ലോകകപ്പിന്‍റെ കരട് മത്സരക്രമം അനുസരിച്ച് അഫ്ഗാനിസ്ഥാന്‍-പാക്കിസ്ഥാന്‍ മത്സരം ചെന്നൈയിലും പാക്കിസ്ഥാന്‍-ഓസ്ട്രേലിയ മത്സരം ബെംഗലൂരുവിലുമാണ് നടക്കേണ്ടത്.
കറാച്ചി: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കാന്‍ പുതിയ ഉപാധിവെച്ച് പാക്കിസ്ഥാന്‍. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന്‍റെ വേദി ചെന്നൈയില്‍ നിന്ന് മാറ്റണമെന്ന പാക്കിസ്ഥാന്‍ നിര്‍ദേശം ബിസിസിഐ തള്ളിയതിന് പിന്നാലെ ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ എതിരാളികളായി അഫ്ഗാനിസ്ഥാന്‍ വേണ്ടെന്നാണ് പാക്കിസ്ഥാന്‍റെ നിലപാട്.
ഏഷ്യന്‍ രാജ്യമല്ലാതെ മറ്റേതെങ്കിലും രാജ്യത്തെ സന്നാഹ മത്സരത്തില്‍ എതിരാളികളായി നല്‍കണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് ആവശ്യപ്പെട്ടതായി പാക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാനും ഓസ്ട്രേലിയക്കുമെതിരായ മത്സരങ്ങളുടെ വേദി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഐസിസിക്ക് നല്‍കിയ കത്തിലാണ് സന്നാഹ മത്സരത്തില്‍ എതിരാളികളായി അഫ്ഗാന്‍ വേണ്ടെന്ന നിലപാടും പാക്കിസ്ഥാന്‍ വ്യക്തമാക്കിയിരിക്കുന്നത്.
ലോകകപ്പിന്‍റെ കരട് മത്സരക്രമം അനുസരിച്ച് അഫ്ഗാനിസ്ഥാന്‍-പാക്കിസ്ഥാന്‍ മത്സരം ചെന്നൈയിലും പാക്കിസ്ഥാന്‍-ഓസ്ട്രേലിയ മത്സരം ബെംഗലൂരുവിലുമാണ് നടക്കേണ്ടത്. എന്നാല്‍ ചെന്നൈയിലെ സ്പിന്‍ പിച്ചില്‍ അഫ്ഗാന്‍ സ്പിന്നര്‍മാരായ റാഷിദ് ഖാനെയും നൂര്‍ മുഹമ്മദിനെയും നേരിടുന്നത് വെല്ലുവിളിയാകുമെന്ന് കണ്ടാണ് വേദികള്‍ പരസ്പരം മാറ്റണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പാക്കിസ്ഥാന്‍റെ ആവശ്യം ബിസിസിഐ തള്ളിയതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇന്ത്യന്‍ ടീം ചീഫ് സെലക്ടറാവാന്‍ സെവാഗ് യോഗ്യന്‍, പക്ഷെ വരാനിടിയില്ല; കാരണം വ്യക്തമാക്കി ബിസിസിഐ
സുരക്ഷാപരമായ കാരണങ്ങളാലോ മതിയായ കാരണങ്ങളില്ലാതെയോ വേദികള്‍ മാറ്റാനാവില്ലെന്നാണ് ബിസിസിഐ നിലപാട്. ഇന്ത്യ-പാക് മത്സരവേദി അഹഹ്ഹമാദാബില്‍ നിന്ന് മാറ്റണമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് ഇതില്‍ നിന്ന് പിന്നാക്കം പോയിരുന്നു. കരട് മത്സക്രമം അനുസരിച്ച് ഒക്ടോബര്‍ 15നാണ് ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. ഈ മാസം 27ന് മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ ഐസിസി ലോകപ്പിന്‍റെ ഔദ്യോഗിക മത്സരക്രമം പുറത്തിറക്കുമെന്നാണ് കരുതുന്നത്.
