കഴിഞ്ഞ ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായ പ്രസിദ്ധ് ആദ്യ രണ്ട് ഏകദിനങ്ങളിലും നിരാശപ്പെടുത്തിയിരുന്നു.
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള മൂന്നാം ഏകദിനത്തിനിറങ്ങുമ്പോള്‍ ഇന്ത്യൻ ടീമില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ആദ്യ മത്സരത്തില്‍ ഇന്ത്യയും രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും ജയിച്ചതിനാല്‍ മൂന്നാം മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാനാവും. ഈ സാഹചര്യത്തില്‍ ടീം കോംബിനേഷന്‍ ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ ബൗളിംഗ് നിര വിമര്‍ശനമേറ്റുവാങ്ങിയതിനാല്‍ നാളെ മൂന്നാം മത്സരത്തിനിറങ്ങുമ്പോള്‍ ടീമില്‍ അഴിച്ചുപണിയുണ്ടാകുമെന്നുറപ്പാണ്.
കഴിഞ്ഞ ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായ പ്രസിദ്ധ് ആദ്യ രണ്ട് ഏകദിനങ്ങളിലും നിരാശപ്പെടുത്തിയിരുന്നു. റായ്പൂരില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ പ്രസിദ്ധ് 8.2 ഓവറില്‍ 85 റണ്‍സാണ് വഴങ്ങിയത്. രണ്ട് വിക്കറ്റെടുത്തെങ്കിലും 10 റണ്‍സിലേറെയായിരുന്നു പ്രസിദ്ധിന്‍റെ ഇക്കോണമി. ആദ്യ ഏകദിനത്തിലും ആറിന് മേലെയായിരുന്നു പ്രസിദ്ധിന്‍റെ ഇക്കോണമി. നാളെ പ്രസിദ്ധിന് പകരം ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. മുഹമ്മദ് സിറാജിന്‍റെയും ജസ്പ്രീത് ബുമ്രയുടെയും അഭാവത്തില്‍ നിതീഷ് മാത്രമാണ് പേസ് ബൗളിംഗ് ഓപ്ഷനായി ടീമില്‍ അവശേഷിക്കുന്നത്. പ്രസിദ്ധിന് പുറമെ വാഷിംഗ്ടണ്‍ സുന്ദറിനും ടീമില്‍ സ്ഥാനം നഷ്ടമായേക്കുമെന്നാണ് കരുതുന്നത്. ആദ്യ ഏകദിനത്തല്‍ മൂന്നോവറും രണ്ടാം ഏകദിനത്തില്‍ നാലോവറും മാത്രമാണ് സുന്ദര്‍ എറിഞ്ഞത്. ബാറ്റിംഗിലും സുന്ദറിന് തിളങ്ങാനായിരുന്നില്ല.
സുന്ദറിന്‍റെ സ്ഥാനത്തേക്ക് റിഷഭ് പന്ത്, തിലക് വര്‍മ, ധ്രുവ് ജുറെല്‍ എന്നിവരിലൊരാള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം പിടിച്ചേക്കും. സുന്ദറിനെയും പ്രസിദ്ധിനെയും ഒരേസമയം ഒഴിവാക്കിയാല്‍ ഇന്ത്യക്ക് ആറാം ബൗളര്‍ ഉണ്ടാകില്ലെന്ന പ്രതിസന്ധിയുണ്ട്. ഓപ്പണറായി ആദ്യ രണ്ട് ഏകദിനങ്ങളിലും ശരാശരി പ്രകടനം മാത്രമെ പുറത്തെടുത്തുള്ളൂവെങ്കിലും യശസ്വി ജയ്സ്വാള്‍ ഓപ്പണറായി തുടരും. റുതുരാജ് ഗെയ്ക്‌വാദും മധ്യനിരയില്‍ തുടരും.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ്മ, വിരാട് കോലി, റുതുരാജ് ഗെയ്‌ക്‌വാദ്, തിലക് വർമ്മ, കെഎൽ രാഹുൽ (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്.


