കൊളംബോ: കൊളംബൊ: 2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ- ശ്രീലങ്ക മത്സരം ഒത്തുകളിയാണെന്ന മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി  മഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണത്തില്‍ അന്വേഷണം ആരംഭിച്ച ശ്രീലങ്കന്‍ പോലീസ് കുമാര്‍ സംഗക്കാരയെയും മഹേല ജയവര്‍ധനയെയും ചോദ്യം ചെയ്തതില്‍ പ്രതിഷേധവുമായി ആരാധകര്‍. ലോകകപ്പില്‍ ലങ്കന്‍ നായകനായിരുന്ന സംഗക്കാരയെയും ജയവര്‍ധനയെയും മൊഴിയെടുക്കാനായി ഇന്ന്  ലങ്കന്‍ പോലീസ് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമാഗി ജന ബലവേഗയ പാര്‍ട്ടി(എസ്ജെബി) യുടെ യുവജന വിഭാഗം കായികമന്ത്രാലയത്തിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്.

ഒത്തുകളി ആരോപണത്തില്‍ സംഗക്കാരയെയും ജയവര്‍ധനയെയും തുടര്‍ച്ചയായി വേട്ടയാടുന്നതിനെതിരെ ആയിരുന്നു യുവജന വിഭാഗത്തിന്റെ പ്രതിഷേധം. എസ് ജെ ബി പാര്‍ട്ടിയുടെ പ്രധാനമന്ത്രിയ സ്ഥാനാര്‍ഥിയായ സജിത് പ്രേമദാസയും സംഗക്കാരക്കും ജയവര്‍ധനക്കും പിന്തുണയുമായി രംഗത്തെത്തി. സംഗക്കാരയെയും ജയവര്‍ധനയെയും തുടര്‍ച്ചയായി വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ നടപടി ദൗര്‍ഭാഗ്യകരമാണെന്നും പ്രേമദാസ ട്വിറ്ററില്‍ വ്യക്തമാക്കി.

മുന്‍ കായികമന്ത്രിയുടെ ആരോപണത്തില്‍ അന്വേഷണം തുടങ്ങിയ ലങ്കന്‍ പോലീസ് ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കന്‍ ഓപ്പണറായിരുന്ന ഉപുല്‍ തരംഗയെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഫൈനലില്‍ 20 പന്ത് നേരിട്ട തരംഗ രണ്ട് റണ്‍സെടുത്ത് പുറത്തായിരുന്നു. മുന്‍ മന്ത്രിയുടെ ആരോപണത്തില്‍ ലോകകപ്പ് സമയത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായിരുന്ന അരവിന്ദ ഡിസില്‍വയെയും അന്വേഷണ സംഘം ആറ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമേജ് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടന്ന 2011ലെ ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന് ആരോപിച്ചത്. ശ്രീലങ്ക ലോകകപ്പ് ഇന്ത്യക്ക് വില്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ആരോപണത്തില്‍ മിദനാന്ദയുടെ മൊഴി അന്വേഷണസംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തോട് ആരോപണങ്ങള്‍ തന്റെ സംശയം മാത്രമാണെന്നും അത് തെളിയിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും പറഞ്ഞ് മന്ത്രി നിലപാട് മയപ്പെടുത്തുകയും ചെയ്തു.

ലങ്കന്‍ കായികമന്ത്രി ഡള്ളാസ് അലാഹ്‌പെരുമ ആണ് മുന്‍ കായിക മന്ത്രിയുടെ ആരോപണത്തിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടത്. ഓരോ രണ്ടാഴ്ചയും അന്വേഷണ പുരോഗതി അറിയിക്കണമെന്നും മന്ത്രി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.ഫൈനലില്‍ കമന്റേറ്ററായിരുന്നു ശ്രീലങ്കന്‍ മുന്‍ നായകന്‍ അര്‍ജുന രണതുംഗയും മത്സരം ഒത്തുകളിയാണെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും മുമ്പ് പറഞ്ഞിരുന്നു. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ശ്രീലങ്കയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് നേടിയത്. എന്നാല്‍ 49-ാംം ഓവറില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു.