ബംഗളൂരു: ബാറ്റ് ചെയ്തപ്പോള്‍ 56 പന്തില്‍ 134 റണ്‍സ്. പന്തെടുത്തപ്പോള്‍ നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി എട്ട് വിക്കറ്റ്. അത്ഭുതപ്പെടുത്തുന്ന പ്രകടനം നടന്നത് കര്‍ണാടക പ്രീമിയര്‍ ലീഗിലാണ്. താരം മറ്റാരുമല്ല, കൃഷ്ണപ്പ ഗൗതം. ബല്ലാരി ടസ്‌കേഴ്‌സിന്റെ താരമായ ഗൗതം ഷിമോഗ ലയണ്‍സിനെതിരെയാണ് തര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം മഴ കാരണം മത്സരം 17 ഓവറാക്കി ചുരുക്കിയിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബല്ലാരി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. ഷിമോഗ 16.3 ഓവറില്‍ 133ന് എല്ലാവരും പുറത്തായി. ഗൗതത്തിന്റെ ബാറ്റിങ്ങായിരുന്നു ബല്ലാരി ഇന്നിങ്‌സിലെ പ്രത്യേകത. 56 പന്ത് മാത്രം നേരിട്ട താരം 13 സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെയാണ് 134 റണ്‍സെടുത്തത്. അഭിഷേക് റെഡ്ഡി (34)യാണ് അടുത്ത മികച്ച സ്‌കോറര്‍.

ശേഷം പന്തെറിയാനെത്തിയ ഗൗതം അവിടെയും മായാജാല പ്രകടനം പുറത്തെടുത്തു. ഷിമോഗ എല്ലാവരും പുറത്തായപ്പോള്‍ അതില്‍ എട്ട് വിക്കറ്റുകളും സ്വന്തമാക്കിയത് ഗൗതമായിരുന്നു. എന്നാല്‍ ഇതില്‍ ഹാട്രിക് പ്രകടനമൊന്നും ഉണ്ടായിരുന്നില്ല. പ്രസിദ്ധ് കൃഷ്ണ, കാര്‍ത്തിക് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ഗൗതം.