Asianet News MalayalamAsianet News Malayalam

Rishabh Pant : പന്തിനും കോച്ചിനും നൂറ് ശതമാനം പിഴ; ശർദ്ദുലിന് 50 ശതമാനം; പിഴ വാരിക്കൂട്ടി ഡൽഹി

രാജസ്ഥാനെതിരായ മത്സരത്തിനിടെ അമ്പയറുടെ തീരുമാനം ചോദ്യം ചെയ്ത ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്തിന് മച്ച് ഫീയുടെ നൂറ് ശതമാനം പിഴ. 

100 per cent fine for Rishabh pant and coach praveen Amre 50 per cent for Shardul
Author
India, First Published Apr 23, 2022, 1:01 PM IST

മുംബൈ: രാജസ്ഥാനെതിരായ മത്സരത്തിനിടെ അമ്പയറുടെ തീരുമാനം ചോദ്യം ചെയ്ത ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്തിന് (Rishabh Pant) മച്ച് ഫീയുടെ നൂറ് ശതമാനം പിഴ. അസിസ്റ്റന്റ് കോച്ച് പ്രവീൺ ആംറേയ്ക്കും മാച്ച് ഫീയുടെ 100 ശതമാനമാണ് പിഴ ചുമത്തിയത്.  ആംറേയ്ക്കും ഒരു മത്സര  വിലക്കുമുണ്ട്. . ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ക്യാപിറ്റൽസിന്റെ പേസർ ശാർദുൽ താക്കൂറിന് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തിയിട്ടുണ്ട്.

ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.7 പ്രകാരമുള്ള ലെവൽ 2 കുറ്റം പന്ത് ഏറ്റുപറഞ്ഞിട്ടുണ്ട്. ശർദ്ദുൽ താക്കൂർ ആർട്ടിക്കിൾ 2.8 പ്രകാരം ലെവൽ 2 കുറ്റവും,  ആർട്ടിക്കിൾ 2.2 പ്രകാരം ലെവൽ 2 കുറ്റം ആംരെയും ഏറ്റുപറഞ്ഞ് ശിക്ഷ ഏറ്റുവാങ്ങാൻ സമ്മതം അറിയിച്ചതായാണ് റിപ്പോർട്ട്.

നാടകീയ സംഭവങ്ങള്‍ക്കൊടുവിലായിരുന്നു ഡല്‍ഹി കാപിറ്റല്‍സിനെതിരെ (Delhi Capitals) രാജസ്ഥാന്‍ റോയല്‍സിന്റെ (Rajasthan Royals) വിജയം. അംപയര്‍ നോബാള്‍ വിളിക്കാത്തതില്‍ ഡല്‍ഹി താരങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധമാണ് വിവാദത്തിലേക്ക് നയിച്ചത്. അവസാന ഓവറില്‍ ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടത് 36 റണ്‍സ്. രാജസ്ഥാന്‍ പേസര്‍ ഓബദ് മക്കോയുടെ ആദ്യ മൂന്ന് പന്തും റോവ്മാന്‍ പവല്‍ ഗാലറിയിലെത്തിച്ചു. 

എന്നാല്‍ മൂന്ന് പന്ത് നോബാളാണെന്ന വാദമുയര്‍ന്നു. ഫുള്‍ടോസാണെന്ന മറുവാദവുമുണ്ടായി. അംപയര്‍ നോബോള്‍ വിളിക്കാതിരുന്നതോടെ ഡല്‍ഹി നായകന്‍ റിഷഭ് പന്തിന്റെ (Rishabh Pant) നിയന്ത്രണം വിട്ടു. ബാറ്റര്‍മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ഡല്‍ഹി കോച്ചിംഗ് സ്റ്റാഫ് ഷെയ്ന്‍ വാട്‌സണ്‍ (Shane Watson) പന്തിനെ വിലക്കുന്നുണ്ടായിരുന്നു. പന്തിനെ എതിര്‍ത്ത് രാജസ്ഥാന്‍ താരം ജോസ് ബട്‌ലറുമെത്തി. 

അംപയര്‍ ഡല്‍ഹി താരങ്ങളെ ശാന്തരാക്കുന്നതിനിടെ ബാറ്റിംഗ് കോച്ച് പ്രവീണ്‍ ആംറെ ഗ്രൗണ്ടിലേക്ക്. തര്‍ക്കത്തിലൂടെ സമയം പോയപ്പോള്‍ പവലിന്റെ താളംനഷ്ടമായി. 15 റണ്‍സകലെ ഡല്‍ഹിയുടെ പോരാട്ടത്തിന് അവസാനം. മത്സരശേഷവും പന്ത് ക്ഷുഭിതനായി കാണപ്പെട്ടു. അംപയറുടെ തീരുമാനം ശരിയായിരുന്നുവെന്നാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണും (Sanju Samson) അഭിപ്രായപ്പെട്ടു. ആംറേ ഗ്രൗണ്ടിലേക്കിറങ്ങിയത് അംഗീകരിക്കാനാവില്ലെന്ന് മുന്‍താരം കെവിന്‍ പീറ്റേഴ്‌സണും വ്യക്തമാക്കി.  

തര്‍ക്കത്തിനിടെ ഡല്‍ഹി ബാറ്റിംഗ് കോച്ച് പ്രവീണ്‍ ആംറെ ഗ്രൗണ്ടില്‍ പ്രവേശിച്ചത് ക്രിക്കറ്റിലെ നിയമങ്ങള്‍ ലംഘിച്ചാണ്. ആദ്യമായല്ല ഐപിഎല്ലില്‍ ഇത്തരം നിയമ ലംഘനം നടക്കുന്നത്. 2019ല്‍ രാജസ്ഥാനെതിരായ മത്സരത്തിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണിയും അംപയര്‍ക്കെതിരെ പ്രതിഷേധവുമായി ഗ്രൗണ്ടില്‍ പ്രവേശിച്ചിരുന്നു.

ബെന്‍ സ്റ്റോക്‌സിന്റെ ഫുള്‍ടോസ് അംപയര്‍ ആദ്യം നോബോള്‍ വിളിച്ചു. പിന്നീട് ലഗ് അംപയറുമായി സംസാരിച്ച് തീരുമാനം മാറ്റി. ഇതോടെയാണ് ധോണി നിയന്ത്രണം വിട്ട് ഗ്രൗണ്ടിലേക്ക് വന്നത്. മോശം പെരുമാറ്റത്തിന് മാച്ച് ഫീസിന്റെ 50 ശതമാനം ധോണിക്ക് അന്ന് പിഴ ചുമത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios