മുംബൈയ്ക്ക് എതിരായ എലിമിനേറ്റര്‍ മത്സരത്തിൽ സായ് സുദര്‍ശൻ 49 പന്തിൽ നിന്ന് 80 റൺസ് നേടിയിരുന്നു. 

ഐപിഎല്ലിൽ പുതുചരിത്രം കുറിച്ച് സായ് സുദര്‍ശൻ; മറികടന്നത് ഗില്ലിന്റെ റെക്കോര്‍ഡ്

മൊഹാലി: ഐപിഎല്ലിൽ പുതുചരിത്രം കുറിച്ച് ഗുജറാത്ത് ടൈറ്റൻസ് താരം സായ് സുദര്‍ശൻ. 23കാരനായ താരം ഐപിഎല്ലിലെ ഒരു സീസണിൽ 700 റൺസ് നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയിരിക്കുന്നത്. സഹതാരം ശുഭ്മാൻ ഗില്ലിന്റെ 2023ലെ റെക്കോര്‍ഡാണ് സായ് സുദര്‍ശൻ തകര്‍ത്തത്. 

മുംബൈയ്ക്ക് എതിരായ മത്സരത്തിലൂടെ സീസണിൽ 700 റൺസ് പിന്നിടുമ്പോൾ 23 വയസും 227 ദിവസവുമായിരുന്നു സായ് സുദര്‍ശന്റെ പ്രായം. ഗില്ലിനേക്കാൾ 30 ദിവസം കുറവ്! 23 വയസും 257 ദിവസം പ്രായമുള്ളപ്പോഴായിരുന്നു ഗിൽ ഈ നേട്ടം സ്വന്തമാക്കിയത്. ഇതിന് പുറമെ, ഒരു സീസണിൽ 750 റൺസോ അതിലധികമോ നേടിയ താരങ്ങളുടെ പട്ടികയിൽ സായ് സുദര്‍ശൻ അഞ്ചാം സ്ഥാനത്തെത്തി. വിരാട് കോലി (973), ശുഭ്മാൻ ഗിൽ (890), ജോസ് ബട്ലര്‍ (863), ഡേവിഡ് വാര്‍ണര്‍ (848) എന്നിവരാണ് സായ് സുദര്‍ശന് മുമ്പ് ഈ നേട്ടം കൈവരിച്ച ബാറ്റര്‍മാര്‍. ഒരു സീസണിൽ 700 റൺസ് നേടുന്ന 9-ാമത്തെ താരമായും സായ് സുദര്‍ശൻ മാറി.

ഈ സീസണിൽ മിന്നുന്ന ഫോമിലായിരുന്ന സായ് 15 മത്സരങ്ങളിൽ നിന്ന് 54.21 ശരാശരിയിൽ 759 റൺസുമായാണ് മടങ്ങിയത്. നിലവിൽ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തിൽ സായ് സുദര്‍ശനാണ് ഒന്നാം സ്ഥാനത്ത്. അഞ്ച് അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസിനെതിരെ പുറത്താകാതെ നേടിയ 108 റൺസാണ് സായിയുടെ ഉയര്‍ന്ന സ്കോര്‍. ഈ സീസണിൽ ഇതുവരെ 700 റൺസ് പിന്നിട്ട ഏക ബാറ്ററും സായ് സുദര്‍ശനാണ്. സൂര്യകുമാര്‍ യാദവ് (673), ശുഭ്മാൻ ഗിൽ (650), മിച്ചൽ മാര്‍ഷ് (627), വിരാട് കോലി (614) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ബാറ്റര്‍മാര്‍.

നിര്‍ണായകമായ എലിമിനേറ്റര്‍ മത്സരത്തിൽ തകര്‍പ്പൻ പ്രകടനമാണ് താരം പുറത്തെടുത്തത്. 229 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം മുന്നിൽ കണ്ട് ഇറങ്ങിയ ഗുജറാത്തിന് ആദ്യ ഓവറിൽ തന്നെ ശുഭ്മാൻ ഗില്ലിനെ (1) നഷ്ടമായിരുന്നു. ജോസ് ബട്ലര്‍ നാട്ടിലേയ്ക്ക് മടങ്ങിയതിനാൽ ഉത്തരവാദിത്തം മുഴുവൻ സായ് സുദര്‍ശനിലായി. 49 പന്തിൽ 80 റൺസ് നേടിയ സായ് സുദര്‍ശൻറെ പോരാട്ടം പലപ്പോഴും ഗുജറാത്തിന് വിജയപ്രതീക്ഷ നൽകിയിരുന്നു. സായ് സുദര്‍ശൻ പുറത്തായതോടെയാണ് മുംബൈ മത്സരത്തിലേയ്ക്ക് ശക്തമായി തിരിച്ചുവന്നത്.