ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റതോടെയാണ് ഉനദ്‌കട്ടിന് വീണ്ടും ഇന്ത്യൻ ടീമിലേക്ക് വിളിയെത്തിയത്. ഇപ്പോൾ മത്സരശേഷം ഉനദ്‌കട്ട് പങ്കുവെച്ച ചിത്രം ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്
ധാക്ക: ഇന്ത്യൻ ടെസ്റ്റ് ടീമിൽ മടങ്ങിയെത്താൻ ഇന്ത്യൻ പേസ് ബൗളർ ജയ്ദേവ് ഉനദ്‌കട്ടിന് 12 വർഷങ്ങളാണ് കാത്തിരിക്കേണ്ടി വന്നത്. 2010ലെ അരങ്ങേറ്റ ടെസ്റ്റിന് ശേഷം ഇപ്പോഴാണ് ഉനദ്‌കട്ടിന് മറ്റൊരു മത്സരം കളിക്കാനായത്. ഇക്കാലയളവിൽ ഇന്ത്യ 118 ടെസ്റ്റുകൾ കളിച്ചിരുന്നു. ഇതോടെ 87 ടെസ്റ്റുകൾക്ക് ശേഷം മടങ്ങിവന്നെന്ന ദിനേഷ് കാര്‍ത്തികിന്‍റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് ഉനദ്‌കട്ടിന്‍റെ പേരിലായി. 142 ടെസ്റ്റ് മത്സരങ്ങൾ നഷ്‌ടമായെന്ന റെക്കോര്‍ഡ് ഇംഗ്ലീഷ് താരം ഗാരേത് ബാറ്റിയുടെ പേരിലുണ്ട്.
അതിന് തൊട്ടുപിന്നിലാണ് ഇപ്പോൾ ഉനദ്‌കട്ടിന്‍റെ സ്ഥാനം. ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റതോടെയാണ് ഉനദ്‌കട്ടിന് വീണ്ടും ഇന്ത്യൻ ടീമിലേക്ക് വിളിയെത്തിയത്. ഇപ്പോൾ മത്സരശേഷം ഉനദ്‌കട്ട് പങ്കുവെച്ച ചിത്രം ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. തന്റെ അരങ്ങേറ്റ ടെസ്റ്റിന്റെയും ഏറ്റവുമൊടുവിൽ കളിച്ച മത്സരത്തിന്റെയും ജേഴ്സികളാണ് താരം പങ്കുവെച്ചത്.
അതാത് മത്സരങ്ങളിലുള്ള ഇന്ത്യൻ ടീം അംഗങ്ങളുടെ ഒപ്പും ജേഴ്സികളിലുണ്ട്. അന്ന് സച്ചിൻ ടെൻഡുൽക്കർ, എം എസ് ധോണി, സെവാഗ്, രാഹുൽ ദ്രാവിഡ്, വി വി എസ് ലക്ഷ്മൺ തുടങ്ങിയ താരങ്ങളാണ് ജേഴ്സിയിൽ ഒപ്പിട്ടിരിക്കുന്നത്. ഗാരി കിർസ്റ്റൻ ആയിരുന്നു ടീം പരിശീലകൻ. അന്ന് ഇന്ത്യയുടെ വൻമതിലായിരുന്ന ദ്രാവിഡ് ഇത്തവണ പരിശീലകൻ എന്ന നിലയിലാണ് ഒപ്പിട്ടിരിക്കുന്നത്. എന്തായാലും താരത്തിന്റെ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. താരത്തിന് രണ്ട് ഇന്നിംഗ്സുകളിലായി മൂന്ന് വിക്കറ്റാണ് മത്സരത്തിൽ ലഭിച്ചത്.
അതേസമയം, ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഓസ്ട്രേലിയക്കെതിരെ നാട്ടില്‍ കളിക്കുന്ന നാല് ടെസ്റ്റുകളുടെ പരമ്പരയാണ് ഇനി ലോക ചാമ്പ്യന്‍ഷിപ്പില്‍ ടീം ഇന്ത്യക്ക് മുന്നിലുള്ളത്. ഫെബ്രുവരി 9-ാം തിയതി നാഗ്‌പൂരില്‍ ആദ്യ ടെസ്റ്റ് ആരംഭിക്കും. ഫെബ്രുവരി 17-21 തിയതികളില്‍ ദില്ലിയില്‍ രണ്ടാം ടെസ്റ്റും മാര്‍ച്ച് 1-5 തിയതികളില്‍ ധരംശാലയില്‍ മൂന്നാം ടെസ്റ്റും മാര്‍ച്ച് 9 മുതല്‍ 13 വരെ അഹമ്മദാബാദില്‍ നാലാം ടെസ്റ്റും നടക്കും. ഓസ്ട്രേലിയക്കെതിരായ പരമ്പര 3-1ന് സ്വന്തമാക്കിയാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിന് യോഗ്യത നേടാനാവും. ബംഗ്ലാദേശിനെതിരായ പരമ്പര 2-0ന് തൂത്തുവാരിയില്ലായിരുന്നു എങ്കില്‍ ഇന്ത്യക്ക് കരുത്തരായ ഓസ്ട്രേലിയക്കെതിരെ 4-0ന്‍റെ വിജയം അനിവാര്യമായി വരുമായിരുന്നു.
