ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മയ്ക്കായി സ്റ്റേഡിയത്തിന്‍റെ പ്രവേശന കവാടത്തിൽ ഒരു സ്മാരക ഫലകം സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, ആള്‍ക്കൂട്ട ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി സ്റ്റേഡിയത്തിലെ 11 സീറ്റുകൾ ഒഴിച്ചിടും.
ബെംഗളൂരു: ഐപിഎല്ലിൽ കഴിഞ്ഞ വർഷം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ(ആര്‍സിബി) കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ട 11 ആരാധകർക്ക് ആദരമൊരുക്കാൻ ആര്‍സിബിയും കർണാടക ക്രിക്കറ്റ് അസോസിയേഷനും. ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മയ്ക്കായി സ്റ്റേഡിയത്തിന്‍റെ പ്രവേശന കവാടത്തിൽ ഒരു സ്മാരക ഫലകം സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, ആള്‍ക്കൂട്ട ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി സ്റ്റേഡിയത്തിലെ 11 സീറ്റുകൾ ഒഴിച്ചിടും. ഐപിഎൽ മത്സരങ്ങൾക്ക് പുറമെ അന്താരാഷ്ട്ര മത്സരങ്ങളിലും ഈ 11 സീറ്റുകള്‍ സ്ഥിരമായി ഒഴിച്ചിട്ട് ആദരവ് പ്രകടിപ്പിക്കും. പ്രത്യേകമായി വേർതിരിച്ചായിരിക്കും സീറ്റുകള്‍ ഒഴിച്ചിടുക.
ആ ദുരന്തത്തെക്കുറിച്ച് ചിന്തിക്കുന്നത് പോലും വേദനാജനകമാണ്. അവരെ വേദനിപ്പിക്കാനല്ല, മറിച്ച് എന്നും ഓർമ്മിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റും മുന്‍ ഇന്ത്യൻ താരവുമായ വെങ്കിടേഷ് പ്രസാദ് പറഞ്ഞു. ഐപിഎല്ലിന്‍റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആർസിബി, സൺറൈസേഴ്‌സ് ഹൈദരാബാദിനെയാണ് നേരിടുന്നത്. മാർച്ച് 28-ന് നടക്കുന്ന ഈ മത്സരത്തിന് മുന്നോടിയായി ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി സ്റ്റേഡിയത്തിൽ ഒരു മിനിറ്റ് മൗനം ആചരിക്കും. മരിച്ചവരുടെ പേരുകൾ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും.
കഴിഞ്ഞ വർഷത്തെ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സ്റ്റേഡിയത്തിലെ സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കിയിട്ടുണ്ട്: കഴിഞ്ഞ തിങ്കളാഴ്ച സ്റ്റേഡിയത്തിൽ സുരക്ഷാ പരിശോധനയുടെ ഭാഗമായി മോക്ക് ഡ്രില്ലുകൾ നടത്തിയിരുന്നു. വ്യാഴാഴ്ച 500 വളന്‍റിയർമാരെ പങ്കെടുപ്പിച്ച് വിപുലമായ സുരക്ഷാ പശോധന നടത്തും.
കർണാടക സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിശദമായ പരിശോധന നടത്തി ഐപിഎൽ മത്സരങ്ങൾ നടത്താൻ നേരത്തെ അനുമതി നൽകിയിരുന്നു. ഈ സീസണിലെ ആർസിബിയുടെ 7 ഹോം മത്സരങ്ങളിൽ 5 എണ്ണം ചിന്നസ്വാമി സ്റ്റേഡിയത്തിലും 2 എണ്ണം റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിലുമാണ് നടക്കുന്നത്.
