടത്തിയതെന്നും ഡീക്കിൻ ടെലഗ്രാഫിനോട് പറഞ്ഞു.


